മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ പഞ്ചാബ് കിങ്‌സ് 8 വിക്കറ്റിന് 147 റണ്‍സാണ് നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന്റെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. രാജസ്ഥാന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ് പഞ്ചാബ് താരങ്ങളെ പൂട്ടുകയായിരുന്നു. പഞ്ചാബ് 130നുള്ളില്‍ ഒതുങ്ങുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അഷുതോഷ് ശര്‍മയുടെ പ്രകടനമാണ് പഞ്ചാബിനെ 147ലേക്കെത്തിച്ചത്.
16 പന്ത് നേരിട്ട് 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സോടെ അഷുതോഷ് പുറത്താവാതെ നിന്നു. 193ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് അഷുതോഷ് തിളങ്ങിയത്. എന്നാല്‍ അഷുതോഷിനെ പുറത്താക്കാനുള്ള അവസരം രാജസ്ഥാന് ലഭിച്ചെങ്കിലും നായകന്‍ സഞ്ജു സാംസണിന്റെ പിഴവില്‍ വിക്കറ്റവസരം നഷ്ടമാക്കുകയായിരുന്നു. 18ാം ഓവറിന്റെ രണ്ടാം ഓവറിലായിരുന്നു നാടകീയ സംഭവം. ആവേശ് ഖാന്‍ ഓവറിലെ രണ്ടാം പന്തില്‍ ഷോര്‍ട്ട് ബോളെറിഞ്ഞു.
ആക്രമിക്കാനൊരുങ്ങി നിന്ന അഷുതോഷ് രണ്ടാമതൊന്ന് ആലോചിക്കാതെ പുള്‍ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ടൈമിങ് പിഴച്ച് പന്ത് വായുവില്‍ ഉയര്‍ന്നു. ആവേശ് ഖാന് അനായാസമായി എടുക്കാവുന്ന ക്യാച്ചായിരുന്നു അത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് ക്യാച്ചിനായി അനാവശ്യമായി സഞ്ജു ഓടിയെത്തി. സഞ്ജുവുമായി ആവേശ് ചെറുതായി കൂട്ടിയിടിച്ചതോടെ പന്ത് കൈയിലൊതുക്കാന്‍ ഇരുവര്‍ക്കുമായില്ല. ഡെത്തോവറില്‍ അഷുതോഷിന്റെ വിക്കറ്റ് വളരെ വിലപ്പെട്ടതാണ്.
എന്നാല്‍ സഞ്ജു അനാവശ്യമായി ഇടപെട്ടതോടെയാണ് ക്യാച്ച് നഷ്ടമായത്. ആദ്യം നിരാശയോടെ അത് എന്റെ ക്യാച്ചാണെന്ന് ആവേശ് ഖാന്‍ സഞ്ജുവിനോട് പറഞ്ഞു. എന്നാല്‍ കോള്‍ ചെയ്യാത്തതെന്തേയെന്നാണ് സഞ്ജു ചോദിച്ചത്. നായകനെന്ന നിലയില്‍ സഞ്ജുവിനെ ബഹുമാനിക്കുന്നതിനാല്‍ ആവേശ് ദേഷ്യമടക്കി നിരാശയോടെ ചിരിച്ച് അടുത്ത പന്തെറിയാന്‍ പോയി. എന്നാല്‍ വിലപ്പെട്ട വിക്കറ്റാണ് വിട്ടുകളഞ്ഞതെന്ന് തൊട്ടടുത്ത പന്തില്‍ത്തന്നെ വ്യക്തമായി.

മൂന്നാം പന്തില്‍ ആവേശിനെ സിക്‌സര്‍ പറത്തിയാണ് അഷുതോഷ് പ്രതികാരം വീട്ടിയത്. നാലാം പന്തില്‍ 2 റണ്‍സെടുത്ത അഷുതോഷ് അഞ്ചാം പന്തില്‍ വീണ്ടും സിക്‌സര്‍ പായിച്ചു. 9 റണ്‍സില്‍ അഷുതോഷിനെ പുറത്താക്കാനുള്ള അവസരമാണ് സഞ്ജുവിന്റെ ഇടപെടല്‍ മൂലം നഷ്ടമായത്. ഇത് മുതലാക്കി കളിച്ച താരം നിര്‍ണ്ണായകമായ 31 റണ്‍സോടെയാണ് പുറത്താവാതെ നിന്നത്. അഷുതോഷ് 9 റണ്‍സില്‍ മടങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ 130നുള്ളിലേക്ക് പഞ്ചാബ് ഒതുങ്ങുമായിരുന്നു.
മത്സരത്തിന്റെ ആദ്യ സമയത്തും ഇത്തരമൊരു ഇടപെടല്‍ സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായി. പഞ്ചാബ് ഓപ്പണര്‍ അധര്‍വ ടെയ്‌ഡെയുടെ വിക്കറ്റിന്റെ സമയത്താണ് ഇത്തരമൊരു ആശയക്കുഴപ്പമുണ്ടായത്. 12 പന്തില്‍ 15 റണ്‍സെടുത്ത അധര്‍വ ആവേശ് ഖാനെ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് പിഴച്ചു. ഉയര്‍ന്ന പന്തിനെ സഞ്ജു സാംസണ്‍ കൈയിലൊതുക്കാന്‍ ഓടിയെത്തിയപ്പോള്‍ കുല്‍ദീപ് സെന്‍ ഇടക്കുകയറി പിടിച്ചു. സഞ്ജു കോള്‍ ചെയ്‌തെങ്കിലും ഇത് കേള്‍ക്കാതെ കുല്‍ദീപ് പന്ത് പിടിക്കുകയായിരുന്നു.
ഭാഗ്യത്തിനാണ് ഇത് ക്യാച്ചായത്. രണ്ട് പേരും തമ്മിലുള്ള ആശയക്കുഴപ്പം ഈ വിക്കറ്റും നഷ്ടമാക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചു. ലിയാം ലിവിങ്സ്റ്റണിനെ ഗോള്‍ഡന്‍ ഡെക്കാക്കാനുള്ള അവസരവും സഞ്ജു നഷ്ടപ്പെടുത്തി. കുല്‍ദീപ് സെന്നിന്റെ പന്തില്‍ എഡ്ജായി എത്തിയ പന്തിനെ കൈയിലൊതുക്കാന്‍ സഞ്ജുവിനായില്ല. പിടിച്ചെടുക്കാന്‍ പ്രയാസമുള്ള ക്യാച്ചായിരുന്നെങ്കിലും സഞ്ജുവിനെപ്പോലൊരു മികച്ച കീപ്പര്‍ അത് പിടിക്കേണ്ടതായിരുന്നു.
പക്ഷെ ഭാഗ്യം തുണച്ചില്ല. എന്നാല്‍ തകര്‍പ്പനായി ലിവിങ്സ്റ്റണെ റണ്ണൗട്ടാക്കാന്‍ സഞ്ജുവിനായി. വിക്കറ്റിന് പിന്നില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയെങ്കിലും ചില വിലപ്പെട്ട പിഴവുകളും സംഭവിച്ചുവെന്നതാണ് വസ്തുത. പക്ഷെ നായകനെന്ന നിലയില്‍ സഞ്ജുവിന്റെ നീക്കങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. പഞ്ചാബിനെ പൂട്ടിക്കെട്ടിയതില്‍ ബൗളര്‍മാര്‍ക്കൊപ്പം സഞ്ജുവിന്റെ നായക മികവും കൈയടി അര്‍ഹിക്കുന്നു.