ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 177 റണ്‍സ് വിജയ ലക്ഷ്യം വെച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ചിന്ന സ്വാമി സ്റ്റേഡിയത്തിലെ ശരാശരി സ്‌കോറാണിത്. അതുകൊണ്ടുതന്നെ ഓരോ വിക്കറ്റും പഞ്ചാബിന് വിലപ്പെട്ടതായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ സാം കറെന്‍ വിക്കറ്റിന് അവസരമൊരുക്കിയപ്പോള്‍ ജോണി ബെയര്‍സ്‌റ്റോയുടെ വലിയ പിഴവ് ആര്‍സിബിയെ രക്ഷിച്ചിരിക്കുകയാണ്.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ വിരാട് കോലിയുടെ ക്യാച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെയര്‍സ്റ്റോക്ക് ലഭിച്ചു. എഡ്ജില്‍ തട്ടി സ്ലിപ്പിലേക്കെത്തിയ പന്തിനെ അനായാസം പിടിക്കാമായിരുന്നെങ്കിലും ബെയര്‍സ്റ്റോ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പന്ത് കടന്നുപോയി. വളരെ വിലപ്പെട്ട വിക്കറ്റും മത്സരഫലം മാറ്റിമറിക്കാനുള്ള അവസരവുമാണ് ബെയര്‍സ്റ്റോ കൈവിട്ടത്. ലൈഫ് മുതലാക്കിയ കോലി ഈ ഓവറില്‍ നാല് ബൗണ്ടറികളാണ് നേടിയത്.
ഇതിന് പിന്നാലെ ബെയര്‍സ്റ്റോക്കെതിരേ ആഞ്ഞടിക്കുകയാണ് പഞ്ചാബ് ആരാധകര്‍. ടീമിന് യാതൊരു ഉപകാരവും ചെയ്യാത്ത താരമാണ് ബെയര്‍സ്റ്റോയെന്നും പന്ത് പിടിക്കാന്‍ പോലും അറിയില്ലെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഓപ്പണറായി ബാറ്റിങ്ങിനിറങ്ങിയ ബെയര്‍സ്റ്റോ 6 പന്തില്‍ 8 റണ്‍സാണ് നേടിയത്. പിന്നാലെയാണ് കോലിയുടെ നിര്‍ണ്ണായക ക്യാച്ചവസരവും പാഴാക്കിയത്. ഇതോടെ ബെയര്‍സ്‌റ്റോ എയറിലാണെന്ന് പറയാം.
ബെയര്‍സ്റ്റോയെ പുറത്താക്കി പഞ്ചാബ് മറ്റാരെയെങ്കിലും കളിപ്പിക്കണമെന്നും കോലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് ആരാധകര്‍ പറയുന്നത്. കോലിയെ ചിന്നി സ്വാമിയില്‍ വിട്ടുകളയുന്നതിലും വലിയ മണ്ടത്തരമില്ലെന്നും മാപ്പില്ലാത്ത പിഴവാണിതെന്നും ആരാധകര്‍ പറയുന്നു. ആദ്യ മത്സരത്തില്‍ കോലിക്ക് തിളങ്ങാനായിരുന്നില്ല. 20 പന്തില്‍ 21 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കോലി നേടിയത്.

അതുകൊണ്ടുതന്നെ പഞ്ചാബിനെതിരേ കോലിക്ക് തിളങ്ങേണ്ടത് നിര്‍ണ്ണായകമായിരുന്നു. ഓഫ് സൈഡിലെ കോലിയുടെ വീക്കനെസ് മനസിലാക്കിയാണ് കറെന്‍ സ്വിങ് ചെയ്യിച്ച ഓഫ് സൈഡില്‍ പന്തെറിഞ്ഞത്. കൃത്യമായി കോലി ഈ കെണിയില്‍ വീഴുകയും ചെയ്തു. എന്നാല്‍ അത് മുതലാക്കാന്‍ ബെയര്‍സ്റ്റോക്ക് സാധിക്കാതെ പോയി. പഞ്ചാബ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബെയര്‍സ്റ്റോക്കാണെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോലിയുടെ വിക്കറ്റ് നഷ്ടമാക്കിയത് മത്സരഫലം മാറ്റുമെന്നുറപ്പ്.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ മികച്ച ബൗളിങ്ങിലൂടെ വലിയ സ്‌കോറിലേക്ക് പോകാതെ പിടിച്ചുകെട്ടാന്‍ ആര്‍സിബിക്കായിരുന്നു. മുഹമ്മദ് സിറാജും യഷ് ദയാലും ചേര്‍ന്ന് പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ സിറാജ് പുറത്താക്കി. എഡ്ജായി വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്‌റ്റോയുടെ മടക്കം. പ്രഭ്‌സിംറാന്‍ സിങ് പതിവ് പോലെ റണ്‍സുയര്‍ത്താന്‍ ശ്രമം നടത്തി.
12 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറും പറത്തി 25 റണ്‍സെടുത്ത താരത്തെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണ് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല.
13 പന്തില്‍ 1 സിക്‌സും ഫോറുമുള്‍പ്പെടെ 17 റണ്‍സെടുത്താണ് താരം മടങ്ങിയത്. ആദ്യ മത്സരത്തിലെ ഹീറോയായ സാം കറെന്‍ 17 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സാണ് നേടിയത്. 20 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സാണ് ജിതേഷ് ശര്‍മ നേടിയത്.
ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ് വെല്ലും മുഹമ്മദ് സിറാജും 2 വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.