ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് 67 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 7 വിക്കറ്റിന് 266 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ഇറങ്ങിയ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സേ നേടാനായുള്ളൂ. ശക്തമായി തിരിച്ചടിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു.
9 ഓവര്‍വരെ റണ്‍റേറ്റ് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ ഡല്‍ഹിക്കായി. എന്നാല്‍ നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും തമ്മിലുള്ള കൂട്ടുകെട്ട് ഡല്‍ഹിയെ തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു. ഇരുവരും നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ് ഡല്‍ഹിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. ഡല്‍ഹിയുടെ തോല്‍വിയില്‍ റിഷഭിനെതിരേ വിമര്‍ശനം ശക്തമാകവെ താരം പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണോ കളിക്കുന്നതെന്ന് സംശയമാണ് ഉയരുന്നത്.
റിഷഭിന്റെ ഹൈദരാബാദിനെതിരായ പ്രകടനം വിലയിരുത്തുമ്പോള്‍ താരം പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണോ കളിക്കുന്നതെന്ന സംശയമുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മൂന്നിലധികം തവണ അദ്ദേഹം മൈതാനത്ത് വീണു. പല ഷോട്ടുകളും കളിക്കാന്‍ റിഷഭിന് സാധിക്കുന്നില്ല. ഷോട്ട് കളിക്കാന്‍ തിരിയുമ്പോള്‍ വേദനിക്കുന്ന മുഖ ഭാവമാണ് റിഷഭ് പന്തിനുള്ളത്. പല ഷോട്ടുകളിലും ടൈമിങ് കണ്ടെത്താന്‍ റിഷഭിന് സാധിക്കുന്നില്ല.
പരിക്ക് മറച്ചുവെച്ച് കളി തുടര്‍ന്ന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാമെന്ന കണക്കുകൂട്ടലിലാണ് റിഷഭ് പന്ത് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ടി20 ലോകകപ്പിന് മുമ്പ് റിഷഭിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഫിറ്റനസില്ലാത്ത റിഷഭിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കരുതെന്നും സഞ്ജു സാംസണും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായാല്‍ മതിയെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് ഈ സീസണിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ താരത്തിന്റെ പ്രകടനങ്ങള്‍ കാണുമ്പോള്‍ ഫിറ്റ്‌നസ് പ്രശ്‌നമുണ്ടോയെന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്. റിഷഭ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താന്‍ റിഷഭ് ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഹൈദരാബാദിനെതിരേ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തിയത്.
267 എന്ന വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ഡല്‍ഹിക്കായി 125 സ്‌ട്രൈക്ക് റേറ്റിലാണ് റിഷഭ് ബാറ്റ് ചെയ്തത്. ടോപ് ഓഡര്‍ താരങ്ങള്‍ പൊരുതി നേടിയ റണ്‍സിനെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് റിഷഭ് നടത്തിയതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 35 പന്തില്‍ 44 റണ്‍സ് നേടിയാണ് താരം പുറത്തായത്. 5 ഫോറും 1 സിക്‌സുമാണ് അദ്ദേഹത്തിന് നേടാനായത്. റിഷഭ് മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഹൈദരാബാദിനെതിരേ ഡല്‍ഹി ചിലപ്പോള്‍ ജയിക്കുമായിരുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ ജേക്ക് ഫ്രേസര്‍ മഗ്യൂര്‍ക്കിന്റെയും (18 പന്തില്‍ 65) അഭിഷേക് പോറലിന്റേയും (22 പന്തില്‍ 42) പോരാട്ടം ഫലം കാണാതെ പോയതിന് കാരണം റിഷഭാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. മത്സരശേഷം സംസാരിക്കവയേയും പരിക്കിന്റെ ക്ഷീണം റിഷഭില്‍ വ്യക്തമായിരുന്നു. റണ്‍സിനായി ഓടുമ്പോഴും റിഷഭ് പ്രയാസപ്പെടുന്നുണ്ട്. റിഷഭ് മികച്ച ഫിറ്റ്‌നസോടെയാണ് കളിക്കുന്നതെന്ന് തോന്നുന്നില്ലെന്ന ആരാധകരുടെ സംശയം കൂടുതല്‍ ബലപ്പെടുകയാണ്.
റിഷഭിന്റെ അഭാവമുണ്ടായാല്‍ ഡല്‍ഹിയെ അത് കാര്യമായി ബാധിക്കുമെന്നിരിക്കെ ടീമിന് മുന്നിലും വലിയ ആശങ്കകളുയരുകയാണ്. ഹൈദരാബാദിനെ പവര്‍പ്ലേയില്‍ പൂട്ടാന്‍ ഡല്‍ഹിക്ക് സാധിക്കാതെ പോയതാണ് തിരിച്ചടിയായി. ആറ് ഓവറില്‍ 125 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് 32 പന്തില്‍ 89 റണ്‍സെടുത്തപ്പോള്‍ അഭിഷേക് ശര്‍മ 12 പന്തില്‍ 46 റണ്‍സും നേടി. ഇരുവരുടേയും വെടിക്കെട്ട് ബാറ്റിങ് എതിരാളികള്‍ക്ക് വലിയ ഭീഷണിയായി മാറുകയാണ്.