മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ പാദ മത്സരങ്ങള്‍ പിന്നിടവെ പല പ്രമുഖരും പിന്നോട്ട് പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മുംബൈ ഇന്ത്യന്‍സുമെല്ലാം നിരാശപ്പെടുത്തുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെയെല്ലാം ശക്തമായ തിരിച്ചുവരവാണ് ഇത്തവണത്തെ സീസണില്‍ കാണാനാവുന്നത്.
എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകവെ ഇത്തവണത്തെ മത്സരങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍. പല മത്സരങ്ങളിലേയും സംഭവങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടുമിക്ക ടീമുകളുടെ മത്സരത്തിലും ഇത്തരം ചില സംഭവങ്ങള്‍ കാണാനാവുന്നുണ്ടെന്നും റേറ്റിങ്ങിന് വേണ്ടി ചില ധാരണകള്‍ ടീമുകള്‍ തമ്മില്‍ നടക്കുന്നുണ്ടെന്നാണ് ആരാധകര്‍ സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്.
മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മില്‍ നടന്ന മത്സരത്തില്‍ മാച്ച് റഫറിയായിരുന്ന ജവഗല്‍ ശ്രീനാഥ് ടോസ് കോയിന്‍ മറിച്ചത് വലിയ വിവാദമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഇതുവരെ ഔദ്യോഗികമായ പ്രതികരണം വന്നിട്ടില്ല. മുംബൈയെ ജയിപ്പിക്കാനും ടോസ് അനുകൂലമാക്കാനും മാച്ച് റഫറി കൂട്ടുനിന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന സംശയം ഇപ്പോഴും വ്യക്തത വരാതെ തുടരുകയാണ്.
രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തിനെക്കുറിച്ചും ആരാധകര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. ചെറിയ മത്സരങ്ങളില്‍ റേറ്റിങ് കൂട്ടുന്നതിനായി അവസാന ഓവറിലേക്ക് മത്സരം മനപ്പൂര്‍വ്വം എത്തിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബും രാജസ്ഥാനും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരം ഇതിന്റെ തെളിവുകളിലൊന്നാണെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബ് 148 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.

ഈ മത്സരത്തിന് മുമ്പുവരെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച പല രാജസ്ഥാന്‍ താരങ്ങളും മെല്ലപ്പോക്ക് നടത്തി അവസാന ഓവറിലേക്ക് മത്സരമെത്തിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജു സാംസണടക്കം പതിയെ ബാറ്റ് ചെയ്തത് മുന്‍ തിരക്കഥയുടെ ഭാഗമാണെന്നും അവസാന ഓവറിലേക്കെത്തുമ്പോള്‍ കൂടുതല്‍ റേറ്റിങ് ലഭിക്കാനാണ് ഈ നീക്കമെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രകടനവും സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. റിങ്കു സിങ് 14 പന്തില്‍ 9 റണ്‍സാണ് നേടിയത്. ആന്‍ഡ്രേ റസല്‍ 10 പന്തില്‍ 10 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്. സിഎസ്‌കെ തുടര്‍ച്ചയായി 2 മത്സരം തോറ്റാണ് കെകെആറിനെതിരേ ഇറങ്ങിയത്. സിഎസ്‌കെയെ വിജയവഴിയിലേക്കെത്തിച്ചാലേ ടൂര്‍ണമെന്റ് കൂടുതല്‍ ആവേശത്തിലാവൂ.
അതുകൊണ്ടാണ് ഇത്തരമൊരു ധാരണയോടെ സിഎസ്‌കെയെ ജയിപ്പിക്കാന്‍ ഇടപെടലുണ്ടായതെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റതിന് പിന്നിലും ചില പൊരുത്തക്കേടുകളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചിരുന്ന രോഹിത് ശര്‍മ പെട്ടെന്ന് സ്‌ട്രൈക്ക് റേറ്റ് കുറച്ചത് മുന്‍കൂട്ടിയുള്ള ധാരണ പ്രകാരമാണോയെന്ന് സംശയിക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ധോണിക്കെതിരേ അവസാന ഓവര്‍ ഹാര്‍ദിക് പാണ്ഡ്യ എറിയാനെത്തിയതിന് പിന്നിലും സംശയമുണ്ട്. ഹാര്‍ദിക് പരിക്കിന്റെ പിടിയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ടി20 ലോകകപ്പ് കളിക്കാന്‍ ഹാര്‍ദിക്കിന് പന്തെറിയേണ്ടത് അത്യാവശ്യമായതിനാലാണ് താരം പന്തെറിയുന്നത്. ഈ സാഹചര്യത്തില്‍ ധോണി ക്രീസിലെക്കെത്താനിരിക്കെ ഹാര്‍ദിക് പന്തെറിഞ്ഞത് സിഎസ്‌കെയെ സഹായിക്കാനാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
ധോണിക്കെതിരേ ഹാര്‍ദിക് വഴങ്ങിയ ഹാട്രിക് സിക്‌സും മോശം പന്തുകളിലായിരുന്നു. ഇത്തവണത്തെ മത്സരങ്ങളെല്ലാം നേരത്തെ തീരുമാനിച്ച തിരക്കഥയായാണ് തോന്നുന്നതെന്നാണ് ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. എന്തായാലും ഇത്തവണത്തെ പല മത്സരങ്ങളും ലാസ്റ്റ് ഓവറില്‍ മാറി മറിയുന്നത് ഈ ആരാധകരുടെ വാദത്തിന് കരുത്ത് പകരുന്നതാണ്.