മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ 3 തോല്‍വികള്‍ക്ക് ശേഷം 2 തുടര്‍ ജയങ്ങളുമായി മുംബൈ പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മുന്നോട്ട് വെച്ച 197 റണ്‍സ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി ജയിക്കാന്‍ മുംബൈക്ക് സാധിച്ചു.
മുംബൈയുടെ വിജയത്തില്‍ ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനവും രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ടും സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഫിഫ്റ്റിയുമെല്ലാം ഒരുപോലെ കൈയടി അര്‍ഹിക്കുന്നു. ഇതില്‍ സൂര്യകുമാര്‍ നടത്തിയ പ്രകടനം എടുത്തു പറയേണ്ടതാണ്.
ഇംപാക്ട് പ്ലയറായി മൂന്നാം നമ്പറിലെത്തിയ സൂര്യ 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. 19 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ മടങ്ങിയത്. 273ന് മുകളിലായിരുന്നു സ്‌ട്രൈക്ക് റേറ്റ്.
പരിക്ക് മൂലം ആദ്യ മൂന്ന് മത്സരവും നഷ്ടമായ സൂര്യ തിരിച്ചുവന്ന രണ്ടാം മത്സരത്തില്‍ത്തന്നെ മാച്ച് വിന്നറായി മാറിയിരിക്കുന്നു. ഇപ്പോഴിതാ സൂര്യകുമാര്‍ ഡിവില്ലിയേഴ്‌സിനെക്കാള്‍ ഒരുപടി മുകളിലാണെന്ന് പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.
'സൂര്യകുമാര്‍ യാദവ് വ്യത്യസ്തനായ താരമാണ്. സൂര്യ ഫോമിലേക്കെത്തിയാല്‍ ഒരു ബൗളര്‍ക്കും അതില്‍ നിന്ന് രക്ഷപെടാനാവില്ല. എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനം എല്ലാവരും കണ്ടിട്ടുള്ളതാണ്. അവിശ്വസനീയ മികവുള്ള താരമാണ് ഡിവില്ലിയേഴ്‌സ്. എന്നാല്‍ സൂര്യകുമാറിന്റെ പ്രകടനം കാണുമ്പോള്‍ ഡിവില്ലിയേഴ്‌സിനെക്കാള്‍ മികച്ച താരമാണ് സൂര്യയെന്നാണ് തോന്നുന്നത്. നിലവിലെ മുംബൈ ടീമിലെ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ മത്സരം സൂര്യകുമാര്‍ ജയിപ്പിച്ചിട്ടുണ്ട്.

ഞാന്‍ ഏതെങ്കിലുമൊരു ടീമിന്റെ ചുമതലയുള്ള ആളായിരുന്നെങ്കില്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക സൂര്യകുമാറിനെയാവും. എന്നാല്‍ മുംബൈ ഒരിക്കലും സൂര്യയെ ഒഴിവാക്കില്ല' ഹര്‍ഭജന്‍ പറഞ്ഞു. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. ഇത്രയും വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കുന്ന താരം കുറവാണെന്ന് പറയാം. ഭയമില്ലാതെ ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമിക്കാന്‍ സൂര്യക്ക് സാധിക്കുന്നു.
ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി സര്‍വാധിപത്യം സ്ഥാപിക്കാന്‍ സൂര്യക്ക് സാധിക്കും. ഇത്തരമൊരു കഴിവ് അപൂര്‍വ്വം ബാറ്റ്‌സ്മാന്‍മാര്‍ക്കാണുള്ളത്. 'സൂര്യകുമാര്‍ യാദവിനെപ്പോലെ ബൗളര്‍മാര്‍ക്ക് മുകളില്‍ സര്‍വാധിപത്യം സ്ഥാപിക്കുന്ന ബാറ്റ്‌സ്മാനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. എവിടെയാണ് അവനെതിരേ പന്തെറിയുക. ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കാത്തത് നന്നായെന്നാണ് തോന്നുന്നത്. എവിടെ പന്തെറിഞ്ഞാലും അതിനുള്ള ഉത്തരം സൂര്യയുടെ കൈവശമുണ്ട്.
സ്വീപ്, പുള്‍, അപ്പര്‍ കട്ട് തുടങ്ങി എല്ലാ ഷോട്ടുകളും അവന്റെ കൈയില്‍ ഭദ്രമാണ്' ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. സൂര്യ തിരിച്ചെത്തിയതോടെയാണ് മുംബൈ ടീമിന്റെ അവസ്ഥ മാറിയത്. സൂര്യ കളിക്കുമ്പോള്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാവും. ഇത് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഗുണം ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. ആര്‍സിബിക്കെതിരേ ഗംഭീര തുടക്കം മുംബൈക്ക് ലഭിച്ചതോടെ കടന്നാക്രമിക്കാന്‍ സൂര്യക്ക് ആത്മവിശ്വാസം ലഭിച്ചു.
ഇഷാന്‍ കിഷന്റെ പ്രകടനവും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. 34 പന്തില്‍ 7 ഫോറും 5 സിക്‌സുമാണ് ഇഷാന്‍ നേടിയത്. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച ഇഷാന്റെ പ്രകടനമാണ് പവര്‍പ്ലേയില്‍ത്തന്നെ മുംബൈയ്ക്ക് ആധിപത്യം നല്‍കിയത്. പതിയെ തുടങ്ങിയ ഇഷാന്‍ കത്തിക്കയറിയതോടെ രോഹിത് ശര്‍മ ആംഗര്‍ റോളിലേക്ക് മാറി. 8.5 ഓവറില്‍ 101 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇഷാനും രോഹിത്തിനുമായി. പിന്നാലെയെത്തിയവര്‍ ഇത് നന്നായി മുതലാക്കുകയും ചെയ്തു.