Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ശുബ്മാന്‍ ഗില്‍ സെഞ്ച്വറി നേടിയേനെ, വില്ലനായത് വിജയ്? വിമര്‍ശിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 17ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യംവെച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഗുജറാത്ത് നാല് വിക്കറ്റിന് 199 റണ്‍സാണ് അടിച്ചെടുത്തത്. നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ പോരാട്ടമാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 48 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 89 റണ്‍സോടെ ഗില്‍ പുറത്താവാതെ നിന്നു.

സെഞ്ച്വറി താരം അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ നേടാനായില്ല. അവസാന ഓവറുകളില്‍ ഗില്‍ പൊരുതി നോക്കിയെങ്കിലും സെഞ്ച്വറിയിലേക്കെത്താനായില്ല. ഇപ്പോഴിതാ ഗില്ലിന് സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന് വിജയ് ശങ്കറുടെ സ്ലോ ബാറ്റിങ്ങിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. സായ് സുദര്‍ശനൊപ്പം മികച്ച രീതിയില്‍ ഗില്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സായ് സുദര്‍ശന്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കര്‍ 10 പന്തില്‍ 8 റണ്‍സാണ് നേടിയത്.

മത്സരത്തിന്റെ വേഗം കുറച്ച വിജയ് ശുബ്മാനെയും സമ്മര്‍ദ്ദത്തിലാക്കി. വിജയ് ശുബ്മാന്‍ ഗില്ലിന് സ്‌ട്രൈക്ക് കൈമാറി അടിക്കാനുള്ള അവസരം നല്‍കിയില്ലെന്നും ആരാധകര്‍ ആരോപിക്കുന്നു. വിജയ് ശങ്കര്‍ നന്നായി കളിച്ചിരുന്നെങ്കില്‍ 200ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താനും ഗുജറാത്തിന് സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്താന്‍ വിജയ് ശങ്കറിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഈ മികവ് കാട്ടാന്‍ വിജയ്ക്ക് സാധിക്കുന്നില്ല.

വൃദ്ധിമാന്‍ സാഹ ഓപ്പണര്‍ റോളില്‍ ഫ്‌ളോപ്പായതിനേയും ആരാധകര്‍ ട്രോളുന്നു. 13 പന്തില്‍ 11 റണ്‍സാണ് സാഹക്ക് നേടാനായത്. 2 ബൗണ്ടറി നേടിയ താരം പവര്‍പ്ലേയില്‍ 84.61 സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. ഗുജറാത്ത് ഓപ്പണര്‍ റോളില്‍ നിന്ന് സാഹയെ മാറ്റണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ടീമിലെ സീനിയര്‍ താരമായ സാഹയാണ് ഗുജറാത്തിന്റെ വിക്കറ്റ് കീപ്പര്‍. അതുകൊണ്ടുതന്നെ പ്ലേയിങ് 11ന് പുറത്തിരുത്താനാവില്ല.

shubman gill

നായകസ്ഥാനം ഈ സീസണിലാണ് ശുബ്മാനിലേക്കെത്തുന്നത്. ക്യാപ്റ്റനായപ്പോള്‍ താരത്തിന്റെ ബാറ്റിങ് പ്രകടനം പിന്നോട്ട് പോയിയെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും ഇവരുടെയെല്ലാം വായടപ്പിക്കാന്‍ ഗില്ലിനായി. 31 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓപ്പണറായി ഇറങ്ങി അവസാനം വരെ ക്രീസില്‍ നിന്ന് ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ സഹായിച്ചു. 31, 8, 36 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരത്തിലെ ഗില്ലിന്റെ സ്‌കോര്‍. എന്നാല്‍ ഇപ്പോള്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ തിരിച്ചുവരവ് നടത്താന്‍ ഗില്ലിനായി.

ഗുജറാത്തിന്റെ തട്ടകമാണ് അഹമ്മദാബാദ്. ബാറ്റിങ്ങിനെ തുണക്കുന്ന ഈ പിച്ചില്‍ ശുബ്മാന്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയിട്ടുണ്ട്. തട്ടകത്തിലെ മികച്ച റെക്കോഡിന്റെ ആത്മവിശ്വാസം പഞ്ചാബിനെതിരേ കാട്ടാനും ഗില്ലിനായി. കഗിസോ റബാഡയെ സ്‌ട്രെയ്റ്റ് സിക്‌സര്‍ പറത്തിയ ഗില്ലിന്റെ ഷോട്ട് പ്രശംസകള്‍ ഏറ്റുവാങ്ങുന്നുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യ രോഹിത് ശര്‍മയെ കളിപ്പിക്കേണ്ടെന്നും പകരം യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും ഓപ്പണര്‍മാരായാല്‍ മതിയെന്നും ആരാധകര്‍ പറയുന്നു.

നായകനെന്ന നിലയില്‍ ഇതിനോടകം മികവ് കാട്ടിയ താരം ഇപ്പോള്‍ ബാറ്റിങ്ങിലും പഴയ താളം കണ്ടെത്തിയിരിക്കുകയാണ്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഗില്ലിന് സാധിക്കുന്നു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ടപ്പോള്‍ ലഭിച്ച നായകസ്ഥാനത്തിന് താന്‍ യോഗ്യനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് യുവതാരം കാഴ്ചവെച്ചിരിക്കുന്നത്. എന്തായാലും ഗില്ലിന്റെ പ്രകടനം ഇന്ത്യക്കും വലിയ പ്രതീക്ഷ നല്‍കുന്നു.

Story first published: Thursday, April 4, 2024, 21:55 [IST]
Other articles published on Apr 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+