IPL 2024: പവര്‍പ്ലേയില്‍ ടെസ്റ്റ് കളിക്കുന്നു, മായങ്ക് എന്തിന് ടീമില്‍? രൂക്ഷ വിമര്‍ശനവുമായി ഫാന്‍സ്
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് മായങ്ക് അഗര്‍വാള്‍ കാഴ്ചവെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും നിരാശപ്പെടുത്തിയതോടെ മായങ്ക് അഗര്‍വാളിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. പവര്‍പ്ലേയില്‍ ടെസ്റ്റ് കളിക്കുന്ന മായങ്കിനെ എന്തിനാണ് കളിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മായങ്ക് ഓപ്പണറാവുമ്പോള്‍ പവര്‍പ്ലേ വേണ്ടവിധം ഉപയോഗിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
കളിച്ച മൂന്ന് മത്സരത്തിലും മായങ്ക് നിറം മങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 21 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്. ഇതിനെ ഭേദപ്പെട്ട പ്രകടനമെന്ന് വിളിക്കാം. എന്നാല്‍ ബാറ്റിങ്ങിന് പൂര്‍ണ്ണ പിന്തുണയുള്ള ഹൈദരാബാദില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 13 പന്തില്‍ 11 റണ്‍സാണ് മായങ്ക് നേടിയത്. ടീം റെക്കോഡ് സ്‌കോര്‍ അടിച്ചെടുത്തപ്പോഴാണ് മായങ്കിന്റെ മോശം പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്.
ഇപ്പോഴിതാ ഗുജറാത്തിനെതിരേയും മെല്ലപ്പോക്ക് ബാറ്റിങ് നടത്തി താരം നിരാശപ്പെടുത്തി. 17 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ പരമാവധി റണ്‍സടിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ മായങ്കിന് അതിന് സാധിക്കുന്നില്ല. ഗുജറാത്തിനെതിരേ ഹൈദരാബാദ് 200ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്തുമായിരുന്നുവെന്നും ടീമിനെ തളര്‍ത്തിയത് മായങ്കിന്റെ പ്രകടനമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
മായങ്ക് ടി20 ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിക്കൊടുക്കേണ്ട സമയമായിരിക്കുകയാണ്. ഈ സീസണിലെ മാത്രമല്ല ഐപിഎല്ലിലെ മായങ്കിന്റെ അവസാന മത്സരമായി ഇത് മാറാന്‍ ആശംസിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പവര്‍പ്ലേയില്‍ നന്നായി കളിക്കുന്ന ട്രാവിസ് ഹെഡിനെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്നതാണ് മായങ്ക് അഗര്‍വാളിന്റെ പ്രകടനം. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ മായങ്കിന് സാധിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് അവസരം ലഭിക്കുന്നുവെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്.

മുംബൈക്കെതിരേ 300 റണ്‍സ് ഹൈദരാബാദിന് അടിക്കാന്‍ സാധിക്കാതെ പോയത് മായങ്ക് കാരണമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. പവര്‍പ്ലേയില്‍ മായങ്കിനെപ്പോലെ ദുരന്തം മറ്റാരുമില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. രാഹുല്‍ ത്രിപാഠിയെ എന്തുകൊണ്ടാണ് ഹൈദരാബാദ് കളിപ്പിക്കാത്തത്. മായങ്കിനെക്കാളും എന്തുകൊണ്ടും മികച്ച താരമാണ് ത്രിപാഠി. ടീമിന് ബാധ്യതയാകാത്തവനാണവന്‍. പരിക്കില്ലെങ്കില്‍ അടുത്ത മത്സരം മുതല്‍ ത്രിപാഠിയെ കളിപ്പിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
മായങ്കിന് പകരം യുവതാരങ്ങളെ പരിഗണിച്ചാല്‍ ഇതിലും കൂടുതല്‍ ടീമിന് ഉപകാരം ലഭിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് മായങ്കിനെ തഴഞ്ഞിട്ട് നാളുകളേറെയായി. ഇപ്പോള്‍ ഏറെ നാളുകളായി അദ്ദേഹം ദേശീയ ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രതിഫലത്തോടെ കളിക്കാന്‍ മായങ്കിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രകടനത്തോടെ മുന്നോട്ടുള്ള യാത്ര മായങ്കിന് എളുപ്പമായിരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
മായങ്ക് നല്‍കിയ മെല്ലത്തുടക്കം ടീമിനെയാകെ ബാധിച്ചു. 8 വിക്കറ്റിന് 162 റണ്‍സാണ് ടീമിന് നേടാനായത്. 29 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും അബ്ദുല്‍ സമദുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇത്തവണ ഗംഭീര ബാറ്റിങ് നിരയാണ് ഹൈദരാബാദിനുള്ളത്. എന്നാല്‍ ഇതില്‍ കല്ലുകടിയായി മായങ്ക് അഗര്‍വാള്‍ മാറുന്നു. അടുത്ത മത്സരം മുതല്‍ താരം ടീമിന് പുറത്തിരിക്കുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications