മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലേക്കുള്ള സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകര്‍ ഇന്ന് വളരെ സന്തോഷത്തിലായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത സൂര്യകുമാര്‍ യാദവ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കളിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 2 പന്തില്‍ ഡെക്കിന് സൂര്യകുമാര്‍ പുറത്തായിരിക്കുകയാണ്. ആന്‍ റിച്ച് നോക്കിയേ എറിഞ്ഞ ആദ്യ പന്തില്‍ സൂര്യ എല്‍ബിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
എന്നാല്‍ രണ്ടാം പന്തില്‍ സിക്‌സര്‍ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി. ഇതോടെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ സൂര്യ ഡെക്കിന് മടങ്ങിയിരിക്കുകയാണ്. മുംബൈ വലിയ പ്രതീക്ഷവെച്ച സൂര്യ ഡെക്കോടെ തുടങ്ങിയതോടെ ഹാര്‍ദിക് പാണ്ഡ്യയെ ട്രോളുകയാണ് ആരാധകര്‍. സൂര്യകുമാര്‍ രോഹിത്തിനെ അനുകൂലിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യക്കിട്ടുള്ള പണിയാണ് സൂര്യകുമാറിന്റെ ഡെക്കെന്നാണ് ആരാധകര്‍ പറയുന്നത്.
ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ സൂര്യകുമാര്‍ തന്റെ വിയോജിപ്പ് വ്യക്തമാക്കിയതാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ച സൂര്യകുമാറിന്റെ പോസ്റ്റ് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ മടങ്ങിവരവില്‍ ഡെക്കായതോടെ സൂര്യകുമാര്‍ ഹാര്‍ദിക്കിനോടുള്ള വിരോധം തീര്‍ത്തതാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. സൂര്യകുമാര്‍ യാദവ് വലിയ റെക്കോഡുള്ള താരമാണ്. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യ.
രോഹിത് ശര്‍മ സ്ഥാനമൊഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയുടെ നായകനാവേണ്ടിയിരുന്നത്. എന്നാല്‍ സൂര്യകുമാറിനെ മറികടന്ന് ഹാര്‍ദിക്കിനെ ടീം മാനേജ്‌മെന്റ് നായകനാക്കുകയായിരുന്നു. ഇതില്‍ ടീമിനുള്ളിലുണ്ടായ പ്രശ്‌നങ്ങളാണ് ടീമിന്റെ മൂന്ന് തുടര്‍ തോല്‍വിക്ക് കാരണമായത്. സൂര്യകുമാര്‍ ഫോമിലേക്കെത്തുന്നതോടെ മുംബൈയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തന്നെ കരുതാം. പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ സൂര്യകുമാറിനുണ്ടായിരുന്നു.

തിടുക്കപ്പെട്ട് താരത്തെ തിരികെ കൊണ്ടുവന്നത് മുംബൈയ്ക്ക് തിരിച്ചടിയായേക്കും. സൂര്യകുമാര്‍ യാദവിന്റെ പരിക്ക് ഗുരുതരമായാല്‍ ഇന്ത്യക്കും അത് ആശങ്കയുണ്ടാക്കും. ടി20 ലോകകപ്പ് വരാനിരിക്കെ സൂര്യകുമാറിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. എന്തായാലും തട്ടകത്തില്‍ സൂര്യക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും മടങ്ങിവരവില്‍ മിന്നിക്കാന്‍ സൂര്യക്കായില്ലെന്നതാണ് വസ്തുത.
എന്തായാലും ഡല്‍ഹിക്കെതിരേ മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത് ശര്‍മ 27 പന്തില്‍ 49 റണ്‍സ് നേടിയാണ് പുറത്തായത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 181.48 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് മിന്നിച്ചത്. ആദ്യ മൂന്ന് മത്സരത്തിലും പ്രതീക്ഷിച്ച മികവ് കാട്ടാതിരുന്ന രോഹിത് ഡല്‍ഹിക്കെതിരേ പവര്‍പ്ലേ മുതലാക്കിയാണ് മടങ്ങിയത്. മോശം ഫോമിലായിരുന്ന ഇഷാന്‍ കിഷനും ചെറിയൊരു വെടിക്കെട്ട് കാഴ്ചവെച്ചു.
23 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് ഇഷാന്‍ നേടിയത്. ഡല്‍ഹിക്കെതിരായ ജയം മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മൂന്ന് മത്സരത്തിലും ജയിക്കാനാവാത്ത മുംബൈക്ക് ഡല്‍ഹിയോടും തോല്‍ക്കേണ്ടി വന്നാല്‍ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടി നല്‍കിയേക്കും. ടീമെന്ന നിലയില്‍ ശക്തമായ താരനിര മുംബൈക്കുണ്ടെങ്കിലും ആര്‍ക്കും ഫോമില്ലെന്നതാണ് പ്രശ്‌നം. അതിന് കാരണം ഹാര്‍ദിക്കിനോടുള്ള വിയോജിപ്പാണ്.
നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ ആരും അംഗീകരിക്കാത്തതാണ് ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള കാരണം. രാജസ്ഥാനെതിരായ തോല്‍വിക്ക് ശേഷം ഡഗൗട്ടില്‍ ഹാര്‍ദിക് ഒറ്റക്കിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. എന്തായാലും മുംബൈയിലെ പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഡല്‍ഹിക്കെതിരായ ടീമിന്റെ പ്രകടനങ്ങള്‍. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടര്‍ന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബൈക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.