അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മോശം ബൗളിങ് പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട ബൗളറാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയ സ്റ്റാര്‍ക്ക് വലിയ നഷ്ടകച്ചവടമായെന്നാണ് ലീഗ് ഘട്ടത്തില്‍ എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിന്റെ അന്തകനായി മാറിയിരിക്കുകയാണ് സ്റ്റാര്‍ക്ക്. പിച്ചിന്റെ ആധിപത്യം മുതലാക്കി പവര്‍പ്ലേയ്ക്കുള്ളില്‍ ഹൈദരാബാദിന്റെ നടുവൊടിക്കാന്‍ സ്റ്റാര്‍ക്കിനായി.
എറിഞ്ഞ രണ്ടാം പന്തില്‍ത്തന്നെ സ്റ്റാര്‍ക്ക് ഹൈദരാബാദിനെ ഞെട്ടിച്ചു. വെടിക്കെട്ട് ഓപ്പണര്‍ ട്രാവിഡ് ഹെഡിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് സ്റ്റാര്‍ക്ക് ഞെട്ടിച്ചത്. സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തിയ പന്തില്‍ ഹെഡിന് ടൈമിങ് പിഴച്ചപ്പോള്‍ ക്ലീന്‍ബൗള്‍ഡായി. ഹെഡിന്റെ വിക്കറ്റ് വീണതിന്റെ ക്ഷീണത്തിന് പിന്നാലെ രണ്ടാം പ്രഹരം വൈഭവ് അറോറ നല്‍കി. മറ്റൊരു വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയെ (3) അറോറ ആന്‍ഡ്രേ റസലിന്റെ കൈയിലെത്തിച്ചു.
ഈ സീസണിലെ ഹൈദരാബാദിന്റെ മികച്ച കണ്ടെത്തലുകളിലൊന്നായ നിധീഷ് കുമാര്‍ റെഡ്ഡിയെ സ്റ്റാര്‍ക്ക് പുറത്താക്കി വീണ്ടും ഞെട്ടിച്ചു. 10 പന്തില്‍ 9 റണ്‍സെടുത്ത നിധീഷ് സ്റ്റാര്‍ക്കിനെ സിക്‌സറിന് ശ്രമിച്ചപ്പോള്‍ എഡ്ജായി പന്ത് വായുവില്‍ ഉയര്‍ന്നു. വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ക്യാച്ചിലാണ് നിധീഷിന്റെ മടക്കം. ആദ്യ രണ്ട് ഓവറില്‍ത്തന്നെ ഹൈദരാബാദിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ സ്റ്റാര്‍ക്കിനായി.
പിച്ചിലെ മികച്ച സ്വിങ് സ്റ്റാര്‍ക്ക് മുതലാക്കുന്നുണ്ടായിരുന്നു. രാഹുല്‍ ത്രിപാഠിയെ തുടക്കത്തിലേ മടക്കാന്‍ സ്റ്റാര്‍ക്കിന് അവസരം ലഭിച്ചതാണ്. സ്റ്റാര്‍ക്കിന്റെ സ്വിങ്ങിങ് യോര്‍ക്കര്‍ ത്രിപാഠിയുടെ ഷൂവില്‍ തട്ടിയാണ് ബാറ്റില്‍ കൊണ്ടത്. സ്റ്റാര്‍ക്ക് റിവ്യൂവിനായി അപ്പീല്‍ ചെയ്‌തെങ്കിലും നായകന്‍ ശ്രേയസ് അയ്യര്‍ പന്ത് ബാറ്റിലാണെന്ന വിലയിരുത്തലിലായിരുന്നു. ഇതോടെ റിവ്യൂ ചെയ്യാന്‍ തയ്യാറായില്ല. റിപ്ലേയില്‍ പന്ത് കൃത്യമായി സ്റ്റംപിലേക്കാണ് പോയതെന്ന് വ്യക്തം.

എന്നാല്‍ റിവ്യൂ ചെയ്യാത്തതിനാല്‍ ഈ വിക്കറ്റ് ലഭിക്കാതെ പോയി. പവര്‍പ്ലേയ്ക്കുള്ളില്‍ മൂന്നാം ഓവറും സ്റ്റാര്‍ക്കിന് നല്‍കാനുള്ള കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റിയില്ല. നിധീഷ് കുമാറിനെ പുറത്താക്കിയ തൊട്ടടുത്ത പന്തില്‍ ഷഹബാസ് അഹമ്മദിനെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡെക്കാക്കി. ക്ലീന്‍ബൗള്‍ഡായാണ് ഷഹബാസിന്റെ മടക്കം. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ നാല് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കയറിയത്.
സമ്മര്‍ദ്ദം നിറഞ്ഞ വലിയ ടൂര്‍ണമെന്റുകളില്‍ മുന്നില്‍ നിന്ന് നയിക്കുന്ന ബൗളറാണ് ഓസ്‌ട്രേലിയക്കാരനായ സ്റ്റാര്‍ക്ക്. ഓസീസ് ടീമിനുള്ളിലെ ഈ ശീലം കെകെആറിനൊപ്പവും ആവര്‍ത്തിക്കാന്‍ സ്റ്റാര്‍ക്കിനായി. നിര്‍ണ്ണായകമായ ഒന്നാം ക്വാളിഫയറില്‍ കെകെആറിനായി അവസരത്തിനൊത്തുയരാന്‍ സ്റ്റാര്‍ക്കിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. വിമര്‍ശിച്ചവരെല്ലാം സ്റ്റാര്‍ക്കിന്റെ ബൗളിങ് പ്രകടനത്തെ ഇപ്പോള്‍ വാഴ്ത്തുകയാണ്.
സ്റ്റാര്‍ക്കിനായി കോടികള്‍ മുടക്കിയത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലെ ഹൈദരാബാദിന്റെ കുതിപ്പിന്റെ ഇന്ധനം ഹെഡ്ഡും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ടിനെ തുടക്കത്തിലേ പൊളിച്ച് ഹൈദരാബാദിനെ വിറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. വാങ്ങിയ പ്രതിഫലത്തോട് നീതികാട്ടാന്‍ സ്റ്റാര്‍ക്കിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ സീസണില്‍ ഇതാദ്യമായാണ് ഹൈദരാബാദിന്റെ രണ്ട് ഓപ്പണര്‍മാരും സിംഗിള്‍ ഡിജിറ്റല്‍ സ്‌കോറിന് പുറത്താവുന്നത്.
പ്ലേയിങ് 11: ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍ (wc), അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (c), ഭുവനേശ്വര്‍ കുമാര്‍, വിജയകാന്ത് വിയാസ്‌കാന്ത്, ടി നടരാജന്‍
കൊല്‍ക്കത്ത: റഹ്‌മാനുല്ല ഗുര്‍ബാസ് (wc), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (c), റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, റമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി