For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കണ്ട് മതിയാകുന്നില്ല, ധോണിയെ ടോപ് ഓഡറില്‍ ഇറക്കാമോ? ബ്രെറ്റ് ലീ ചോദിക്കുന്നു

വിശാഖപട്ടണം: എംഎസ് ധോണി ക്രിക്കറ്റ് ലോകത്തിനാകെ വികാരമാണ്. കാലമെത്ര കഴിഞ്ഞാലും ധോണിയുടെ താരപ്പെരുമ തലയെടുപ്പോടെ ക്രിക്കറ്റില്‍ തുടരും. ഇതിന്റെ തെളിവാണ് ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കണ്ടത്. 307 ദിവസങ്ങള്‍ക്ക് ശേഷം ക്രീസിലേക്ക് ബാറ്റുമായി എത്തിയ ധോണി 16 പന്തില്‍ പുറത്താവാതെ 37 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറിലെ വെടിക്കെട്ടുള്‍പ്പെടെ 4 ഫോറും 3 സിക്‌സുമാണ് ധോണി അടിച്ചെടുത്തത്.

സിഎസ്‌കെ ഡല്‍ഹിയോട് 20 റണ്‍സിന് തോറ്റെങ്കിലും ധോണിയുടെ വെടിക്കെട്ട് കണ്ടതോടെ ആരാധകര്‍ തോല്‍വിയുടെ നിരാശ മറന്നു. ധോണി ടോപ് ഓഡറില്‍ ബാറ്റുചെയ്യണമെന്നാണ് കൂടുതല്‍ പേരും മത്സരശേഷം പറഞ്ഞത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെടും. ഇപ്പോഴിതാ ധോണിയെ ടോപ് ഓഡറില്‍ ഇറക്കാന്‍ ആവശ്യപ്പെട്ട് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീ രംഗത്തെത്തിയത് വൈറലായിരിക്കുകയാണ്. ധോണിയുടെ ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് ബ്രെറ്റ് ലീ.

'ഈ രാത്രി ധോണിയാണ് തെളിഞ്ഞുനില്‍ക്കുന്നത്. അവന്‍ തുരുമ്പിച്ചിട്ടില്ല. ബാറ്റിങ്ങില്‍ ഇനിയും അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. ധോണിക്ക് എന്തുകൊണ്ട് ടോപ് ഓഡറില്‍ ഇറങ്ങിക്കൂടാ. ഗംഭീര താരമാണവന്‍. ഇപ്പോഴും ശക്തമായതും കൂര്‍ത്തതുമായ ബുദ്ധിയാണവനുള്ളത്. സിഎസ്‌കെ ധോണിയെ ടോപ് ഓഡറില്‍ ഇറക്കണം' ബ്രെറ്റ് ലീ പറഞ്ഞു. ധോണിക്കും ടോപ് ഓഡറില്‍ ബാറ്റു ചെയ്യാന്‍ ആഗ്രഹമുണ്ടാവും. എന്നാല്‍ അതില്‍ നിന്ന് അദ്ദേഹത്തെ തടുക്കുന്നത് കാലിന്റെ പരിക്കാണ്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി തുടരുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ടോപ് ഓഡറില്‍ ബാറ്റുചെയ്ത് കൂടുതല്‍ സമയം കളിക്കുകയെന്നത് ധോണിയെ സംബന്ധിച്ച് പ്രയാസമാണ്. കാലിനേറ്റ പരിക്ക് വകവെക്കാതെയാണ് ധോണി കളിക്കുന്നത്. പല തവണ കാലിനെ സ്‌ട്രെച്ച് ചെയ്ത് ധോണി മുന്നോട്ട് പോകുന്നത് കണ്ടിരുന്നു. മത്സരശേഷവും ധോണി കാലിന്റെ വേദന കുറക്കാന്‍ ബാന്റേജ് അണിഞ്ഞാണ് നടന്നത്. സിഎസ്‌കെയെ സംബന്ധിച്ച് ധോണിയുടെ ബാറ്റിങ്ങല്ല പ്രധാനം.

ms dhoni

ധോണിയുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്. നായകസ്ഥാനം റുതുരാജിന് നല്‍കിയെങ്കിലും വിക്കറ്റിന് പിന്നില്‍ ഇപ്പോഴും സൂക്ഷ്മതയോടെ തന്ത്രം മെനഞ്ഞ് ധോണിയുണ്ട്. ഇതാണ് ടീമിന്റെ വിജയതന്ത്രമെന്ന് പറയാം. ധോണിയുടെ അവസാന സീസണായി ഇത് മാറുമെന്നതിനാല്‍ ധോണി ടോപ് ഓഡറിലേക്കെത്താന്‍ സാധ്യത കുറവാണ്. ഡല്‍ഹിക്കെതിരേ ധോണി തിളങ്ങിയെങ്കിലും 4 റണ്‍സില്‍ അദ്ദേഹം പുറത്താകേണ്ടതായിരുന്നു.

ഖലീല്‍ അഹമ്മദ് ക്യാച്ച് കൈവിട്ടതാണ് ധോണിക്ക് അനുഗ്രഹമായി മാറിയത്. ധോണിയുടെ ഡല്‍ഹിക്കെതിരായ പ്രകടനം മുന്‍ ഓസീസ് ഓള്‍റൗണ്ടറും സിഎസ്‌കെ താരവുമായിരുന്ന ഷെയ്ന്‍ വാട്‌സണും വിലയിരുത്തി. 'ധോണിയില്‍ നിന്ന് ഇപ്പോഴും എല്ലാവരും പ്രതീക്ഷിക്കുന്നത് ഈ പ്രകടനമാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ അവന്റ ശക്തിയും കഴിവുകളും ഉണരും. ധോണി ക്രീസിലുള്ളപ്പോള്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബൗളര്‍മാര്‍ ഭയക്കും.

ധോണിയുടെ കളി ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ കരിയറില്‍ പല തവണ കണ്ടിട്ടുള്ളതാണ്. ഡല്‍ഹിക്കെതിരേ ധോണി കളിച്ച ചില ഷോട്ടുകള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഞാന്‍ കണ്ട ഏറ്റവും മികച്ച ഷോട്ടുകളാണ്. കവറില്‍ നേടിയ സിക്‌സര്‍ കളിക്കാന്‍ പ്രയാസമുള്ള ഷോട്ടാണ്. എന്നാല്‍ ഇപ്പോഴും അനായാസം അത് കളിക്കാന്‍ ധോണിക്കാവുന്നു' വാട്‌സണ്‍ പറഞ്ഞു. ഒറ്റ കൈ സിക്‌സറടക്കം ധോണി പറത്തിയെന്നതാണ് ശ്രദ്ധേയം.

42ാം വയസില്‍ ഇത്രയും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും വെടിക്കെട്ട് പ്രകടനം നടത്തുകയും ചെയ്യുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. 36 വയസില്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കുന്നവര്‍ ചുരുക്കമാണെന്നിരിക്കെ ധോണിയുടെ ഇപ്പോഴത്തെ പ്രായവും ഫിറ്റ്‌നസും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയാം. എന്തായാലും ഡല്‍ഹിക്കെതിരായ ധോണിയുടെ പ്രകടനം എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണെന്നതാണ് വസ്തുത.

Story first published: Monday, April 1, 2024, 11:37 [IST]
Other articles published on Apr 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+