ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. തുടര്‍ച്ചയായ മൂന്ന് മത്സരം തോറ്റ ക്ഷീണത്തിലെത്തിയ രാജസ്ഥാനായി നായകന്‍ സഞ്ജു കസറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തിന് കാഴ്ചവെക്കാനായത്. 15 പന്തില്‍ 18 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.
പുറത്തായ ഷോട്ടാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. നതാന്‍ ഇല്ലിസിന്റെ അല്‍പ്പം ബൗണ്‍സ് നിറഞ്ഞ പന്തില്‍ ബാറ്റുവെച്ച സഞ്ജുവിന് പിഴച്ചു. രാഹുല്‍ ചഹാറിന് അനായാസ ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായി മാറിയിരിക്കുകയാണ്. നായകന്റെ ഇന്നിങ്‌സ് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് തുലക്കുന്നത്.
പൊതുവേ കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് രാഹുലിന്റേത്. എന്നാല്‍ ഇത്തവണ പതിയെ തുടങ്ങി കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു. അവസാന മത്സരങ്ങളിലെല്ലാം ഈ പിഴവാണ് സഞ്ജുവിനെ വേട്ടയാടുന്നത്. എന്നാല്‍ ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചു. പല സീസണുകളിലും സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്‌നമായിരുന്നു.
എന്നാല്‍ ഇത്തവണ പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താനും സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അവസാന മൂന്ന് മത്സരവും തോറ്റ രാജസ്ഥാന്‍ പഞ്ചാബിനെതിരേ അഭിമാന ജയം തേടിയാണ് ഇറങ്ങിയത്. ജോസ് ബട്‌ലറിന് പകരം യശ്വസി ജയ്‌സ്വാളും ടോം കോഹ്ലര്‍ കാഡ്‌മോറും ചേര്‍ന്നാണ് രാജസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ പന്ത് ബൗണ്ടറി പറത്തിയ യശ്വസി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ത്തന്നെ മടങ്ങി.

സാം കറെന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് ജയ്‌സ്വാള്‍ പുറത്തായത്. കാഡ്‌മോര്‍ പ്രതീക്ഷ നല്‍കുന്ന ഷോട്ടുകള്‍ കളിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 23 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 18 റണ്‍സാണ് അദ്ദേഹം നേടിയത്. ജയ്‌സ്വാള്‍ സീസണില്‍ ഒരു സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ടി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണറായി പരിഗണിക്കുന്ന ജയ്‌സ്വാളിന്റെ സമീപകാല പ്രകടനങ്ങളൊന്നും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല.
പ്ലേ ഓഫില്‍ രാജസ്ഥാന്‍ സീറ്റുറപ്പിച്ചു. എന്നാല്‍ ആദ്യ പാദത്തിലെ മികവ് രണ്ടാം പാദത്തില്‍ രാജസ്ഥാന് ആവര്‍ത്തിക്കാനാവാത്തത് ടീമിന് വലിയ തലവേദനയായി മാറിയേക്കും. ബട്‌ലറുടെ അഭാവവും രാജസ്ഥാന് തിരിച്ചടിയാകുമെന്ന് നിസംശയം പറയാം.
സഞ്ജു സാംസണ്‍ പഴയ വെടിക്കെട്ട് ശൈലിയിലേക്ക് മാറേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പ്ലേ ഓഫിലടക്കം രാജസ്ഥാന്‍ നിരാശപ്പെടുത്താനാണ് സാധ്യത. നിലവിലെ ടീമിന്റെ പ്രകടനം ആത്മവിശ്വാസത്തോടെയല്ല. ടീമെന്ന നിലയില്‍ ഒത്തിണക്കമില്ലാതെയാണ് ഇപ്പോള്‍ രാജസ്ഥാന്‍ കളിക്കുന്നത്. ഇതാണ് ടീമിന്റെ തുടര്‍ തോല്‍വികള്‍ക്ക് കാരണം.
പ്ലേയിങ് 11- രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹാല്‍
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ, റില്ലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (wc), സാം കറെന്‍ (c), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നതാന്‍ ഇല്ലിസ്, രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിങ്