മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ അവസാന മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 215 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ ആദ്യ 10 ഓവറില്‍ നന്നായി പ്രയാസപ്പെട്ടെങ്കിലും അവസാന 10 ഓവറില്‍ ബാറ്റിങ് വിസ്‌ഫോടനം നടത്തി 214 എന്ന മികച്ച സ്‌കോറിലേക്കെത്തുകയായിരുന്നു. ആദ്യ 10 ഓവറില്‍ 3 വിക്കറ്റിന് 69 റണ്‍സാണ് ലഖ്‌നൗ നേടിയത്.
പിന്നീടുള്ള 10 ഓവറില്‍ 145 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. നിക്കോളാസ് പുരാന്റെ (75*) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ഇപ്പോഴിതാ ലഖ്‌നൗവിന്റെ അവസാന 10 ഓവറിലെ വമ്പനടിക്ക് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ട്രോളുകയാണ് ആരാധകര്‍. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് മണ്ടനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
അന്‍ഷുല്‍ കാംബോജിന് 3 ഓവര്‍ നല്‍കിയപ്പോള്‍ താരം 48 റണ്‍സാണ് വിട്ടുകൊടുത്തത്. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കി ഇറങ്ങിയ മുംബൈയുടെ ബൗളിങ് നിരയില്‍ നുവാന്‍ തുഷാരയും പീയൂഷ് ചൗളയും മികവ് കാട്ടി. എന്നാല്‍ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യ യാതൊരു ഇംപാക്ടും സൃഷ്ടിക്കുന്നില്ല. പന്തെറിയാനെത്തിയപ്പോള്‍ 2 ഓവറില്‍ 27 റണ്‍സാണ് താരം വഴങ്ങിയത്. സീനിയര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ ഹാര്‍ദിക് അവസരത്തിനൊത്ത് ഉയരണമായിരുന്നു.
എന്നാല്‍ നിരാശപ്പെടുത്തുകയാണ് ചെയ്തത്. നിക്കോളാസ് പുരാന്‍ തകര്‍ത്തടിക്കുമ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഉപയോഗിച്ചു. പേശീവലിവ് അനുഭവപ്പെട്ട അര്‍ജുന്‍ ആദ്യ രണ്ട് പന്ത് ഫുള്‍ട്ടോസ് എറിഞ്ഞ് സിക്‌സര്‍ വഴങ്ങിയതിന് പിന്നാലെ കളം വിട്ടു. ശേഷിക്കുന്ന നാല് പന്തുകള്‍ നമാന്‍ ദിറാണ് എറിഞ്ഞത്. ഈ നാല് പന്തുകളില്‍ നിന്ന് 17 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. ഉത്തരവാദിത്തമേറ്റെടുത്ത് ഈ നാല് പന്തുകള്‍ ഹാര്‍ദിക് എറിയണമായിരുന്നു.

എന്നാല്‍ അതിനുള്ള ധൈര്യം ഹാര്‍ദിക് കാട്ടിയില്ല. മുംബൈ ബൗളര്‍മാരെ ഉപയോഗിച്ച് പരീക്ഷണം നടത്തുകയാണ് ചെയ്തത്. ആദ്യത്തെ 10 ഓവറില്‍ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ മുംബൈക്ക് സാധിച്ചെങ്കിലും പിന്നീടുള്ള 10 ഓവറുകള്‍ക്കൊണ്ട് കളി കൈവിട്ടത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയമാണ്. ഈ സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായതിന് കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടന്‍ ക്യാപ്റ്റന്‍സിയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
രോഹിത് ശര്‍മയെ ഒഴിവാക്കുന്നതിന് പകരം മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കുകയാണ് വേണ്ടതെന്നും സൂപ്പര്‍ താരമാണെന്ന ചിന്തകൊണ്ടാണ് ഹാര്‍ദിക്കിന് തിളങ്ങാനാവാത്തതെന്നും ആരാധകര്‍ പറയുന്നു. മുംബൈ ടീമില്‍ വലിയ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബൗളിങ് നിര കാഴ്ചവെച്ചത്. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാത്ത ഹാര്‍ദിക്കിന്റെ മണ്ടത്തരവും ടീമിനെ ഇത്തവണ തളര്‍ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലഖ്‌നൗവിന് ആദ്യ ഓവറില്‍ത്തന്നെ ദേവ്ദത്ത് പടിക്കലിനെ നഷ്ടമായി. ഗോള്‍ഡന്‍ ഡെക്കായാണ് ഇടം കൈയന്‍ ഓപ്പണര്‍ മടങ്ങിയത്. 22 പന്തില്‍ 5 ഫോറടക്കം 28 റണ്‍സോടെ സ്‌റ്റോയിണിസ് പ്രതീക്ഷ നല്‍കിയെങ്കിലും പീയൂഷ് ചൗള എല്‍ബിയില്‍ കുടുക്കി. ദീപക് ഹൂഡക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 9 പന്തില്‍ 1 ഫോറടക്കം 11 റണ്‍സ് നേടിയ ഹൂഡയെ ചൗള മടക്കി. പിന്നീടാണ് പുരാന്റെ കടന്നാക്രമണം.
29 പന്തില്‍ 5 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 75 റണ്‍സോടെയാണ് പുരാന്‍ പുറത്തായത്. നുവാന്‍ തുഷാരക്കാണ് വിക്കറ്റ്. അര്‍ഷാദ് ഖാനെ തുഷാര ഗോള്‍ഡന്‍ ഡെക്കാക്കി. 41 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 55 റണ്‍സാണ് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ നേടിയത്.