ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 4 വിക്കറ്റിന് 193 റണ്‍സാണ് നേടിയത്. സഞ്ജു സാംസണിന്റേയും (82*) റിയാന്‍ പരാഗിന്റേയും (43) ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ഇപ്പോള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.
സഞ്ജു ചതിയനാണെന്നാണ് ആരാധകര്‍ പറയുന്നത്. റിയാന്‍ പരാഗിന്റെ ക്യാച്ച് നേടാന്‍ ക്രുണാല്‍ പാണ്ഡ്യക്ക് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ മനപ്പൂര്‍വ്വം മാറിക്കൊടുക്കാതെ ക്യാച്ചെടുക്കാനുള്ള അവസരം ക്രുണാലിന് നിഷേധിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് വലിയ വിമര്‍ശനം സഞ്ജുവിന് നേരെ ഉയരുന്നത്. ആറാം ഓവറിലാണ് വിവാദ സംഭവം. ഓവറിലെ രണ്ടാം പന്തില്‍ റിയാന്‍ പരാഗാണ് സ്‌ട്രൈക്ക് ചെയ്തിരുന്നത്.
പരാഗിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി സ്‌ട്രെയ്റ്റായി വന്ന പന്ത് ക്രുണാലിന് റിട്ടേണ്‍ ക്യാച്ചാക്കി മാറ്റാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന സഞ്ജു സാംസണ്‍ മാറിക്കൊടുക്കാന്‍ തയ്യാറായില്ല. സഞ്ജു മാറിയിരുന്നെങ്കില്‍ ക്രുണാലിന് അനായാസം പന്ത് ക്യാച്ചാക്കാമായിരുന്നു. എന്നാല്‍ പരാഗിനെ രക്ഷിക്കാന്‍ മനപ്പൂര്‍വ്വം സഞ്ജു വഴിമാറിക്കൊടുക്കാതിരിക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. പരാഗിനെ 1 റണ്‍സില്‍ മടക്കാനുള്ള അവസരമാണ് സഞ്ജു കാരണം നഷ്ടമായത്.
സഞ്ജുവിന്റെ നടപടിയെ രോഷത്തോടെയെല്ല ക്രുണാല്‍ നേരിട്ടത്. പകരം അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. ക്രുണാല്‍ കാട്ടിയ മാന്യത സഞ്ജു കാട്ടിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണ്‍ ടീമിനെ രക്ഷിക്കാനായി ഇത്രത്തോളം തരം താഴരുതെന്നും മാന്യന്മാരുടെ കളിക്ക് സഞ്ജു അപമാനമാകുമെന്നുമെല്ലാമാണ് വിരോധികള്‍ പറയുന്നത്. എന്തായാലും പരാഗിനെ രക്ഷിച്ച സഞ്ജു നിലവില്‍ എയറിലാണെന്ന് പറയാം.

രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ ഗംഭീര പ്രകടനം തന്നെ സഞ്ജു സാംസണ്‍ നടത്തി. 52 പന്ത് നേരിട്ട് 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു കസറിയത്. സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച പ്രകടനം സഞ്ജുവിന് കാഴ്ചവെക്കാനായില്ല. അതുകൊണ്ടുതന്നെ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. പരാഗും മിന്നല്‍ പ്രകടനമാണ് നടത്തിയത്. 29 പന്തില്‍ 43 റണ്‍സ് നേടിയ പരാഗ് 1 ഫോറും 3 സിക്‌സുമാണ് നേടിയത്.
അതേ സമയം യശ്വസി ജയ്‌സ്വാളിന് മികച്ച തുടക്കത്തെ മുതലാക്കാനായില്ല. 12 പന്തില്‍ 24 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ പുറത്തായത്. 3 ഫോറും 1 സിക്‌സുമാണ് ജയ്‌സ്വാള്‍ നേടിയത്. വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച ജയ്‌സ്വാളിനെ മൊഹ്‌സിന്‍ ഖാനാണ് പുറത്താക്കിയത്. ജോസ് ബട്‌ലര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല. 9 പന്തില്‍ 11 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 2 ബൗണ്ടറികളാണ് ബട്‌ലര്‍ അടിച്ചെടുത്തത്. ഷിംറോന്‍ ഹെറ്റ്‌മെയര്‍ 7 പന്തില്‍ 5 റണ്‍സാണെടുത്തത്.
ഇത് റണ്‍റേറ്റ് കുറച്ചു. ദ്രുവ് ജുറേല്‍ 12 പന്തില്‍ 20* റണ്‍സുമായി തിളങ്ങി. ഓരോ സിക്‌സും ഫോറുമാണ് താരം നേടിയത്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവും ജുറേലും തമ്മില്‍ കടുത്ത മത്സരമുണ്ട്. സഞ്ജുവിന് നന്നായി തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വരുന്ന മത്സരങ്ങളിലും ഇതേ മികവ് ആവര്‍ത്തിക്കാനാവുമോയെന്നതാണ് പ്രശ്‌നം. സ്ഥിരതയാണ് സഞ്ജുവിന്റെ പ്രധാന ദൗര്‍ബല്യം. ഇത്തവണ ഇതിന് പരിഹാരം കാണാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.