Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ലഖ്‌നൗ നാണംകെട്ടു, പിഴവ് ബൗളര്‍മാരുടേത്! വിമര്‍ശിച്ച രാഹുലിന് ട്രോള്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണംകെട്ടിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 6 വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 16.1 ഓവറില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്വന്തം തട്ടകത്തില്‍ 98 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ലഖ്‌നൗവിന് നേരിടേണ്ടി വന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലഖ്‌നൗവിന്റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു.

നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ തീരുമാനങ്ങളെല്ലാം പിഴച്ചു. എന്നാല്‍ മത്സരശേഷം തോല്‍വിയെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ രാഹുല്‍ ബൗളര്‍മാരെയാണ് കുറ്റപ്പെടുത്തിയത്. ഇതിന് പിന്നാലെ രാഹുലിനെതിരേ ട്രോളുകള്‍ ഉയരുകയാണ്. 'രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ വലിയ സ്‌കോറായിരുന്നു മറികടക്കാന്‍ ഉണ്ടായിരുന്നത്. ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ വിക്കറ്റ് കാത്ത് കളിക്കാന്‍ സാധിക്കണമായിരുന്നു. എല്ലാ തരത്തിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തത് എങ്ങനെയാണെന്ന് നോക്കുക. എതിരാളികള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് അവര്‍ നല്‍കിയത്. എന്നാല്‍ ഞങ്ങള്‍ക്കതിന് സാധിച്ചില്ല. എതിരാളികളെക്കാള്‍ നന്നായി പിച്ചിന്റെ സാഹചര്യം ഞങ്ങള്‍ക്കറിയാം. എന്നാല്‍ ബൗളര്‍മാര്‍ക്കത് മുതലാക്കാനായില്ല. യുവ ബൗളര്‍മാര്‍ക്ക് മികച്ച ലൈനിലും ലെങ്തിലും പന്തെറിയാന്‍ സാധിച്ചില്ല. ഇത് തിരിച്ചടിയായി' രാഹുല്‍ പറഞ്ഞു.

ലഖ്‌നൗവിന്റെ ബൗളര്‍മാര്‍ നന്നായി തല്ലുകൊണ്ടു. എന്നാല്‍ മൊഹ്‌സിന്‍ ഖാന് പരിക്കേറ്റത് ലഖ്‌നൗവിന് കടുത്ത തിരിച്ചടിയായി. 2 ഓവര്‍ പന്തെറിഞ്ഞ ശേഷം പരിക്കേറ്റ താരത്തിന് കളം വിടേണ്ടി വന്നു. സുനില്‍ നരെയ്‌ന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ മുഖമടിച്ച് മൊഹ്‌സിന്‍ നിലത്ത് വീഴുകയായിരുന്നു. താരത്തിന്റെ അഭാവം ലഖ്‌നൗവിന്റെ ബൗളിങ് നിരയെ ബാധിച്ചു. മാര്‍ക്കസ് സ്‌റ്റോയിണിസും യഷ് താക്കൂറും ക്രുണാല്‍ പാണ്ഡ്യയുമെല്ലാം തല്ലുകൊണ്ടു.

kl rahul

മികച്ച ലൈനും ലെങ്തും ഇവര്‍ക്കില്ലായിരുന്നു. പവര്‍പ്ലേയില്‍ത്തന്നെ സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ലഖ്‌നൗവിന്റെ വിധിയെഴുതി. തുടക്കം മുതല്‍ റണ്ണൊഴുകിയപ്പോള്‍ നായകനെന്ന നിലയില്‍ രാഹുല്‍ നിസ്സഹായനായിപ്പോയി. നവീന്‍ ഉള്‍ ഹഖ് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ സുനില്‍ നരെയ്ന്‍ ഒരുവശത്ത് അനായാസം റണ്‍സുയര്‍ത്തിയത് കെകെആറിനെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ സഹായിച്ചു. ലഖ്‌നൗവിന്റെ തട്ടകത്തിലെ മികച്ച സ്‌കോറാണ് കെകെആര്‍ സ്വന്തമാക്കിയത്.

എന്നാല്‍ കെകെആറിനെതിരേ വലിയ തോല്‍വി ഏറ്റുവാങ്ങാന്‍ കാരണം ബാറ്റ്‌സ്മാന്‍മാരാണെന്നതാണ് വസ്തുത. രാഹുല്‍ 21 പന്തില്‍ 25 റണ്‍സാണ് നേടിയത്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ രാഹുല്‍ 17 പന്തില്‍ 19 റണ്‍സാണ് നേടിയത്. ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയിട്ടും 119 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ കളിച്ചത്. രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ് ലഖ്‌നൗവിന്റെ തോല്‍വിക്ക് പ്രധാന കാരണമായിത്തന്നെ പറയാം.

മാര്‍ക്കസ് സ്റ്റോയിണിസ് 21 പന്തില്‍ 36 റണ്‍സുമായി പൊരുതി നോക്കി. 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് സ്റ്റോയിണിസ് കസറിയത്. ദീപക് ഹൂഡ (5) നിക്കോളാസ് പുരാന്‍ (10), ആയുഷ് ബദോനി (15), ആഷ്ടന്‍ ടര്‍ണര്‍ (16) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ലഖ്‌നൗവിന്റെ ബാറ്റിങ് നിര ദുരന്തമായതാണ് 98 റണ്‍സിന്റെ തോല്‍വിയിലേക്ക് ടീം പോകാന്‍ കാരണം.

ലഖ്‌നൗവിന്റെ നെറ്റ് റണ്‍റേറ്റിനെ ഈ തോല്‍വി പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. 20 ഓവര്‍ പോലും ബാറ്റ് ചെയ്യാതെ ലഖ്‌നൗ തലകുനിച്ചതാണ് നിരാശപ്പെടുത്തുന്ന കാര്യം. എന്തായാലും ബൗളര്‍മാരെ പഴിച്ച രാഹുലിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

Story first published: Monday, May 6, 2024, 11:23 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+