Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിന്റെ വളര്‍ച്ച ഞെട്ടിക്കുന്നില്ല, അതിന് കാരണമുണ്ട്! വെളിപ്പെടുത്തി മുന്‍ കേരള കോച്ച്

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും കസറുകയാണ് സഞ്ജു സാംസണ്‍. ഇതുവരെയുള്ള സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയത്.

ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയായി മാറാനുള്ള ഭാഗ്യമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റില്‍ നിന്ന് ഇത്രയും വലിയൊരു കരിയറിലേക്കെത്തുക എളുപ്പമല്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ നേട്ടത്തിന് മാറ്റ് കൂടുന്നു. എന്നാല്‍ സഞ്ജുവിന്റെ ഇപ്പോഴത്തെ വളര്‍ച്ച ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കേരള ക്രിക്കറ്റ് ടീമിന്റെ മുന്‍ ഉപദേഷ്ടാവായ ബിജു ജോര്‍ജും സഹതാരമായിരുന്ന റൈഫി
വിന്‍സെന്റ് ഗോമസും.

'സഞ്ജു സാംസണ്‍ എപ്പോഴും വലിയ സ്വപ്‌നം കണ്ടിരുന്നവനാണ്. ഒരു ദിവസം താന്‍ ലക്ഷ്യത്തിലേക്കെത്തുമെന്ന ഉറച്ച വിശ്വാസം അവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ അത്ഭുതം തോന്നുന്നില്ല' റൈഫി
പറഞ്ഞു. ചെറുപ്പം മുതല്‍ കഠിനമായി അധ്വാനിക്കാന്‍ സഞ്ജു തയ്യാറായിരുന്നു. സഞ്ജുവിന്റെ കഠിനാധ്വാനവും അര്‍പ്പണ ബോധവും വ്യക്തമാക്കുന്ന ഒരു സംഭവം മുന്‍ കേരള ക്രിക്കറ്റ് മെന്ററായിരുന്ന ബിജു ജോര്‍ജ് വെളിപ്പെടുത്തി.

'നല്ല മഴയോ വെയിലോ ആകട്ടെ സഞ്ജുവും സഹോദരന്‍ സാലിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ നെറ്റ്‌സിലുണ്ടാവും. ഒരു ദിവസം ശക്തമായ മഴയായിരുന്നു. സ്വാഭാവികമായും താരങ്ങള്‍ വരാന്‍ സാധ്യതയില്ല. വിഴിഞ്ഞത്ത് താമസിച്ചിരുന്ന സഞ്ജു നെറ്റ്‌സിലേക്ക് എത്തില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 25 കിലോമീറ്റര്‍ ദൂരം താണ്ടി സഞ്ജു വന്നു. കൃത്യ സമയത്ത് തന്റെ ക്രിക്കറ്റ് കിറ്റുമായി സഞ്ജു അവിടെയുണ്ടായിരുന്നു.

sanju samson

സ്‌കൂള്‍ യൂണിഫോമും അവന്‍ കൈയില്‍ കരുതും. പരിശീലനത്തിന് ശേഷം അവിടെ നിന്ന് സ്‌കൂള്‍ യൂണിഫോമിട്ടാണ് അവന്‍ സ്‌കൂളിലേക്ക് പോയിരുന്നത്. ആ പ്രായത്തില്‍ത്തന്നെ വളരെ അച്ചടക്കത്തോടെ പ്രൊഫഷനലായി കാര്യങ്ങള്‍ ചെയ്യാന്‍ സഞ്ജുവിന് സാധിച്ചിരുന്നു' ബിജു ജോര്‍ജ് പറഞ്ഞു. കേരള ക്രിക്കറ്റ് ടീമില്‍ എത്ര മികച്ച പ്രകടനം നടത്തിയാലും സെലക്ടര്‍മാര്‍ ഇത് പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായത് ഐപിഎല്‍ കരാറാണ്.

ശ്രീശാന്തിന്റെ സഹായത്തോടെ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചു. ഇതോടെ കരിയറും മാറി. പഴ സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടിയും സഞ്ജു തഴയപ്പെട്ടെങ്കിലും തന്റെ ലക്ഷ്യം മുന്നില്‍ക്കണ്ട് സഞ്ജു പൊരുതി. ഒടുവില്‍ രാജസ്ഥാന്റെ നായകസ്ഥാനവും ലഭിച്ചു. രാജസ്ഥാനെ കപ്പിലേക്കെത്തിക്കാനായില്ലെങ്കിലും ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്.

സഞ്ജുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തിന് ടി20 ലോകകപ്പിലേക്ക് വിളി ലഭിച്ചത്. റിഷഭ് പന്ത് ഒന്നാം നമ്പര്‍ കീപ്പറായി കളിക്കാനാണ് സാധ്യതയെങ്കിലും സഞ്ജുവിനും അവസരം ലഭിച്ചേക്കും. വലിയ പ്രതിസന്ധികളെ മറികടന്ന് സഞ്ജു പൊരുതി നേടിയതാണ് ഈ സ്ഥാനമെന്ന് പറയാം. പൊതുവേ ശാന്തനായ താരമാണെങ്കിലും ആവശ്യ ഘട്ടങ്ങളില്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കാനും സഞ്ജുവിന് അറിയാം. ഇതിനെക്കുറിച്ചും ബിജു ജോര്‍ജ് പറഞ്ഞു.

'മലയാളികള്‍ക്ക് സ്വാഭാവികമായ സ്വഭാവമുണ്ട്. അധികം ഷോ കാണിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമല്ല. സഞ്ജു ആവശ്യ ഘട്ടത്തില്‍ കൃത്യമായി പ്രതികരിക്കുന്ന താരമാണ്. ഈ നിമിഷം വരെ എളിമ കൈവിടാത്ത കളിക്കാരനാണ് സഞ്ജു. ഇപ്പോഴും കേരള ടീമിലെ സഹതാരങ്ങളോട് മികച്ച സൗഹൃദം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇത് അവന്റെ വലിയ മനസാണ്' ബിജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, May 10, 2024, 13:28 [IST]
Other articles published on May 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+