For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റിഷഭ് സെല്‍ഫിഷ്, ഡല്‍ഹിയെ തോല്‍പ്പിച്ചു! ലോകകപ്പില്‍ സഞ്ജു മതി; രൂക്ഷ വിമര്‍ശനം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നാണംകെട്ടിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 67 റണ്‍സിനാണ് ഡല്‍ഹി നാണംകെട്ടത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 7 വിക്കറ്റിന് 266 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 199 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് പന്തുകള്‍ ബാക്കിയാക്കിയാണ് ഡല്‍ഹി ഓള്‍ഔട്ടായത്. ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ ശക്തമായ തിരിച്ചടിക്കാന്‍ ഡല്‍ഹിക്കായിരുന്നു.

7 ഓവറില്‍ 109 എന്ന മികച്ച സ്‌കോര്‍ നേടാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. അഭിഷേക് പോറല്‍ പുറത്താവുമ്പോള്‍ 8.4 ഓവറില്‍ 4ന് 135 എന്ന മികച്ച നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ അവിടെ നിന്ന് ടീം കളി കൈവിടുകയായിരുന്നു. ഡല്‍ഹിയുടെ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ റിഷഭ് പന്തിനെയാണ് വിമര്‍ശിക്കുന്നത്. റിഷഭിന്റെ സെല്‍ഫിഷ് ബാറ്റിങ്ങാണ് ഡല്‍ഹിയെ തോല്‍പ്പിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഡല്‍ഹിയെ ജയിപ്പിക്കാനായിട്ടല്ല റിഷഭ് ബാറ്റ് ചെയ്തത്.

സ്വന്തം സ്‌കോര്‍ നോക്കുക മാത്രമാണ് റിഷഭ് ചെയ്തതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. റിഷഭും ട്രിസ്റ്റന്‍ സ്റ്റബ്‌സും ചേര്‍ന്ന് നടത്തിയ സ്ലോ ബാറ്റിങ്ങാണ് ഡല്‍ഹിയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. പൃഥ്വി ഷാ ആദ്യ ഓവറില്‍ത്തന്നെ ഹൈദരാബാദിന് മുന്നറിയിപ്പ് നല്‍കി. 5 പന്തില്‍ 16 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് 18 പന്തില്‍ 65 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യത്തെ 9 ഓവര്‍ പരിഗണിക്കുമ്പോള്‍ ഡല്‍ഹിക്ക് വിജയത്തിലേക്കെത്താനുള്ള അവസരമുണ്ടായിരുന്നു.

എന്നാല്‍ റിഷഭും സ്റ്റബ്‌സും ക്രീസിലെത്തിയ ശേഷമുള്ള 15 പന്തുകളിലെ റണ്‍റേറ്റ് 5ല്‍ താഴെയായിരുന്നു. ഇതോടെ ഡല്‍ഹിയുടെ റിക്യൂഡ് റണ്‍റേറ്റും വളരെയധികം ഉയര്‍ന്നു. റിഷഭ് ആദ്യത്തെ 16 പന്തില്‍ നിന്ന് നേടിയത് വെറും 15 റണ്‍സാണ്. സ്റ്റബ്‌സ് 11 പന്തില്‍ 10 റണ്‍സും നേടി പുറത്തായി. രണ്ട് പേരും വമ്പനടിക്കാരായ താരങ്ങളാണ്. എന്നാല്‍ ഇരുവരും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചില്ല. ഇതോടെയാണ് ഡല്‍ഹി കളി നഷ്ടപ്പെടുത്തിയത്.

rishabh pant

നായകനെന്ന നിലയില്‍ മാതൃകയാവേണ്ട പ്രകടനമല്ല താരം കാഴ്ചവെച്ചതെന്നും റിഷഭിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നുമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ആക്രമണോത്സക കാട്ടാതെ തോല്‍വി ഉറപ്പിച്ച രീതിയിലാണ് റിഷഭ് കളിച്ചത്. റിഷഭും സ്റ്റബ്‌സും ഒന്നിച്ച ശേഷമുള്ള മൂന്ന് ഓവറുകളിലൂടെയാണ് ഹൈദരാബാദ് തിരിച്ചുവരവ് നടത്തിയത്. റിഷഭിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും ആരാധകര്‍ പറയുന്നു.

ടി20 ലോകകപ്പ് വരാനിരിക്കെ സ്വന്തം അക്കൗണ്ടില്‍ റണ്‍സ് കാട്ടാനായാണ് റിഷഭ് ഇത്തരമൊരു പ്രകടനം കാഴ്ചവെച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് താരങ്ങളെല്ലാം 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ റിഷഭിന്റെ സ്‌ട്രൈക്ക് റേറ്റ് 125.71 ആയിരുന്നു. 35 പന്തില്‍ 44 റണ്‍സാണ് റിഷഭിന് നേടാനായത്. അവസാനക്കാരനായാണ് റിഷഭ് പുറത്തായത്. അഭിഷേക് പോറലും ജേക്ക് ഫ്രാസറും നടത്തിയ വെടിക്കെട്ടിന് ഫലമില്ലാതെയാക്കിയത് റിഷഭാണ്.

ടി20 ലോകകപ്പില്‍ റിഷഭിനെക്കാള്‍ ഇന്ത്യ പ്രാധാന്യം നല്‍കേണ്ടത് സഞ്ജു സാംസണാണെന്നും ടീമിനെ ഇത്തരത്തില്‍ ചതിക്കുന്ന താരമല്ല സഞ്ജുവെന്നും ആരാധകര്‍ പറയുന്നു. എന്തായാലും റിഷഭിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴക്കുന്നതാണ് കാണാനായത്. നായകനെന്ന നിലയില്‍ റിഷഭെടുത്ത തീരുമാനങ്ങളില്‍ പലതും പാളി.

പിച്ചിലെ മഞ്ഞ് വീഴ്ച പ്രതീക്ഷിച്ചാണ് റിഷഭ് രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാല്‍ വേണ്ടത്ര മഞ്ഞില്ലാതെ പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. എന്തായാലും തട്ടകത്തില്‍ നാണംകെട്ട തോല്‍വിയാണ് ഡല്‍ഹിക്ക് നേരിടേണ്ടി വന്നതെന്ന് നിസംശയം പറയാം.

Story first published: Sunday, April 21, 2024, 6:41 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+