ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 5 വിക്കറ്റിന് 185 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 5 വിക്കറ്റിന് 173 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് രാജസ്ഥാന്റെ തകര്‍പ്പന്‍ ജയം.
എന്നാല്‍ മത്സരശേഷം രാജസ്ഥാന്‍ റോയല്‍സ് കാട്ടിയ ചതി ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. മാന്യത കാട്ടാതെ സഞ്ജു സാംസണും കുമാര്‍ സംഗക്കാരയും ചേര്‍ന്ന് ഡല്‍ഹിയെ വഞ്ചിച്ച് തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയിലാണെന്നും ഇത്തരമൊരു നീക്കം സഞ്ജുവും സംഗക്കാരയും ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ആദ്യ പന്ത് നേരിട്ടതിന് പിന്നാലെയാണ് വിവാദ സംഭവം.
രാജസ്ഥാന്‍ ഇംപാക്ട് പ്ലയറെ ഉപയോഗിച്ച രീതിയാണ് എല്ലാത്തിനും കാരണമായത്. ഐപിഎല്ലിലെ നിയമ പ്രകാരം പരമാവധി നാല് വിദേശ താരങ്ങളെയാണ് ഒരു സമയം ഒരു ടീമിന് ഫീല്‍ഡിലിറക്കാന്‍ സാധിക്കുകയുള്ളൂ. രാജസ്ഥാന്‍ മൂന്ന് താരങ്ങളെയാണ് ആദ്യം പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയത്. ജോസ് ബട്‌ലര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരായിരുന്നു ഈ താരങ്ങള്‍. എന്നാല്‍ ബാറ്റിങ് അവസാനിപ്പിച്ച പന്തെറിയാനെത്തിയപ്പോള്‍ ഇംപാക്ട് പ്ലയറായി നാന്ദ്രേ ബര്‍ഗറെത്തി.
ഇതോടൊപ്പം റോവ്മാന്‍ പവലിനെയും ഫീല്‍ഡ് ചെയ്യിക്കാനാണ് രാജസ്ഥാന്‍ ശ്രമിച്ചത്. ബര്‍ഗര്‍ കളത്തിലെത്തിയപ്പോള്‍ ഹെറ്റ്‌മെയര്‍ പുറത്തുപോയി. എന്നാല്‍ നിയമ പ്രകാരം മറ്റൊരു വിദേശ താരത്തെക്കൂടി ഇറക്കാന്‍ രാജസ്ഥാന് സാധിക്കില്ല. എന്നാല്‍ ഇത് അറിയാമായിരുന്നിട്ടും രാജസ്ഥാന്‍ പവലിനെ മൈതാനത്തിറക്കി. ഇതോടെ ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയുമെല്ലാം കട്ട കലിപ്പിലായി. അംപയറോട് പോണ്ടിങ് കയര്‍ത്തു.

രാജസ്ഥാന്റെ ട്രന്റ് ബോള്‍ട്ട് ആദ്യ പന്ത് എറിഞ്ഞ ശേഷമാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഇതോടെ അംപയര്‍മാര്‍ നായകന്‍ സഞ്ജുവിനോട് ഇത് അനുവദിക്കാനാവില്ലെന്ന് പറയുകയും പവലിനെ പിന്‍വലിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു ചതി രാജസ്ഥാന്‍ കാട്ടിയതില്‍ ഡല്‍ഹി താരങ്ങളും പരിശീലകരും ഹാപ്പിയല്ലായിരുന്നു. അതുകൊണ്ടുതന്നെ രൂക്ഷ വിമര്‍ശനവും ദേഷ്യവും അപ്പോള്‍ത്തന്നെ അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ താനൊന്നും അറിഞ്ഞില്ലെന്ന രീതിയിലാണ് സഞ്ജു പെരുമാറിയത്. അംപയര്‍ ചോദിച്ചപ്പോഴും സഞ്ജു വലിയ മൈന്റാക്കാതെ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. ഇത് ടീം മാനേജ്‌മെന്റ് അറിഞ്ഞുകൊണ്ട് ചതിക്കാന്‍ ശ്രമം നടത്തിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെതിരേയാണ് കൂടുതലും ആരാധകര്‍ വിമര്‍ശനമുയര്‍ത്തുന്നത്. സഞ്ജു ഇത്രയും തരംതാഴ്ന്ന പ്രവര്‍ത്തി ചെയ്യുമെന്ന് കരുതിയില്ലെന്നും അബദ്ധമായി ഇതിനെ കാണാനാവില്ലെന്നും ആരാധകര്‍ പറയുന്നു.
എന്തായാലും രാജസ്ഥാന്റെ നീക്കത്തിനെതിരേ വലിയ വിമര്‍ശം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നു. എന്തായാലും സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെയാണ് രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന രാജസ്ഥാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 3 വിക്കറ്റിന് 36 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ രാജസ്ഥാനെ രക്ഷിച്ചത് റിയാന്‍ പരാഗാണ്. 45 പന്ത് നേരിട്ട് 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 84 റണ്‍സാണ് പരാഗ് നേടിയത്.
താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് 185 എന്ന സ്‌കോറിലേക്ക് രാജസ്ഥാനെ എത്തിച്ചത്. മറുപടിക്കിറങ്ങിയ ഡല്‍ഹി ശക്തമായ ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ഡെത്തോവറിലെ തകര്‍പ്പന്‍ ബൗളിങ്ങ് പ്രകടനത്തിലൂടെ രാജസ്ഥാന്‍ കളി പിടിക്കുകയായിരുന്നു. ആവേശ് ഖാനും സന്ദീപ് ശര്‍മയും ഡെത്തോവറില്‍ കിടുക്കന്‍ ബൗളിങ് കാഴ്ചവെച്ചു. സ്പിന്നര്‍മാരേയും ഫലപ്രദമായി ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചു.