IPL 2024: എല്ലാം തിരക്കഥയോ? കമ്മിന്‍സ് എന്തുകൊണ്ട് അത് ചെയ്തു? ഫീല്‍ഡിങ്ങും സംശയം!
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കെകെആര്‍ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 38 പന്ത് ബാക്കിയാക്കി വിജയിച്ചു.
മികച്ചൊരു പോരാട്ടം പോലും കാഴ്ചവെക്കാന്‍ ഹൈദരാബാദിനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഹൈദരാബാദിന്റെ തോല്‍വിക്ക് പിന്നാലെ ചില സംശയങ്ങള്‍ ഉയര്‍ത്തുന്ന ആരാധകര്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും വിമര്‍ശനം ഉയര്‍ത്തുകയാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഹൈദരാബാദ് നായകന്റെ തീരുമാനം തെറ്റായിപ്പോയെന്ന് പറയാം. അഹമ്മദാബാദിലെ പിച്ചില്‍ മഞ്ഞ് വീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ വലിയ സ്‌കോര്‍ അടിച്ചെടുത്ത് കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കമ്മിന്‍സ് പദ്ധതിയിട്ടത്. ഈ തീരുമാനം പാളി. വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ഡെക്കിന് മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡാക്കി. അഭിഷേക് ശര്‍മ 3 റണ്‍സിലും മടക്കി.
പവര്‍പ്ലേയ്ക്കുള്ളില്‍ 4 വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ഇത് ടീമിന്റെ പദ്ധതികളെ തകര്‍ത്തു. ഹൈദരാബാദിന്റെ ബാറ്റിങ് തന്ത്രം കടന്നാക്രമിക്കുകയെന്നതായിരുന്നു. പിടിച്ചുനിന്ന് കളിക്കാന്‍ ആരും തയ്യാറായില്ല. എല്ലാവരും അമിത ആക്രമണത്തിന് മുതിര്‍ന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സാഹചര്യം മനസിലാക്കി കളിക്കാന്‍ ആരും തയ്യാറായില്ല. 126 റണ്‍സിന് 9 വിക്കറ്റ് എന്ന നിലയിലേക്ക് ഹൈദരാബാദ് തകര്‍ന്നിരുന്നു.

ഇവിടെ നിന്ന് 159ലേക്ക് ടീം സ്‌കോര്‍ എത്തിച്ചത് പാറ്റ് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ്. 24 പന്തില്‍ 30 റണ്‍സാണ് കമ്മിന്‍സ് നേടിയത്. ഈ പ്രകടനം ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേട് ഹൈദരാബാദിന് നേരിടേണ്ടി വരുമായിരുന്നു. അബ്ദുല്‍ സമദ് കമ്മിന്‍സുമായി ചേര്‍ന്ന് കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടിയിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ച് എട്ടാമനായി സമദ് പുറത്താവുമ്പോള്‍ 32 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. കൂട്ടുകെട്ടുണ്ടാക്കാന്‍ സമദ് ശ്രമിച്ചില്ല.
രാഹുല്‍ ത്രിപാഠി ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായതും ഹൈദരാബാദിനെ തളര്‍ത്തി. 160 റണ്‍സ് പ്രതിരോധിക്കാന്‍ ഇറങ്ങിയ ഹൈദരാബാദിന്റെ ശരീര ഭാഷ തന്നെ തോറ്റവരുടേതായിരുന്നു. ഒരു ഘട്ടത്തിലും കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹൈദരാബാദിനായില്ല. നായകന്‍ പാറ്റ് കമ്മിന്‍സ് തല്ലുവാങ്ങി. റണ്ണൊഴുക്ക് നിയന്ത്രിച്ച് കളി പിടിക്കാന്‍ നായകനെന്ന നിലയില്‍ കമ്മിന്‍സിന് സാധിക്കാതെ പോയി. ഹൈദരാബാദിന്റെ മോശം ഫീല്‍ഡിങ്ങും എടുത്തു പറയണം.
ശ്രേയസ് അയ്യര്‍ക്ക് രണ്ട് തവണ ലൈഫ് ലഭിച്ചു. സ്പിന്നര്‍ വിജയകാന്ത് വിയാസ്‌കാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ റിച്ച് ക്ലാസന് മികച്ചൊരു ക്യാച്ച് അവസരം ലഭിച്ചതാണ്. എന്നാല്‍ രാഹുല്‍ ത്രിപാഠി ഇടക്ക് കയറിയതോടെ ഈ ക്യാച്ച് നഷ്ടമായി. ടി നടരാജന്റെ പന്തില്‍ ശ്രേയസിന്റെ അനായാസ ക്യാച്ച് ട്രാവിസ് ഹെഡിന് ലഭിച്ചതാണ്. എന്നാല്‍ താരം ഇത് നഷ്ടപ്പെടുത്തി. അത്രയും അനായാസ ക്യാച്ച് ഹെഡിനെപ്പോലൊരു മികച്ച ഫീല്‍ഡര്‍ വിട്ടുകളഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നത്.
ഹൈദരാബാദ് ബാറ്റിങ്ങില്‍ ഉപയോഗിച്ച ഇംപാക്ട് പ്ലയര്‍ പാളിയതും കാര്യമായി ബാധിച്ചു. വലിയ മത്സരത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടത്തില്‍ സന്‍വീര്‍ സിങ്ങിനെപ്പോലൊരു അനുഭവസമ്പത്തില്ലാത്ത താരത്തെ എന്ത് അടിസ്ഥാനത്തിലാണ് ഇംപാക്ട് പ്ലയറാക്കിയതെന്നതാണ് എടുത്തു ചോദിക്കേണ്ടത്. അനുഭവസമ്പന്നനായ താരത്തെ ആ സമയത്ത് ഉപയോഗിച്ചിരുന്നെങ്കില്‍ ഹൈദരാബാദിന് അല്‍പ്പം കൂടി മികച്ച സ്‌കോറിലേക്കെത്താമായിരുന്നു. സന്‍വീര്‍ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്.
ബൗളിങ്ങും കൂടി മുന്നില്‍ക്കണ്ട് ഓള്‍റൗണ്ടറെ ഉപയോഗിക്കണമായിരുന്നു. ജയദേവ് ഉനദ്ഘട്ടിനെയായിരുന്നു ഹൈദരാബാദ് പരിഗണിക്കേണ്ടിയിരുന്നു. പക്ഷെ ഹൈദരാബാദ് വിചിത്ര തീരുമാനമാണെടുത്തത്. നായകനെന്ന നിലയില്‍ കമ്മിന്‍സ് ധൈര്യം കാട്ടിയില്ല. നിധീഷ് കുമാര്‍ റെഡ്ഡിനെ കൊണ്ടുവരുന്നത് 13ാം ഓവറിലാണ്. അപ്പോഴേക്കും 129 റണ്‍സ് കെകെആര്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ട്രാവിസ് ഹെഡിന് ആദ്യ 10 ഓവറിനുള്ളില്‍ ഒരോവര്‍ നല്‍കാമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications