ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏകപക്ഷീയമായ ജയമാണ് കെകെആര്‍ നേടിയതെന്ന് പറയാം. ഫൈനലില്‍ മികച്ച പോരാട്ടം പ്രതീക്ഷച്ചവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. കെകെആറിന്റെ കിരീട നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം ഏറ്റുവാങ്ങുന്നത് ടീമിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീറാണ്.
കെകെആറിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയ ആദ്യ സീസണില്‍ത്തന്നെ ടീം കിരീടത്തിലേക്കെത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം സജീവമാണ്. ഐപിഎല്‍ സീസണിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്നാണ് ഗംഭീര്‍ പറഞ്ഞിരുന്നത്. ഫൈനലിന് ശേഷം ഗൗതം ഗംഭീറും ബിസിസി ഐ സെക്രട്ടറി ജയ് ഷായും തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്.
മത്സരശേഷം 10 മിനുട്ടോളം ഇരുവരും മൈതാനത്ത് നിന്ന് സംസാരിച്ചിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലാണ്. ഇന്ത്യയുടെ പുതിയ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഗംഭീര്‍ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അങ്ങനെ വന്നാല്‍ കെകെആറിന് ഗംഭീറിന്റെ സേവനം ഇനി ലഭ്യമാകില്ല. ടീമിനെ സംബന്ധിച്ചത് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. കെകെആറിന്റെ കിരീട നേട്ടത്തില്‍ ഗംഭീറിന്റെ പങ്ക് വളരെ വലുതാണ്.
അതുകൊണ്ടുതന്നെ ഗംഭീറിനെ മുഖ്യ പരിശീലകനാക്കുന്നതില്‍ ഇപ്പോള്‍ ബിസിസി ഐക്കും താല്‍പര്യം ഏറെയാണ്. ടി20 ലോകകപ്പിന് ശേഷമാവും രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിയുക. വിദേശ പരിശീലകര്‍ ഉണ്ടാകില്ലെന്ന് ജയ് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഗംഭീര്‍ ഇന്ത്യയുടെ അടുത്ത പരിശീലകനാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കെകെആറുമായി വൈകാരികമായ അടുപ്പം ഗംഭീറിനുണ്ട്.

എന്നാല്‍ അതില്‍ കൂടുതല്‍ ഇന്ത്യന്‍ ടീമിനോട് അദ്ദേഹത്തിന് താല്‍പര്യമുണ്ട്. ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ ലഭിക്കുന്ന അവസരത്തെ അഭിമാനത്തോടെയാവും ഗംഭീര്‍ കാണുന്നത്. അതുകൊണ്ടുതന്നെ അത്തരമൊരു അവസരം ലഭിക്കുമ്പോള്‍ ഗംഭീറത് തിരസ്‌കരിക്കാന്‍ സാധ്യത കുറവാണ്. ഫ്രാഞ്ചൈസി ടീമിന്റെ ഉപദേഷ്ടാവ് എന്ന റോളില്‍ തുടര്‍ന്നാല്‍ ബിസിസി ഐയുടെ സ്ഥാനങ്ങള്‍ ഏറ്റെടുക്കാനാവില്ല. ബിസിസി ഐയുടെ സ്ഥാനങ്ങളിലുള്ളവര്‍ മറ്റൊരു ഉത്തരവാദിത്തവും ഏറ്റെടുക്കരുതെന്നാണ് നിയമമുള്ളത്.
അതുകൊണ്ടുതന്നെ ഗംഭീറിന് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്താന്‍ കെകെആറിന്റെ ഉപദേഷ്ടാവ് സ്ഥാനം വിടേണ്ടതായുണ്ട്. ജയ് ഷായുമായുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ അനുകൂല തീരുമാനമാണ് ഗംഭീര്‍ അറിയിച്ചതെങ്കില്‍ ഇന്ത്യന്‍ ടീമിന് വീണ്ടുമൊരു ഇന്ത്യന്‍ പരിശീലകനെത്തും. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുള്ള നായകനാണ് ഗംഭീര്‍. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകളില്‍ അര്‍ധ സെഞ്ച്വറികളോടെ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കാന്‍ ഗംഭീറിനായിട്ടുണ്ട്.
യുവതാരങ്ങളെ വളരെയധികം പിന്തുണക്കുകയും എന്നാല്‍ മത്സരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത വ്യക്തിയാണ് ഗംഭീര്‍. കര്‍ക്കശക്കാരനായ പരിശീലകനായിരിക്കും ഗംഭീര്‍. ദേഷ്യപ്പെടേണ്ട സാഹചര്യങ്ങള്‍ അതിന് മടികാട്ടിയേക്കില്ല. എന്നാല്‍ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ വിരാട് കോലിയുമായുള്ള ബന്ധം എന്താകുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഐപിഎല്ലില്‍ രണ്ട് തവണ വലിയ വാക്കേറ്റം ഇരുവരും തമ്മിലുണ്ടായതാണ്.
ഗംഭീര്‍ മുഖ്യ പരിശീലകനാവുന്നതില്‍ കോലിക്ക് എതിര്‍പ്പുണ്ടാവുമെന്നുറപ്പ്. എന്നാല്‍ ഗംഭീറിന് രാഷ്ട്രീയമായ പിന്തുണ ജയ് ഷാ നല്‍കുമ്പോള്‍ കോലിയുടെ എതിര്‍പ്പിന് വലിയ വിലയുണ്ടാകില്ല. ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായാല്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിനത് ഗുണം ചെയ്യും. കൂടുതല്‍ യുവതാരങ്ങളെ വളര്‍ത്താനും ഗംഭീര്‍ താല്‍പര്യം കാട്ടിയേക്കും. അടുത്ത ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ വലിയൊരു അഴിച്ചുപണി ആവശ്യമാണ്. ഇതിന് ഗംഭീറിനെപ്പോലൊരു പരിശീലകന്‍ വരേണ്ടത് അത്യാവശ്യമാണെന്ന് പറയാം.