ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സിഎസ്‌കെയെ തകര്‍ത്ത് ആര്‍സിബി പ്ലേ ഓഫിലേക്കെത്തുമ്പോള്‍ എല്ലാ കൈയടികളും ഏറ്റുവാങ്ങുന്നത് യഷ് ദയാലാണ്. പ്ലേ ഓഫിലേക്കെത്താന്‍ 18 റണ്‍സിന്റെ ജയം ആര്‍സിബിക്ക് ആവശ്യമായ മത്സരത്തില്‍ അവസാന ഓവറില്‍ പന്തെറിഞ്ഞ് ടീമിന് വിജയം നേടിക്കൊടുത്തിരിക്കുകയാണ് ദയാല്‍. എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നീ രണ്ട് വമ്പന്മാര്‍ ക്രീസില്‍ നില്‍ക്കുമ്പോഴാണ് ദയാലിന്റെ ഹീറോയിസം.
അവസാന ഓവറില്‍ പന്ത് ലഭിക്കുമ്പോള്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താന്‍ 16 റണ്‍സിനുള്ളില്‍ സിഎസ്‌കെയെ ഒതുക്കണമായിരുന്നു. സ്‌ട്രൈക്കില്‍ എംഎസ് ധോണിയും. ദയാലിന്റെ ആദ്യ പന്ത് 110 മീറ്റര്‍ സിക്‌സര്‍ പറത്തി ധോണി വലിയൊരു സന്ദേശം നല്‍കി. എന്നാല്‍ ഇതിലും വലിയ സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോയി തിരിച്ചെത്തിയ ആത്മവിശ്വാസം ദയാലിനുണ്ടായിരുന്നു. രണ്ടാം പന്തില്‍ സ്ലോ ബോള്‍ കെണിയില്‍ ദയാല്‍ ധോണിയെ വീഴ്ത്തി.
സിഎസ്‌കെയില്‍ നിന്ന് ആര്‍സിബി മത്സരവും പ്ലേ ഓഫും പിടിച്ചുവാങ്ങിയ നിമിഷമായിരുന്നു ഇത്. മൂന്നാം പന്തില്‍ ശാര്‍ദ്ദുല്‍ ടാക്കൂര്‍ ക്രീസില്‍ നില്‍ക്കവെ ദയാല്‍ ഡോട്ട് ബോളാക്കി. നാലാം പന്തില്‍ ശാര്‍ദ്ദുല്‍ രവീന്ദ്ര ജഡേജക്ക് സ്‌ട്രൈക്ക് കൈമാറി. എന്നാല്‍ അവസാന രണ്ട് പന്തിലും ജഡേജയെ കാഴ്ച്ചക്കാരനാക്കി ദയാല്‍ ഡോട്ട്‌ബോളുകളെറിഞ്ഞപ്പോള്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വന്നു. ഇതോടെ ആര്‍സിബിയുടെ ഹീറോയായി ദയാല്‍ വാഴ്ത്തപ്പെടുകയും ചെയ്തു.
ദയാലിനായി കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ പ്രകടനം. ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കവെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ വഴങ്ങി നാണംകെട്ട താരമാണ് ദയാല്‍. മാനസിക സമ്മര്‍ദ്ദം മൂലം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്നതാരം ഇപ്പോഴിതാ എല്ലാ ചീത്തപ്പേരുകളുടേയും പാപം കഴുകിക്കളയുന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. അന്ന് വിമര്‍ശിച്ചവരെല്ലാം ഇന്ന് ദയാലിനായി കൈയടിക്കുന്നു.

ധോണിയെപ്പോലൊരു സൂപ്പര്‍ താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ വലിയ സമ്മര്‍ദ്ദം ബൗളര്‍ക്ക് നേരിടേണ്ടി വരുമെന്നുറപ്പാണ്. ആദ്യ പന്ത് വമ്പന്‍ സിക്‌സറും വഴങ്ങിയതോടെ ആര്‍സിബി താരങ്ങളും ആരാധകരും പ്ലേ ഓഫ് സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍ ഗുജറാത്തിനൊപ്പം നേരിട്ട നാണക്കേടില്‍ നിന്ന് മനപ്പാഠമാക്കിയ കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍സിബിക്കൊപ്പം ദയാലിനെ സഹായിച്ചു. ഇതോടെ ആര്‍സിബിക്ക് സ്വപ്‌ന പ്ലേ ഓഫില്‍ ഇടം നേടിക്കൊടുക്കാനും ദയാലിനായി.
അവസാന ഓവറില്‍ ദയാലിനെ വിശ്വസിച്ച നായകന്‍ ഫഫ് ഡുപ്ലെസിസും അഭിനന്ദനം അര്‍ഹിക്കുന്നു. മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പന്നരായ താരങ്ങളുണ്ടായിട്ടും ഡുപ്ലെസിസ് ദയാലില്‍ വിശ്വസിച്ചു. ഈ തീരുമാനം തെറ്റായില്ലെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ ദയാലിനായി. ഗുജറാത്തിനൊപ്പം നാണംകെട്ട ബൗളിങ് കാഴ്ചവെച്ചതോടെ ദയാലിന്റെ മകനടക്കം വിഷാദത്തിലേക്ക് പോയിരുന്നു.
ആ നാണക്കേട് കാരണം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും മടിച്ചിരുന്നുവെന്ന് ദയാല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് വില്ലന്‍ പരിവേഷം ചാര്‍ത്തിയവര്‍ക്ക് മുന്നില്‍ ഇന്ന് തലയെടുപ്പോടെ നില്‍ക്കാന്‍ ദയാലിന് സാധിക്കും. താരത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവാകുന്ന ബൗളിങ് പ്രകടനമാണ് ആര്‍സിബിക്കായി കാഴ്ചവെച്ചിരിക്കുന്നതെന്ന് പറയാം. ഇന്ത്യക്കായി കളിക്കണമെന്ന ദയാലിന്റെ മോഹവും ഒരിക്കല്‍ പൂവണിയുമെന്ന് പ്രതീക്ഷിക്കാം.
നിര്‍ണ്ണായക മത്സരത്തില്‍ പ്ലേ ഓഫ് സീറ്റ് നേടാന്‍ 18 റണ്‍സിന്റെ ജയം ആര്‍സിബിക്ക് വേണമായിരുന്നു. 27 റണ്‍സിന്റെ ജയത്തോടെയാണ് ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 7 വിക്കറ്റിന് 191 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.