ചെന്നൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബാറ്റിങ് പ്രകടനത്തിനെതിരേ വന്‍ വിമര്‍ശനം. ചെപ്പോക്കില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞടുക്കപ്പെട്ട റോയല്‍സ് തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നതാണ് കണ്ടത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജു സാംസണിന്റെയും ടീമിന്റെയും ബാറ്റിങ് സമീപനത്തില്‍ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.
15 ഓവര്‍ കഴിഞ്ഞപ്പോള്‍ പോലും റോയല്‍സ് ടീമിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സില്ലായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും എന്തു കൊണ്ടാണ് ഇത്തരമൊരു തണുപ്പന്‍ സമീപനം ഈ കളിയില്‍ റോയല്‍സ് ടീം സ്വീകരിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ഇതു ഒത്തുകളിയാണോയെന്നു പോലും സംശയിക്കുന്നതായി ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ തുറന്നടിക്കുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഈ മല്‍സരം തീര്‍ച്ചയായും ഒത്തുകളി തന്നെയാണ്. സിഎസ്‌കെ ഇത്തവണയും പ്ലേഓഫില്‍ വേണമെന്നാണ് വാതുവയ്പ്പുകാര്‍ ആഗ്രഹിക്കുന്നത്. ഈ മല്‍സരത്തില്‍ റോയല്‍സ് ടീമിന്റെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ ഈ സംശയമാണ് ഉയരുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിനു ഇതെന്തു പറ്റി? സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും കണ്ട റോയല്‍സിനെയല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കണ്ടത്. റോയല്‍സ് ടീമിലെ കളിക്കാരുടെയും ടീമുടമ മനോജ് ബദാലെ, കോച്ച് കുമാര്‍ സങ്കക്കാര എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം. സിഎസ്‌കെയ്‌ക്കെതിരേ കളി തോറ്റു കൊടുക്കാന്‍ എല്ലാവര്‍ക്കും എത്ര പണം ലഭിച്ചുവെന്നത് അന്വേഷിക്കണമെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചാല്‍ പ്ലേഓഫിലെത്താമെന്ന സാഹചര്യത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഈ കളിയില്‍ വിജയം ആഗ്രഹിക്കുന്നില്ലെന്നു സംശയിക്കേണ്ടി വരും. അത്രയും സ്ലോ ബാറ്റിങാണ് അവര്‍ ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അവസാനം വരെ കാഴ്ചവച്ചത്. റോയല്‍സ് ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും ആക്രണോത്സുകതയോടെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല.
ഇതു ഒത്തുകളി തന്നെയാണെന്നു സംശയിക്കുന്നു. മുമ്പൊരിക്കല്‍ രണ്ടു വര്‍ഷം ഐപിഎല്ലില്‍ നിന്നും വിലക്ക് നേരിട്ട ടീമാണ് റോയല്‍സ്. ഇതു ഒത്തുകളിയാണെങ്കില്‍ അവരെ വീണ്ടും വിലക്കണമെന്നും ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, 142 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് സിഎസ്‌കെയ്ക്കു റോയല്‍സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള റോയല്‍സ് നായകന്‍ സഞ്ജുവിന്റെ തീരുമാനം പാളുകയായിരുന്നു. അഞ്ചു വിക്കറ്റിനു 141 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ഒരാള്‍ക്കു പോലും അവരുടെ ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റിയിലെത്താന്‍ സാധിച്ചില്ല.

പുറത്താവാതെ 47 റണ്‍സെടുത്ത റിയാന്‍ പരാഗാണ് റോയല്‍സിന്റെ മാനം കാത്തത്. 35 ബോളുകള്‍ നേരിട്ട താരം ഒരു ഫോറും മൂന്നു സിക്‌സറുമടിച്ചു. രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് താരം ഈ സ്‌കോറിലെത്തിയത്. മഹീഷ് തീക്ഷണയും സമീര്‍ റിസ്വിയും പരാഗിന്റെ ക്യാച്ച് താഴെയിടുകയായിരുന്നു.
പരാഗിന്റെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് ബാറ്റിങ് ലൈനപ്പില്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും തികച്ചില്ല. ധ്രുവ് ജുറേല്‍ (28), യശസ്വി ജയ്‌സ്വാള്‍ (24), ജോസ് ബട്‌ലര്‍ (21), നായകന്‍ സഞ്ജു (15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. സിമര്‍ജീത്ത് സിങ് മൂന്നും തുഷാര്‍ ദേശ്പാണ്ഡെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.