For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റിഷഭ് സഞ്ജുവിനെ കോപ്പിയടിച്ചു, സിഎസ്‌കെയെ പൂട്ടിയത് ഇങ്ങനെ; മാസ്റ്റര്‍പ്ലാന്‍ വൈറല്‍

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 5 വിക്കറ്റിന് 191 റണ്‍സ് നേടിയപ്പോള്‍ സിഎസ്‌കെയ്ക്ക് 6 വിക്കറ്റിന് 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിഎസ്‌കെയുടെ ശക്തമായ ബാറ്റിങ് നിരയെ തളക്കാന്‍ നായകന്‍ റിഷഭ് പന്തിന് സാധിച്ചു.

ഖലീല്‍ അഹമ്മദ് തുടക്കത്തിലേ സിഎസ്‌കെ ഓപ്പണര്‍മാരെ മടക്കി ഡല്‍ഹിക്ക് ആധിപത്യം നേടിക്കൊടുത്തെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ മറ്റൊരു മാസ്റ്റര്‍പ്ലാനായിരുന്നു. അത് മുകേഷ് കുമാറിനെ ഉപയോഗിച്ചതാണ്. ടി20യില്‍ അത്ര മികച്ച ബൗളിങ് റെക്കോഡ് മുകേഷിന് അവകാശപ്പെടാനാവില്ല. അവസാന മത്സരങ്ങളിലെല്ലാം താരം നന്നായി തല്ലുകൊണ്ടു. സ്ഥിരതയോടെ 140 വേഗത്തില്‍ പന്തെറിയാന്‍ മുകേഷിന് കഴിവുണ്ട്.

പൊതുവേ പവര്‍പ്ലേയില്‍ ഉപയോഗിക്കാറുള്ള മുകേഷിനെ ഇത്തവണ തികച്ചും വ്യത്യസ്തമായാണ് ഡല്‍ഹി ഉപയോഗിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. 14ാം ഓവറിലാണ് മുകേഷിന് ആദ്യ ഓവര്‍ നല്‍കുന്നത്. സ്ലോ ബോളുകള്‍ എറിയാനായിരുന്നു മുകേഷിന് ലഭിച്ച നിര്‍ദേശം. താരം ഓഫ് സൈഡില്‍ സ്ലോ ബോളുകളിലൂടെയാണ് ആക്രമിച്ചത്. തന്റെ ആദ്യ ഓവറില്‍ത്തന്നെ മുകേഷ് കള തിരിച്ചു. 3ാം പന്തില്‍ അജിന്‍ക്യ രഹാനെയെ മടക്കാന്‍ മുകേഷിനായി.

തൊട്ടടുത്ത പന്തില്‍ വമ്പനടിക്കാരനായ സമീര്‍ റിസ്‌വിയെ മുകേഷ് ഗോള്‍ഡന്‍ ഡെക്കാക്കി. ഈ രണ്ട് വിക്കറ്റുകളാണ് സിഎസ്‌കെയ്ക്ക് ജയം നിഷേധിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ഈ ഓവറില്‍ 2 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് മുകേഷ് വീഴ്ത്തിയത്. 17ാം ഓവറിലാണ് മുകേഷ് പിന്നീടെത്തുന്നത്. ആദ്യ പന്തില്‍ത്തന്നെ അപകടകാരിയായ ശിവം ദുബെയേയും മുകേഷ് മടക്കി. ഇതേ ഓവറില്‍ എംഎസ് ധോണിയുടെ വിക്കറ്റ് അവസരം മുകേഷ് സൃഷ്ടിച്ചതാണ്.

mukesh kumar

എന്നാല്‍ ഖലീല്‍ അഹമ്മദ് ക്യാച്ച് പാഴാക്കി. 3 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ മുകേഷാണ് സിഎസ്‌കെയുടെ വാഴ്ത്തപ്പെടാത്ത ഹീറോയെന്ന് പറയാം. മുകേഷിനെ ഉപയോഗിച്ച് റിഷഭ് കളി മാറ്റിയത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കോപ്പിയടിച്ചാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. സഞ്ജു സാംസണ്‍ സന്ദീപ് ശര്‍മയെ 14 ഓവറുകള്‍ക്ക് ശേഷം എറിയിച്ച് ടീമിനെ വിജയത്തിലേക്കെത്തിച്ചിരുന്നു. ഒരു പേസറെ തികച്ചും അപ്രതീക്ഷിത സമയത്ത് പന്തെറിയിപ്പിച്ച് കളിമാറ്റുന്നത് സഞ്ജുവിന്റെ തന്ത്രമാണ്.

ഇതാണ് റിഷഭ് ഇപ്പോള്‍ കോപ്പിയടിച്ചിരിക്കുന്നത്. എന്തായാലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ റിഷഭിന് സാധിച്ചു. ഖലീല്‍ അഹമ്മദ് റുതുരാജ് ഗെയ്ക് വാദിനേയും (1) രചിന്‍ രവീന്ദ്രയേയും (2) പവര്‍പ്ലേയ്ക്കുള്ളില്‍ മടക്കിയത് സിഎസ്‌കെയെ തളര്‍ത്തി. പവര്‍പ്ലേയില്‍ 32 റണ്‍സ് മാത്രമാണ് സിഎസ്‌കെയ്ക്ക് നേടാനായത്. ഇത് കളിയുടെ ഗതി മാറ്റി. ഡല്‍ഹി ടീമില്‍ വരുത്തിയ നിര്‍ണ്ണായക മാറ്റങ്ങള്‍ മത്സരഫലം മാറ്റുകയായിരുന്നു.

പൃഥ്വി ഷാ പ്ലേയിങ് 11ലേക്കെത്തിയത് നിര്‍ണ്ണായകമായി. 27 പന്തില്‍ 43 റണ്‍സുമായി വെടിക്കെട്ട് തുടക്കം നല്‍കാന്‍ താരത്തിനായി. നായകന്‍ റിഷഭ് പന്ത് മൂന്നാം നമ്പറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റിയപ്പോള്‍ തകര്‍പ്പന്‍ ഫിഫ്റ്റിയും അടിച്ചെടുത്തു.

32 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് റിഷഭ് നേടിയത്. സിഎസ്‌കെ തോറ്റെങ്കിലും ആരാധകര്‍ ഹാപ്പിയായാണ് മടങ്ങിയത്. ഇതിന് കാരണം ധോണിയുടെ വെടിക്കെട്ടാണ്. 16 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 37 റണ്‍സാണ് ധോണി നേടിയത്.

Story first published: Monday, April 1, 2024, 6:32 [IST]
Other articles published on Apr 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+