IPL 2024: തുടക്കക്കാരനല്ല, അവസരങ്ങള്‍ മുതലാക്കണം! സഞ്ജുവിനെ ഉപദേശിച്ച് ഗംഭീര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുകയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും സഞ്ജു മികച്ച് നിന്നതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സീറ്റും ഉറപ്പിച്ചു. എന്നാല്‍ പ്ലേ ഓഫ് പടിവാതുക്കല്‍ നില്‍ക്കവെ സഞ്ജുവും സംഘവും നിരാശപ്പെടുത്തുകയാണ്. അവസാന നാല് മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടു.
മിക്ക സീസണുകളിലും ആദ്യ പാദത്തില്‍ മിന്നിക്കുന്ന രാജസ്ഥാന് രണ്ടാം പാദത്തില്‍ കാലിടറിയിരുന്നു. ഇതേ തകര്‍ച്ചയാണ് ഇത്തവണയും കാണുന്നത്. നായകനെന്ന നിലയില്‍ സഞ്ജു സാംസണിനും കാര്യങ്ങള്‍ എളുപ്പമല്ല. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള സഞ്ജുവിന്റെ അവസാന മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ സഞ്ജുവിന് നിര്‍ണ്ണായക ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപദേഷ്ടാവുമായ ഗൗതം ഗംഭീര്‍.
സഞ്ജു യുവതാരമല്ലെന്നും ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കണമെന്നുമാണ് ഗംഭീര്‍ പറയുന്നത്. 'ടി20 ലോകകപ്പില്‍ സഞ്ജുവിന് ഇപ്പോള്‍ അവസരമുണ്ട്. നിനക്ക് മുന്നില്‍ അവസരം തുറന്നിരിക്കുകയാണ്. ഇന്ത്യക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കേണ്ടതായുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിനുള്ള അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്. കാത്തിരിക്കാന്‍ ടീമിലെ യുവതാരമല്ലവന്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ അവന് സാധിക്കുന്നുണ്ട്.
അവിടെ സഞ്ജു പരാജയപ്പെട്ടാല്‍ ലോകം ഉറ്റുനോക്കുകയാണെന്ന് ഓര്‍ക്കണം. ഒരു താരത്തിന്റെ മികവ് മനസിലാക്കാന്‍ അഞ്ച് മിനുട്ട് അവനോട് സംസാരിച്ചാല്‍ മതി. സഞ്ജു പ്രതിഭയുള്ളവനാണ്. അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കേണ്ടതായുണ്ട്' സ്‌പോര്‍ട്‌സ് കീഡയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. ഇത്തവണ 500 ലധികം റണ്‍സ് നേടാന്‍ സഞ്ജുവിനായി.

ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സഞ്ജു ഒരു സീസണില്‍ 500ലധികം റണ്‍സ് നേടുന്നത്. എന്നാല്‍ സഞ്ജുവിന്റെ അവസാന മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. നായകനെന്ന നിലയില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് സഞ്ജു ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കം പാളുന്നു. കടന്നാക്രമിക്കുന്ന സ്വാഭാവിക ബാറ്റിങ് ശൈലിയാണ് സഞ്ജുവിന് കൂടുതല്‍ ചേരുകയെന്ന് നിസംശയം പറയാം. നിലവിലെ അദ്ദേഹത്തിന്റെ ശൈലി മാറ്റം വലിയ തിരിച്ചടിയായിരിക്കുകയാണ്.
പ്ലേ ഓഫില്‍ രാജസ്ഥാനെത്തിയതിനാല്‍ ഇനിയും മത്സരങ്ങള്‍ ടീമിന് ബാക്കിയുണ്ട്. സഞ്ജുവിന് കരുത്തുറ്റ പ്രകടനത്തോടെ തിരിച്ചുവരാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടമുണ്ടെങ്കിലും പ്ലേയിങ് 11ലേക്കെത്താന്‍ തുടര്‍ച്ചയായി വലിയ പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. വരുന്ന മത്സരങ്ങളില്‍ സഞ്ജുവിന് മികവ് കാട്ടാനാവാതെ പോവുകയും രാജസ്ഥാന് കിരീടത്തിലേക്കെത്താനാവാതെ പോവുകയും ചെയ്താല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരും.
റിഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ളതിനാല്‍ മുഖ്യ പരിഗണന റിഷഭ് പന്തിനാണെന്ന് പറയാം. അതിനെ മറികടക്കാന്‍ സഞ്ജുവില്‍ നിന്ന് തുടര്‍ച്ചയായി വലിയ പ്രകടനങ്ങള്‍ ഉണ്ടാവണം. ഇന്ത്യ ലോകകപ്പ് പ്ലേയിങ് 11ല്‍ കളിപ്പിക്കേണ്ടത് റിഷഭിനെയാണെന്ന് ഗംഭീര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇടം കൈയന്‍ താരത്തെ ഇന്ത്യക്ക് മധ്യനിരയില്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം റിഷഭിനാണ്.
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ചെറിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാത്രമായിരിക്കും സഞ്ജുവിന് അവസരം ലഭിക്കുക. എന്നാല്‍ രാജസ്ഥാനൊപ്പം വരുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ടീമിനെ കിരീടത്തിലേക്കെത്തിക്കുകയും ചെയ്താല്‍ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താനുള്ള അവസരമുണ്ട്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് ഇത്തവണ പ്ലേ ഓഫിലെത്താന്‍ സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications