ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മികച്ച കണ്ടെത്തലുകളിലൊന്നാണ് നിതീഷ് റെഡ്ഡി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നിധീഷ് റെഡ്ഡി ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ശേഷിയുള്ള താരമാണ്. ഈ സീസണില്‍ ഹൈദരാബാദിനൊപ്പം ഗംഭീര പ്രകടനം നടത്തി നിധീഷ് എല്ലാവരുടേയും കൈയടി ഏറ്റുവാങ്ങുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും തിളങ്ങിയതോടെ നിധീഷിനെ പ്രശംസിക്കുകയാണ് ആരാധകര്‍.
നിതീഷിന് വലിയ ഭാവിയുണ്ടെന്നും പിന്തുണച്ചാല്‍ അടുത്ത ഹാര്‍ദിക് പാണ്ഡ്യയാവുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ആന്ധ്രാ പ്രദേശുകാരനായ താരം മീഡിയം പേസറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ടി20യില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് വളര്‍ത്താന്‍ സാധിക്കുന്ന താരമാണ് 20കാരനായ നിധീഷെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സമ്മര്‍ദ്ദ സാഹചര്യങ്ങളിലടക്കം തിളങ്ങി പക്വത തെളിയിക്കാന്‍ നിധീഷിന് സാധിച്ചു.
ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങാന്‍ നിധീഷിന് സാധിച്ചു. ഈ സീസണില്‍ 8 ഇന്നിങ്‌സ് കളിച്ച താരം 276 റണ്‍സാണ് അടിച്ചെടുത്തത്. പഞ്ചാബിനെതിരേ 25 പന്തില്‍ 1 ഫോറും 3 സിക്‌സുമടക്കം 37 റണ്‍സാണ് നിധീഷ് നേടിയത്. 152ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച നിധീഷ് 2 ഫിഫ്റ്റിയും നേടി. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് നിധീഷ് എന്നതാണ് എടുത്തു പറയേണ്ടത്. പുറത്താവാതെ 76 റണ്‍സ് നേടിയതാണ് സീസണിലെ താരത്തിന്റെ മികച്ച സ്‌കോര്‍.
മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാണ് നിധീഷ്. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള മീഡിയം പേസറാണ് അദ്ദേഹം. തേച്ചുമിനുക്കിയാല്‍ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറായി നിധീഷ് വളര്‍ന്നേക്കും. പ്രായം 20 മാത്രമാണെന്നതിനാല്‍ വിശാലമായ കരിയര്‍ താരത്തിന് മുന്നിലുണ്ട്. മെഗാ ലേലത്തിലേക്കെത്തിപ്പെട്ടാല്‍ മികച്ച തുകയ്ക്ക് ഏതെങ്കിലും ടീമിലേക്കെത്താന്‍ നിധീഷിന് സാധിച്ചേക്കും.

ആഭ്യന്തര ക്രിക്കറ്റിലും വരുന്ന ഐപിഎല്‍ സീസണിലും മിടുക്കുകാട്ടിയാല്‍ നിധീഷിന് വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യതകളേറെയാണ്. നിലയുറപ്പിച്ച് കളിക്കാനും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനും കഴിവുള്ള താരമാണ് നിധീഷ് എന്നതാണ് എടുത്തു പറയേണ്ടത്. ഹാര്‍ദിക് പാണ്ഡ്യക്ക് ശേഷം പരിമിത ഓവറിലേക്ക് ഇന്ത്യക്ക് മികച്ച പേസ് ഓള്‍റൗണ്ടറെ ആവശ്യമാണ്. ഈ റോളിലേക്ക് വളരാന്‍ നിധീഷിന് പ്രതിഭയുണ്ട്.
ഈ സീസണില്‍ താരസമ്പന്നമായ ഹൈദരാബാദ് നിരയിലെ സ്ഥിര സാന്നിധ്യമാകാന്‍ നിധീഷിന് സാധിച്ചിട്ടുണ്ട്. പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച ഹൈദരാബാദിനൊപ്പം വരുന്ന നിര്‍ണ്ണായക മത്സരങ്ങളിലും നിധീഷുണ്ടാവും. പ്ലേ ഓഫിലും മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ മധ്യനിരയില്‍ ഹൈദരാബാദിന്റെ നട്ടെല്ലാവാന്‍ നിധീഷിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഈ സീസണിലെ മികച്ച കണ്ടെത്തലുകളിലൊന്നാണ് നിധീഷെന്ന് നിസംശയം പറയാം.
അഭിഷേക് ശര്‍മയുടെ പ്രകടനവും കൈയടി അര്‍ഹിക്കുന്നതാണ്. ഇടം കൈയന്‍ ഓപ്പണര്‍മാരുടെ ക്ഷാമം സമീപകാലത്തായി ഇന്ത്യക്കുണ്ടായിരുന്നു. ഇപ്പോഴിതാ യശ്വസി ജയ്‌സ്വാളിനൊപ്പം അഭിഷേക് ശര്‍മയും വളര്‍ന്നുവരികയാണ്. യുവരാജ് സിങ്ങിന്റെ ശിഷ്യനായതിന് ശേഷം അഭിഷേകിന്റെ കളി വളരെ മെച്ചപ്പെട്ടിട്ടുണ്ട്. വിക്കറ്റ് നഷ്ടമാവുമോയെന്ന ഭയമില്ലാതെ കളിക്കുന്ന താരങ്ങളിലൊരാളാണ് അഭിഷേക്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് ഈ സീസണിലെ ഹൈദരാബാദിന്റെ നട്ടെല്ല്.
പഞ്ചാബിനെതിരേ 28 പന്തില്‍ 66 റണ്‍സോടെ താരം തിളങ്ങി. 5 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ വെടിക്കെട്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ സാധ്യതയുള്ള യുവതാരങ്ങളിലൊരാളാണ് അഭിഷേകെന്ന് നിസംശയം പറയാം.