For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കോലി ഒരോവര്‍ പന്തെറിയാമോ? ആവശ്യപ്പെട്ട് ആരാധകര്‍; കിങ്ങിന്റെ മറുപടി വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടാണ് ആര്‍സിബി തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആര്‍സിബി എട്ട് വിക്കറ്റിന് 196 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും മറുപടിക്കിറങ്ങിയ മുംബൈ 27 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്.

മത്സരത്തില്‍ മുംബൈ അനായാസ ജയമാണ് നേടിയെടുത്തതെങ്കിലും ചില നാടകീയമായതും രസകരമായതുമായ സംഭവങ്ങള്‍ മത്സരത്തിലുണ്ടായി. വിരാട് കോലി ബാറ്റിങ്ങില്‍ ഫ്‌ളോപ്പായെങ്കിലും മുംബൈയുടെ തട്ടകത്തിലും വലിയ ആര്‍പ്പുവിളികളാണ് കോലിക്കായി ഉയര്‍ന്നത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന കോലി മത്സരത്തിനിടെ ആരാധകരുമായി ഇടക്കിടെ സംസാരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ആരാധകര്‍ കോലിയോട് പന്തെറിയാമോയെന്ന് ചോദിക്കുകയും കോലി അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

കോലി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെയാണ് ആരാധകര്‍ അദ്ദേഹത്തോട് ഒരോവര്‍ പന്തെറിയാമോയെന്ന് ചോദിച്ചത്. ആ സമയത്ത് മുംബൈ താരങ്ങള്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കോലി കൈകൂപ്പി തനിക്ക് പറ്റില്ലെന്നാണ് ആരാധകരോട് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്. കോലിയെക്കൊണ്ട് പന്തെറിയിച്ച് തല്ലുവാങ്ങുന്നത് കാണാനാണ് മുംബൈ ആരാധകര്‍ പന്തെറിയാമോയെന്ന് ചോദിച്ചത്.

അതുകൊണ്ടുതന്നെ കോലി ചിരിച്ചുകൊണ്ടാണ് ആരാധകരോട് പ്രതികരിച്ചത്. ആരാധകരുടെ ഗൂഡ ഉദ്ദേശം മനസിലാക്കിയാണ് കോലി ഇത്തരത്തില്‍ പ്രതികരിച്ചത്. എന്തായാലും ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഓപ്പണറായി ഇറങ്ങിയ കോലി 9 പന്തില്‍ 3 റണ്‍സാണ് നേടിയത്. 33.33 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ പ്രകടനം. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം കോലിക്കെതിരേ ഉയരുന്നുണ്ട്. ടീമിന്റെ തോല്‍വിയുടെ കാരണം കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണെന്ന് ആക്ഷേപം ശക്തമാണ്.

virat kohli

എന്നാല്‍ കോലിയുടെ മറ്റൊരു പ്രവര്‍ത്തിക്ക് കൈയടി ഉയരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഇത്തവണയും കാണികളുടെ കൂവല്‍ ഉയര്‍ന്നു. ഹാര്‍ദിക് ബാറ്റു ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ കൂവലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ സമയത്ത് കോലി ആരാധകരോട് കൂവരുതെന്ന് ആവശ്യപ്പെടുകയും ഇന്ത്യക്കാരനാണെന്ന് മറന്ന് പോകരുതെന്ന് കാണികളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ആര്‍സിബിയെ സംബന്ധിച്ച് മുംബൈക്കെതിരായ തോല്‍വി കടുത്ത നിരാശയുണ്ടാക്കുന്നതാണ്. സീസണിലെ അഞ്ചാം തോല്‍വിയാണ് ആര്‍സിബിക്ക് നേരിടേണ്ടി വന്നത്. ഈ തോല്‍വിയോടെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയും നല്‍കിയിരിക്കുകയാണ്. ആര്‍സിബിയുടെ ബൗളര്‍മാരെല്ലാം ചെണ്ടകളാണെന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. 250 റണ്‍സ് നേടിയാലും പ്രതിരോധിക്കാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്ന കാര്യം സംശയമാണ്.

ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനാവുന്നില്ല. നായകന്‍ ഫഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സാണ് നേടിയത്. 4 ഫോറും 3 സിക്‌സും താരം പറത്തി. ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസിസ് 152.50 സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്.

എന്നാല്‍ മുംബൈയിലെ ബാറ്റിങ് പിച്ചില്‍ ഇതിനെ വലിയ പ്രകടനമെന്ന് വിളിക്കാനാവില്ല. രജത് പാട്ടീധാര്‍ 26 പന്തില്‍ 50 റണ്‍സും ദിനേഷ് കാര്‍ത്തിക് 23 പന്തില്‍ 53* റണ്‍സുമായി തിളങ്ങി. എന്നാല്‍ ഗ്ലെന്‍ മാക്‌സ് വെല്‍ സീസണില്‍ മൂന്നാം തവണയും ഡെക്കിന് പുറത്തായി.

നിലവിലെ ആര്‍സിബിയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ദുരന്തമാണ്. പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഈ സീസണില്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നെങ്കിലും ഓരോ മത്സരത്തിന് ശേഷവും ആര്‍സിബി ദുരന്തമാവുന്നതാണ് കാണുന്നത്.

Story first published: Friday, April 12, 2024, 10:04 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+