ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോം തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 10 പന്തില്‍ 10 റണ്‍സ് മാത്രമാണ് ഹാര്‍ദിക്കിന് നേടാനായത്. 16.1 ഓവറില്‍ 151 റണ്‍സ് മുംബൈയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. എന്നാല്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 179 റണ്‍സാണ് മുംബൈക്ക് നേടാനായത്. ഇപ്പോഴിതാ ഹാര്‍ദിക്കിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.
ഹാര്‍ദിക് കളിക്കുന്നത് മുംബൈയെ തോല്‍പ്പിക്കാനാണെന്നാണ് ആരാധകരുടെ വിമര്‍ശനം. നേഹല്‍ വദേരയും തിലക് വര്‍മയും ചേര്‍ന്ന് മികച്ച നിലയില്‍ കൊണ്ടുപോയിരുന്ന മുംബൈ സ്‌കോര്‍ബോര്‍ഡിന്റെ താളം തെറ്റിച്ചത് ഹാര്‍ദിക്കാണെന്നാണ് ആരാധക പക്ഷം. അതിവേഗം സ്‌കോര്‍ ഉയര്‍ത്താനുള്ള ആത്മവിശ്വാസമില്ലെങ്കില്‍ ടിം ഡേവിഡിനെ ഇറക്കണമായിരുന്നു. നേരത്തെ ബാറ്റ് ചെയ്യാനെത്തി 10 പന്ത് 10 റണ്‍സെടുക്കുന്നത് നായകനെന്ന നിലയില്‍ ടീമിനോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഹാര്‍ദിക്കിനെ മുംബൈ തിരികെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ ഇത്തവണ കപ്പടിക്കാന്‍ കഴിവുള്ള ടീമായിരുന്നു മുംബൈ എന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് വെറും ഷോ മാത്രമാണെന്നും ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ടീമിന് ഉപകാരമില്ലെന്നും ആരാധകര്‍ പറയുന്നു. ഹാര്‍ദിക്കിനെ ഫിനിഷറാക്കാന്‍ സാധിക്കില്ലെന്നും താരത്തെ ടോപ് ഓഡറില്‍ കളിപ്പിക്കുന്നതാണ് നല്ലതെന്നുമാണ് ആരാധകര്‍ പറയുന്നത്.
മോശം പ്രകടനത്തിന് പിന്നാലെ രണ്ട് റിവ്യൂകളും താരം പാഴാക്കി. ആവേശ് ഖാന്റെ ഫുള്‍ട്ടോസിലാണ് ഹാര്‍ദിക് വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നത്. ഓഫ് സ്റ്റംപിലേക്ക് കയറിക്കളിച്ച ഹാര്‍ദിക്കിന്റെ ബാറ്റില്‍ ടെച്ചുണ്ടായിരുന്നില്ലെന്ന് ഉറപ്പായിരുന്നിട്ടും റിവ്യൂ കൊടുക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. നായകനെന്ന നിലയില്‍ സ്വന്തം ഇഷ്ട പ്രകാരം ഹാര്‍ദിക് തീരുമാനങ്ങളെടുക്കുമ്പോള്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
മുംബൈ സ്‌കോര്‍ബോര്‍ഡ് 200 കടന്നേനെയെന്നും ബാറ്റിങ്ങിന്റെ താളം നഷ്ടപ്പെടുത്തിയത് ഹാര്‍ദിക്കാണെന്നുമാണ് ആരാധകരുടെ വിമര്‍ശനം. ആദ്യ ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക് 11 റണ്‍സും വിട്ടുകൊടുത്തു. ഹാര്‍ദിക്കിനെ മാറ്റി നിര്‍ത്താതെ മുംബൈക്ക് ഇത്തവണ പ്ലേ ഓഫില്‍ കളിക്കാനാവില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറുടെ റോളില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നു.
എന്നാല്‍ ഇന്ത്യ ഹാര്‍ദിക്കിനെ ടീമിലെടുക്കരുതെന്നും ശിവം ദുബെയെയാണ് കളിപ്പിക്കേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ നായകനെന്ന നിലയില്‍ ഹാര്‍ദിക് നാണംകെടുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത ഹാര്‍ദിക്കിന് മുംബൈക്കൊപ്പം ഈ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്.
രാജസ്ഥാനെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹാര്‍ദിക്കിന്റെ തീരുമാനം മണ്ടത്തരമായി എന്നതാണ് വസ്തുത. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 5 പന്തില്‍ 1 ഫോറടക്കം 6 റണ്‍സ് നേടിയ രോഹിത്തിനെ ട്രന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. 3 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഇഷാന്റെ മടക്കം. സന്ദീപ് ശര്‍മയുടെ പന്തില്‍ ബാറ്റില്‍ എഡ്ജായപ്പോള്‍ സഞ്ജുവാണ് ക്യാച്ചിലൂടെ പുറത്താക്കിയത്.
8 പന്തില്‍ 2 ബൗണ്ടറിയടക്കം 10 റണ്‍സെടുത്ത സൂര്യകുമാറിനെ സന്ദീപ് ശര്‍മ മടക്കി അയച്ചു. പവര്‍പ്ലേയില്‍ മുംബൈയുടെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടിയ രാജസ്ഥാന്‍ ബൗളര്‍മാര്‍ ഡെത്തോവറിലും മുംബൈയെ വരിഞ്ഞ് മുറുക്കി. 19ാം ഓവറില്‍ 6 റണ്‍സും 20ാം ഓവറില്‍ 3 റണ്‍സുമാണ് മുംബൈക്ക് നേടാനായത്. അവസാന ഓവറില്‍ 3 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്.