ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വീണ്ടും മെല്ലപ്പോക്ക് ബാറ്റിങ് നടത്തി വിമര്‍ശനം ഏറ്റുവാങ്ങി കെ എല്‍ രാഹുല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 33 പന്തില്‍ 29 റണ്‍സാണ് നേടിയത്. 1 ഫോറും സിക്‌സും പറത്തിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 87.87 മാത്രം. അടിച്ചുതകര്‍ക്കേണ്ട പവര്‍പ്ലേയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. 19 പന്ത് നേരിട്ട് 24 റണ്‍സാണ് രാഹുലിന് നേടാനായത്.
77 മാത്രം സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ ബാറ്റ് ചെയ്തത്. രണ്ടാം ഓവറില്‍ പാറ്റ് കമ്മിന്‍സിനെതിരേ ഒരു സിക്‌സര്‍ നേടിയ രാഹുല്‍ ഒരു ബൗണ്ടറി നേടുന്നത് 9.1ാം പന്തിലാണ്. ആകെ ഒരു സിക്‌സും ഫോറും മാത്രമാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാന്‍ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം പന്തെറിയാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദിന്റെ നായകന്‍ ആഗ്രഹിച്ചതുപോലെയാണ് ടോസ് നേടിയ രാഹുല്‍ തീരുമാനമെടുത്തത്. ഹൈദരാബാദിനെപ്പോലെ ശക്തമായ ബാറ്റിങ് നിരയുള്ള ടീമിനെതിരേ വമ്പന്‍ സ്‌കോര്‍ തന്നെ ലഖ്‌നൗ എടുക്കേണ്ടിയിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ ഒച്ചിഴയും വേഗത്തില്‍ ബാറ്റ് ചെയ്ത കെ എല്‍ രാഹുല്‍ ലഖ്‌നൗവിന്റെ വില്ലനായി മാറുകയായിരുന്നു. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രാഹുല്‍ തഴയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇതിനുള്ള മറുപടി രാഹുല്‍ പ്രകടനം കൊണ്ട് നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഓരോ മത്സരത്തിലും പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് നടത്തി ടീമിന്റെ തോല്‍വിക്ക് കാരണമായി രാഹുല്‍ മാറുന്നതാണ് കാണാനാവുന്നത്. നായകനെന്ന നിലയില്‍ രാഹുലിന്റെ മണ്ടന്‍ തീരുമാനങ്ങളും ടീമിനെ പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഈ സീസണില്‍ കൂടുതല്‍ ഡോട്ട്‌ബോള്‍ കളിക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് രാഹുല്‍. 109 പന്തുകളാണ് സീസണില്‍ രാഹുല്‍ ഡോട്ട്‌ബോളാക്കിയത്. ഐപിഎല്ലില്‍ വെടിക്കെട്ട് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് രാഹുല്‍. എന്നാല്‍ ഈ സീസണില്‍ മികച്ചൊരു ഷോട്ട് പോലും കളിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നില്ല. പവര്‍പ്ലേയില്‍ അമിത പ്രതിരോധം കാട്ടി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് രാഹുല്‍ ചെയ്യുന്നത്.
ബാറ്റിങ് ഓഡറില്‍ അനാവശ്യ പരീക്ഷണങ്ങളും രാഹുല്‍ നടത്തി ടീമിനെ തളര്‍ത്തുന്നു. ഹൈദരാബാദിനെതിരേ നാലാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യയാണ് ബാറ്റ് ചെയ്തത്. ക്വിന്റന്‍ ഡീകോക്കും (2) മാര്‍ക്കസ് സ്‌റ്റോയിണിസും (3) പവര്‍പ്ലേയ്ക്കുള്ളില്‍ മടങ്ങിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയെ ബാറ്റിങ്ങിനിറക്കിയത് മണ്ടന്‍ തീരുമാനമായി. അല്‍പ്പം കൂടി ആക്രമിക്കാന്‍ ശേഷിയുള്ള താരത്തെ നാലാം നമ്പറില്‍ ഇറക്കണമായിരുന്നു. ആയുഷ് ബദോനിക്ക് അവസരം നല്‍കാവുന്നതായിരുന്നു.
ക്രുണാലും രാഹുലും ഒരേപോലെ മെല്ലെപ്പോക്ക് നടത്തിയതോടെ ലഖ്‌നൗ പ്രതിസന്ധിയിലായി. 21 പന്തില്‍ 24 റണ്‍സാണ് ക്രുണാല്‍ നേടിയത്. 2 സിക്‌സുകളാണ് അദ്ദേഹം നേടിയത്. പ്ലേ ഓഫിനോടടുക്കവെ ലഖ്‌നൗവിന് ഹൈദരാബാദിനോട് ജയിക്കേണ്ടത് അത്യാവശ്യമായിരുന്നിട്ടും ഇത്രയും മോശം പ്രകടനം നടത്തിയ രാഹുല്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പറയാം.
പ്ലേയിങ് 11- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, സന്‍വീര്‍ സിങ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്ഘട്ട്, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍ (c,wc), മാര്‍ക്കസ് സ്‌റ്റോയിണിസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, യഷ് താക്കൂര്‍, രവി ബിഷ്‌നോയ്, നവീന്‍ ഉള്‍ ഹഖ്