മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പുറത്ത്. ആരാധകര്‍ കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എല്‍ ക്ലാസിക്കോ പോരാട്ടം ഏപ്രില്‍ 14ന് മുംബൈയിലാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഇടവേളയില്ലാതെയാണ് ഐപിഎല്‍ തുടരുന്നതെന്ന് പറയാം. ഒന്നാം ക്വാളിഫയര്‍ അഹമ്മദാബാദിലാണ് നടക്കുന്നത്. മെയ് 21നാണ് ഈ മത്സരം.
എലിമിനേറ്റര്‍ പോരാട്ടം മെയ് 22ന് അഹമ്മദാബാദില്‍ നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയര്‍ മെയ് 24ന് ചെന്നൈയിലാണ് നടക്കുന്നത്. ഫൈനല്‍ മെയ് 26നാണ് നടക്കുന്നത്. ചെന്നൈയാണ് ഫൈനലിന് വേദിയാകുന്നത്. സിഎസ്‌കെയുടെ രണ്ടാം പാദത്തിലെ ആദ്യ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ്. ഏപ്രില്‍ 8നാണ് ഈ മത്സരം. അതും സ്വന്തം തട്ടകത്തിലാണെന്നത് സിഎസ്‌കെയ്ക്ക് കരുത്താകും. മുംബൈയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുകയെന്നതാവും സിഎസ്‌കെയുടെ വലിയ വെല്ലുവിളി.
ഏപ്രില്‍ 19ന് ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ നേരിടുന്ന സിഎസ്‌കെ 23ന് ലഖ്‌നൗവിനെ സ്വന്തം തട്ടകത്തിലും നേരിടും. സിഎസ്‌കെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം പാദ മത്സരം മെയ് 12നാണ്. ചെന്നൈയിലാണ് ഈ മത്സരം. ആര്‍സിബിയുടെ രണ്ടാം പാദ മത്സരം കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ആരംഭിക്കുന്നത്. ഏപ്രില്‍ 11ന് മുംബൈയിലാണ് ഈ മത്സരം. ആര്‍സിബി സിഎസ്‌കെ പോരാട്ടം മെയ് 18നും നടക്കും. ആര്‍സിബിയെ സംബന്ധിച്ച് അവസാനം സിഎസ്‌കെയെ ലഭിച്ചത് കടുപ്പമാവും.
പ്ലേ ഓഫ് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന മത്സരങ്ങളാവും അവസാന ഘട്ടത്തില്‍ നടക്കുക. ഈ സമയത്ത് സിഎസ്‌കെയെപ്പോലെ ശക്തരായ നിരയെ ലഭിക്കുന്നത് ആര്‍സിബിക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. ആര്‍സിബി-കെകെആര്‍ പോരാട്ടം ഏപ്രില്‍ 21ന് കൊല്‍ക്കത്തയിലാണ് നടക്കുന്നത്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്. രാജസ്ഥാന്റെ തട്ടകത്തിലാണ് ഈ മത്സരം നടക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെയാണ് രണ്ടാം പാദം ആരംഭിക്കുന്നത്. ആദ്യ പാദത്തില്‍ പരമാവധി ജയം നേടുകയെന്നത് എല്ലാ ടീമുകള്‍ക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം പ്ലേ ഓഫിലേക്കെത്തുക കടുപ്പമായിരിക്കും. ഹോം ഗ്രൗണ്ടിലെ മത്സരങ്ങളില്‍ പരമാവധി ജയിക്കാന്‍ ടീമുകള്‍ക്ക് സാധിക്കേണ്ടതായുണ്ട്. ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യന്‍സിനും ആര്‍സിബിക്കും വരുന്ന മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
ഇത്തവണ ഫൈനല്‍ ചെന്നൈയിലാണെന്നതാണ് എടുത്തു പറയേണ്ടത്. സിഎസ്‌കെ ഫൈനലിലെത്തിയാല്‍ അവരെ തട്ടകത്തില്‍ തോല്‍പ്പിക്കുക കടുപ്പമായിരിക്കും. സ്പിന്നിനെ തുണക്കുന്ന ചെന്നൈ പിച്ചില്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യ മത്സരങ്ങളില്‍ ജയിച്ചു. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ ആര്‍സിബിയെ തോല്‍പ്പിച്ചാണ് വരവറിയിച്ചത്.
മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകള്‍ ആദ്യ മത്സരത്തില്‍ തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലൂടെത്തന്നെ തിരിച്ചുവരേണ്ടത് ഈ ടീമുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. പ്ലേ ഓഫിനോടടുക്കുമ്പോള്‍ പോരാട്ടം കടുക്കും. പ്ലേ ഓഫിന് തൊട്ടുമുമ്പുള്ള മത്സരങ്ങളില്‍ രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമാണ്.
മെയ് 15ന് പഞ്ചാബ് കിങ്‌സും മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് രാജസ്ഥാന്റെ എതിരാളികള്‍. മുംബൈക്ക് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയാണ് നേരിടേണ്ടി വരിക. മെയ് 17നാണ് ഈ മത്സരം. ഇതില്‍ ആര്‍സിബിക്ക് വലിയ തലവേദന സിഎസ്‌കെയെയാണ് അവസാന മത്സരത്തില്‍ എതിരാളികളായി ലഭിച്ചതെന്നതാണ്. എന്നാല്‍ ആര്‍സിബിയുടെ തട്ടകത്തിലാണ് മുന്‍തൂക്കമെന്നതാണ് അല്‍പ്പം ആശ്വാസം നല്‍കുന്ന കാര്യം.