ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം മലയാളി താരം സഞ്ജു സാംസണ്‍ കേരളത്തിനായി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ കേരളാ ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെയാണ്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ രണ്ടു ഫേട്ടോസാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. പല സംശയങ്ങളും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയാണ് സഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അതു മാത്രമല്ല ഇംഗ്ലണ്ട് നായകനും റോയല്‍സിലെ ടീമംഗവുമായ ജോസ് ബട്‌ലറിനോടൊപ്പമുള്ള ചിത്രവും സഞ്ജു പങ്കുവച്ചിട്ടുണ്ട്. എന്റെ രണ്ടു ഫേവറിറ്റുകളെന്നായിരുന്നു ധോണിക്കും ബട്‌ലര്‍ക്കുമൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്.

ബട്‌ലറെ റോയല്‍സ് ടീമിന്റെ ചുമതലയേല്‍പ്പിച്ച ശേഷം സഞ്ജു സിഎസ്‌കെയിലേക്കു മാറുന്നതിന്റെ ഭാഗമായി ധോണിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിച്ചത്. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ 2024 മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ സിഎസ്‌കെയിലേക്കുള്ള സഞ്ജുവിന്റെ കൂടുമാറ്റമാണോ ഇതു സൂചിപ്പിക്കുന്നത് എന്ന സംശയമാണ് പലരും പ്രകടിപ്പിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്കു അദ്ദേഹം ചേക്കേറാന്‍ തയ്യാറെടുക്കുകയാണെന്നും ഇതിന്റെ ഭാഗമായിട്ടാണ് അവരുടെ ക്യാപ്റ്റന്‍ കൂടിയായ ധോണിയെ അദ്ദേഹം സന്ദര്‍ശിച്ചതെന്നും ആരാധകര്‍ ഉറപ്പിക്കുന്നു. ഇതാദ്യമായല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു സഞ്ജു കൂടുമാറുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വരുന്നത്. നേരത്തേയും ഇതു പോലെയുള്ള പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.
റോയല്‍സ് താരവും സിഎസ്‌കെയുടെ മുന്‍ സ്റ്റാര്‍ സ്പിന്നറുമായ ആര്‍ അശ്വിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോച്ചിങ് സംഘത്തിലെ ഒരു വ്യക്തിയായിരുന്നു നേരത്തേ സഞ്ജുവിനെ സിഎസ്‌കെ നോട്ടമിടുന്നതായി വെളിപ്പെടുത്തിയത്. കരിയറിന്റെ അവസാനത്തില്‍ എത്തിനില്‍ക്കുന്ന ധോണിയുടെ പകരക്കാരനായി സഞ്ജുവിനെയാണ് സിഎസ്‌കെ കണ്ടുവച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പക്ഷെ സഞ്ജുവോ, സിഎസ്‌കെയോ ഈ അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടിരുന്നു. കിരീടവിജയത്തോടെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.
ശരീരം അനുവദിക്കുകയാണെങ്കില്‍ ആരാധകര്‍ക്കായി അടുത്ത സീസണില്‍ കൂടി താന്‍ കളിക്കുമെന്നായിരുന്നു ധോണി വ്യക്തമാക്കിയത്. ധോണിയുടെ വിരമിക്കലിനു ശേഷം വിശ്വസ്തനായ ഒരു വിക്കറ്റ് കീപ്പറെയും ക്യാപ്റ്റനെയും സിഎസ്‌കെയ്ക്കു ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരമാണ് സഞ്ജു. മാത്രമല്ല മികച്ച ആരാധക പിന്തുണയും അദ്ദേഹത്തിനു പ്ലസ് പോയിന്റാവുന്ന ഘടകമാണ്.
പക്ഷെ റോയല്‍സ് തങ്ങളുടെ ഐക്കണ്‍ താരമായാണ് സഞ്ജുവിനെ കാണുന്നത്. വളരെ ചെറുപ്പത്തില്‍ റോയല്‍സിലൂടെ കളി പഠിച്ച് മികച്ച താരമായി വളര്‍ന്നുവന്ന് ഇപ്പോള്‍ നായകസ്ഥാനത്തു വരെ എത്തിനില്‍ക്കുകയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ സഞ്ജുവിനെ അവര്‍ കൈവിടാന്‍ തയ്യാറാവുമോയെന്നു കണ്ടു തന്നെ അറിയണം. സഞ്ജു ടീം വിട്ടാലും അതു റോയല്‍സിനു വലിയ ക്ഷീണമാവില്ല. കാരണം ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറുള്ളപ്പോള്‍ അവര്‍ക്കു മറ്റൊരു നായകനെ തിരയേണ്ടതില്ല.

2021ലെ സീസണിനു മുമ്പായിരുന്നു റോയല്‍സ് ക്യാപ്റ്റനായി സഞ്ജു നിയമിക്കപ്പെട്ടത്. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ കൂടിയായ സ്റ്റീവ് സ്മിത്തിനു പകരമായിരുന്നു സഞ്ജുവിനെ അവര്‍ ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിച്ചത്. പക്ഷെ നായകനായുള്ള ആദ്യ സീസണില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ല. പ്ലേഓഫ് പോലും കാണാതെ റോയല്‍സ് പുറത്താവുകയായിരുന്നു.
എന്നാല്‍ 2022ലെ ഐപിഎല്ലില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ശക്തമായ തിരിച്ചുവരവ് നടത്തി. അന്നു ടീം ഫൈനല്‍ വരെയെത്തിയിരുന്നു. കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു റോയല്‍സ് പരാജയപ്പെടുകയായിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു അത്.
പക്ഷെ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സഞ്ജുവിനും റോയല്‍സിനും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. മികച്ച താരനിരയുണ്ടായിട്ടും റോയല്‍സ് പ്ലേഓഫ് കാണാതെയാണ് പുറത്തായത്. നേരിയ വ്യത്യാസത്തില്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ടീമിന്റെ പ്രകടനത്തില്‍ മാനേജ്‌മെന്റ് അതൃപ്തരാണെന്നും സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും മാറ്റി അടുത്ത സീസണില്‍ ബട്‌ലറെ ക്യാപ്റ്റനാക്കുമെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു.