മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ടീമിനുള്ളില്‍ പടലപ്പിണക്കം തുടരുകയാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയത് മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നാലെ രോഹിത് ശര്‍മ ആരാധകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഒരു സോഫയുടെ രണ്ട് വശത്തായി രോഹിത്തിനേയും ഹാര്‍ദിക്കിനേയും ഇരുത്തിയ നിലയിലും സഹതാരങ്ങള്‍ ചുറ്റിനും നില്‍ക്കുന്ന നിലയിലുമാണ് ഈ വീഡിയോയിലുള്ളത്. ഹാര്‍ദിക്കും രോഹിത്തും തമ്മില്‍ അകല്‍ച്ചയിലാണെന്നും ടീം രണ്ട് തട്ടിലാണെന്നും മുംബൈ തുറന്ന് സമ്മതിക്കുന്നതാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രോഹിത് ശര്‍മയെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ മുംബൈ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.
ഹാര്‍ദിക്കും രോഹിത്തും രണ്ട് വശത്താണ്. ഇരുവരും ഒന്നിക്കാന്‍ ഇനിയും ഏറെ ദൂരമുണ്ട്. ഇതാണ് മുംബൈ കൃത്യമായി കാട്ടിത്തരുന്നത്. രോഹിത്തിനെ മുംബൈ മൂലക്കാക്കിയിരിക്കുകയാണ്. അപമാനം സഹിച്ച് മുംബൈയില്‍ നില്‍ക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ കൊണ്ടുവന്നപ്പോള്‍ രോഹിത്തുമായി വേണ്ട ചര്‍ച്ച നടത്തിയിട്ടില്ല. അഞ്ച് കിരീടം നേടിക്കൊടുത്ത നായകനോട് നന്ദി കാട്ടാന്‍ മുംബൈക്കായിട്ടില്ലെന്നാണ് വിമര്‍ശനം.
രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപിലേക്കെത്തിയിട്ടുണ്ട്. സന്തോഷവാനായാണ് മുംബൈയില്‍ രോഹിത് കാണപ്പെടുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയാണെന്ന് കരുതാനാവില്ല. രോഹിത്തിന്റെ ഭാര്യയടക്കം പരസ്യ പ്രതിഷേധം അറിയിച്ചതില്‍ നിന്ന് തന്നെ രോഹിത്തിന്റെ അതൃപ്തി വ്യക്തം. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി അവതരിപ്പിക്കുന്ന വീഡിയോയിലും ചിത്രങ്ങളിലും വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മാത്രമല്ല മുംബൈ ആരാധകര്‍ ഹാര്‍ദിക്കിനെ വെറുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അവസാന സീസണില്‍ ഹാര്‍ദിക് മുംബൈ ടീമിനെ പരിഹസിച്ചിരുന്നു. മുംബൈ ടീം സൂപ്പര്‍ താരങ്ങളെ മാത്രം ഉപയോഗിച്ച് കപ്പടിക്കുന്നവരാണെന്നും ഗുജറാത്ത് അങ്ങനെയല്ലെന്നുമാണ് ഹാര്‍ദിക് പറഞ്ഞത്. ഇതിന് മറുപടിയായി ഹാര്‍ദിക്കിനെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയതുപോലെ ഇനിയും താരങ്ങളെ വളര്‍ത്തുമെന്നാണ് രോഹിത് പ്രതികരിച്ചത്.
ഇത് മുംബൈയിലെ മറ്റ് താരങ്ങളും ഏറ്റുപിടിച്ചിരുന്നു. ഈ വിഷയം ആരാധകര്‍ക്കിടയിലും ഹാര്‍ദിക്കിനോട് വിരോധമുണ്ടാക്കി. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് ഹാര്‍ദിക് തിരിച്ചെത്തുന്നതും നായകസ്ഥാനത്തേക്കെത്തുന്നതും. ഇതാണ് ആരാധകര്‍ക്കും മുംബൈയിലെ മറ്റ് താരങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാവാതെ പോയത്. ഇക്കാരണത്താല്‍ത്തന്നെ ഹാര്‍ദിക്കിനെ അംഗീകരിക്കാന്‍ മുംബൈ ആരാധകര്‍ പെട്ടെന്ന് തയ്യാറാവില്ല.
ഹാര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത് ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ മറികടന്നാണ്. രണ്ട് പേരും മുംബൈ ടീമിലെ സീനിയേഴ്‌സാണ്. എന്നാല്‍ ഇവരെ ഒന്നുമല്ലാതെയാക്കിയാണ് ഹാര്‍ദിക്കിനെ തിരിച്ചെത്തിച്ച് നായകസ്ഥാനം നല്‍കിയത്. ഇതിലെ വിയോജിപ്പ് ബുംറയും സൂര്യയും പരസ്യമാക്കുകയും ചെയ്തതാണ്. രോഹിത് ശര്‍മയുടെ സമീപകാലത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ തെറ്റ് പറയാനാവില്ല.
എന്നാല്‍ ഹാര്‍ദിക്കിനെ ആ സ്ഥാനത്തേക്കെത്തിച്ചതാണ് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസം. മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളിലെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ട് കപ്പിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ആരാധകരുടെ വായടപ്പിക്കാന്‍ ഹാര്‍ദിക്കിനാവും. എന്നാല്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയാല്‍ ഹാര്‍ദിക്കിനെതിരേ വ്യാപക വിമര്‍ശനമുണ്ടാവുമെന്നുറപ്പ്.
വലിയ വെല്ലുവിളിയാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നതെന്ന് നിസംശയം പറയാം. രോഹിത് ശര്‍മയുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടാവുമെന്ന് ഹാര്‍ദിക് പറയുമ്പോഴും കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.