അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആവേശ മത്സരത്തില്‍ 6 റണ്‍സിനാണ് ആതിഥേയരായ ഗുജറാത്തിന്റെ ജയം. തങ്ങളുടെ മുന്‍ നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിനെതിരേ തട്ടകത്തില്‍ തോല്‍ക്കാതിരിക്കുകയെന്നത് ഗുജറാത്തിന്റെ അഭിമാന പ്രശ്‌നമായിരുന്നു. അവസാന അഞ്ചോവറില്‍ 43 റണ്‍സ് മാത്രമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ഏഴ് വിക്കറ്റും കൈയിലുണ്ടായിരുന്നു. എന്നിട്ടും പേരുകേട്ട മുംബൈ നിരയെ പിടിച്ചുകെട്ടാന്‍ ഗുജറാത്തിനായി. മുംബൈയുടെ നായകനായി ഹാര്‍ദിക് പാണ്ഡ്യ തോറ്റ് തുടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരം തോല്‍ക്കുന്നത് മുംബൈയെ സംബന്ധിച്ച് പുത്തരിയല്ലെങ്കിലും ഇത്തവണത്തെ തോല്‍വി അഭിമാന പ്രശ്‌നമായിരുന്നു. ഗുജറാത്തിനോട് തോറ്റതോടെ മുംബൈ ആരാധകര്‍ കട്ട കലിപ്പിലായിരിക്കുകയാണ്. പ്രധാനമായും ഹാര്‍ദിക് പാണ്ഡ്യക്കെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.
ഹാര്‍ദിക് എറിഞ്ഞ മൂന്ന് ഓവറുകളെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. നായകനായതിനാല്‍ ആദ്യ ഓവറടക്കം പവര്‍പ്ലേയില്‍ രണ്ട് ഓവറുകളാണ് ഹാര്‍ദിക് എറിഞ്ഞത്. തല്ലുകൊണ്ടതല്ലാതെ ഒരു വിക്കറ്റ് പോലും നേടാനായില്ല. 3 ഓവറില്‍ 30 റണ്‍സാണ് വിക്കറ്റ് നേടാതെ ഹാര്‍ദിക് വഴങ്ങിയത്. ഇതിന് പിന്നാലെ ബാറ്റിങ് ഓഡറില്‍ സ്വയം പിന്നോട്ടിറങ്ങിയ ഹാര്‍ദിക് 4 പന്തില്‍ 11 റണ്‍സുമായി പുറത്താവുകയും ചെയ്തു. ഹാര്‍ദിക്കിന്റെ അഹങ്കാരമാണ് മുംബൈയെ തോല്‍പ്പിച്ചതെന്നാണ് ആരാധകരുടെ വിമര്‍ശനം.
സ്വയം വലിയ സംഭവമാണെന്ന് ഹാര്‍ദിക് കരുതുന്നു. അതുകൊണ്ടുതന്നെയാണ് തല്ലുവാങ്ങിയിട്ടും 3 ഓവര്‍ പന്തെറിഞ്ഞത്. തിലക് വര്‍മക്കും ടിം ഡേവിഡിനും ഫിനിഷര്‍ റോള്‍ നല്‍കി മുന്നോട്ട് കയറി കളിച്ച് ടീമിനെ ജയിപ്പിക്കാന്‍ ഹാര്‍ദിക് തയ്യാറാവണമായിരുന്നു. ഗുജറാത്തിനായി കളിച്ചപ്പോള്‍ മധ്യനിരയിലും ടോപ് ഓഡറിലുമടക്കം ഹാര്‍ദിക് കളിച്ചിരുന്നു. ഇപ്പോള്‍ ഒറ്റക്ക് ഫിനിഷ് ചെയ്ത് സൂപ്പര്‍ ഹീറോയാവാന്‍ ശ്രമിച്ച ഹാര്‍ദിക് നാണംകെട്ടിരിക്കുകയാണ്.

തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഹാര്‍ദിക്കിനാണെന്നും സ്വയം വലിയ സംഭവമാണെന്ന ചിന്തയാണ് താരത്തിന് വില്ലനായതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ആദ്യം ഫീല്‍ഡ് ചെയ്യാനിറങ്ങിയ മുംബൈയുടെ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്ന ബൗളിങ്ങാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എന്നാല്‍ രോഹിത് ശര്‍മയോട് ഹാര്‍ദിക് പെരുമാറിയത് ശരിയായില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. രോഹിത്തിനോട് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ ഹാര്‍ദിക് ആവശ്യപ്പെട്ടിരുന്നു.
അത്ഭുതത്തോടെയാണ് നായകന്റെ നിര്‍ദേശം രോഹിത് കേട്ടത്. സഹതാരങ്ങളോട് രോഹിത് സംസാരിക്കാതിരിക്കാന്‍ ഹാര്‍ദിക് നടത്തിയ നാണംകെട്ട നീക്കമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ ഫലമാണ് മുംബൈ അനായാസം ജയിക്കേണ്ട കളി തോറ്റതെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ഹാര്‍ദിക് ഇതേ അഹങ്കാരം തുടര്‍ന്നാല്‍ മുംബൈ ഇനിയും മത്സരങ്ങള്‍ തോല്‍ക്കുമെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു.
എന്തായാലും രോഹിത്തിന്റെ കീഴില്‍ നിന്ന് മുംബൈ മാറിയിട്ടും ആദ്യ മത്സരത്തിലെ തോല്‍വിത്തുടക്കമെന്ന ശീലം മുംബൈ മാറ്റിയിട്ടില്ല. പൊതുവേ ഡെത്തോവറില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം നടത്തുന്ന ടീമായിരുന്നു മുംബൈ. എന്നാല്‍ ഇപ്പോള്‍ 5 ഓവറില്‍ 43 റണ്‍സ് പോലും നേടാന്‍ സാധിക്കുന്നില്ല. മുംബൈയുടെ തോല്‍വിക്ക് പിന്നിലെ വാഴ്ത്തപ്പെടാത്ത ബുദ്ധി ഗുജറാത്ത് പരിശീലകന്‍ ആശിഷ് നെഹ്‌റയുടേതാണ്. അതുകൊണ്ടുതന്നെ നെഹ്‌റയെ പ്രശംസിക്കുകയാണ് ആരാധകര്‍.