പഞ്ചാബ് കിങ്‌സിനായി ഐപിഎല്ലില്‍ മാജിക്കല്‍ ബൗളിങ് പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. കരിയര്‍ അവസാനിച്ചുവെന്നു പലരും വിധിയെഴുതിയ ഇടത്തു നിന്നാണ് പുതിയ ടീമായ പഞ്ചാബിനൊപ്പം അദ്ദേഹം ഈ സീസണില്‍ രണ്ടാം വരവ് നടത്തിയത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകള്‍ പിഴുതതോടെ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനും ഹര്‍ഷല്‍ അവകാശിയായിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഓവര്‍ടേക്ക് ചെയ്താണ് വിക്കറ്റ് കൊയ്ത്തില്‍ ഹര്‍ഷല്‍ പുതിയ കിങായിരിക്കുന്നത്. 13 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിഴുതത് 22 വിക്കറ്റുകളാണ്. 9.51 ഇക്കോണമി റേറ്റോടെയാണിത്. 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം. 20 വിക്കറ്റുകളുമായിട്ടാണ് ഹര്‍ഷലിനു പിന്നില്‍ ബുംറ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

നേരത്തേ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹര്‍ഷലിനു ഒരു സമയത്തു ഈ മികവ് കൈമോശം വന്നിരുന്നു. ഇതോടെയാണ് ഒരു ബൗളറെന്ന നിലയില്‍ അദ്ദേഹത്തിന്റെ പതനവും ആരംഭിച്ചത്. ഈ സീസണില്‍ പഞ്ചാബിനോടൊപ്പം തന്റെ പഴയ മിടുക്ക് തിരിച്ചുപിടിച്ച ഹര്‍ഷലിനെയാണ് കാണുന്നത്. സ്ലോ ബോളുകളും യോര്‍ക്കറുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം. പഞ്ചാബിനൊപ്പം ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ ഹര്‍ഷലിനു സാധിക്കുകയും ചെയ്യുന്നു.
പഞ്ചാബിനായി നടത്തിക്കൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രകടനത്തെ തുടര്‍ന്നു ഹര്‍ഷലിനെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രകടനത്തെ അവര്‍ വാനോളം പ്രശംസിക്കുകയും ചെയ്യുന്നു. ഹര്‍ഷല്‍ പട്ടേല്‍ ഉജ്ജ്വലമായിട്ടാണ് ഈ സീസണില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരവസരം കൂടി അദ്ദേഹത്തിനു നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണം. ദേശീയ ടീമിനു വേണ്ടിയും പല അദ്ഭുതങ്ങളും കാണിക്കാന്‍ ഹര്‍ഷലിനാവുമെന്നും ആരാധകര്‍ കുറിക്കുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. കാരണം കരിയര്‍ അവസാനിച്ചുവെന്ന് ഉറപ്പിച്ചാണ് കഴിഞ്ഞ സീസണിനു ശേഷം ഹര്‍ഷല്‍ പട്ടേലിനെ അവര്‍ ഒഴിവാക്കിയത്. എന്നാല്‍ ഇതു വലിയ മണ്ടത്തരമായിപ്പോയെന്നു പഞ്ചാബിന്റെ കുപ്പായത്തില്‍ ആര്‍സിബിക്കു അദ്ദേഹം കാണിച്ചു കൊടുത്തിരിക്കുകയാണ് ഹര്‍ഷല്‍. ഈ സീസണിനു ശേഷം പഞ്ചാബ് നിലനിര്‍ത്തേണ്ട താരങ്ങളിലൊരാള്‍ തീര്‍ച്ചയായും ഹര്‍ഷലാവണമെന്നും ആരാധകര്‍ പറയുന്നു.

ഹര്‍ഷല്‍ പട്ടേല്‍ എത്ര ഗംഭീരമായിട്ടാണ് ഡെത്ത് ഓവറുകളില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ബൗള്‍ ചെയ്തു കൊണ്ടിക്കുന്നത്. ജസ്പ്രീത് ബുംറയേക്കാള്‍ നന്നായി ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ഹര്‍ഷലിനെ നേരിടുകയെന്നത് എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു അസാധ്യമായി മാറിയിരിക്കുകയാണെന്നും ആരാധകര്‍ ചൂക്കാട്ടി.
ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങില്‍ ഒരുപാട് വൈവിധ്യമുണ്ട്. കൂടുതല്‍ വിക്കറ്റുകള്‍ അദ്ദേഹം അര്‍ഹിക്കുകയും ചെയ്യുന്നു. ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷല്‍ ഏറെക്കുറെ ഉറപ്പാക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്തുകൊണ്ടാണ് കഴിഞ്ഞ സീസണിനു ശേഷം ഹര്‍ഷല്‍ പട്ടേലിനെ കൈവിട്ടതെന്നറിയില്ല. നേരത്തേ യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കിയതു പോലെ ആര്‍സിബി കാണിച്ച മറ്റൊരു മണ്ടത്തരമാണിത്. പഞ്ചാബ് കിങ്‌സ് പേസ് ബൗളിങിന്റെ കുന്തമുനയായി ഹര്‍ഷല്‍ മാറിയിരിക്കുന്നതായും ആരാധകര്‍ പുകഴ്ത്തി.