ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഐപിഎല്ലിന് വലിയ പ്രാധാന്യമാണ് എല്ലാവരും നല്‍കുന്നത്. ഐപിഎല്ലിലെ പ്രകടനം ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്.
ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ വരാനിരിക്കെ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ആരാണെന്ന് അറിയാമോ? അത് സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട് കോലിയോ അല്ല. മനീഷ് പാണ്ഡെയാണ് ആ താരം. ടി20 ക്രിക്കറ്റിന്റെ ആഘോഷമായ ഐപിഎല്ലില്‍ ആദ്യമായി മൂന്നക്കം കണ്ട ഇന്ത്യന്‍ ബാറ്റ്‌സ്മാനായിട്ടും മനീഷ് പാണ്ഡെയുടെ കരിയര്‍ ദുരന്തമായി. ഇപ്പോഴും കളിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഉന്നതയിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
2009ലാണ് മനീഷ് ഈ ചരിത്ര നേട്ടത്തിലേക്കെത്തുന്നത്. ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജേഴ്‌സിയിലാണ് മനീഷിന്റെ നേട്ടം. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ആര്‍സിബിയുടെ ഓപ്പണറായിരുന്നു മനീഷ് പാണ്ഡെ. 73 പന്ത് നേരിട്ട് 10 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 114 റണ്‍സോടെ മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു. എന്നിട്ടും 20 ഓവറില്‍ 170 റണ്‍സാണ് ആര്‍സിബിക്ക് നേടാനായത്.
മറുപടിക്കിറങ്ങിയ ഡെക്കാനെ 158 റണ്‍സില്‍ ഒതുക്കി വിജയം നേടാന്‍ ആര്‍സിബിക്ക് സാധിച്ചു. മനീഷ് കളിയിലെ താരമാവുകയും ചെയ്തു. വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കെല്ലാം മുമ്പ് ഐപിഎല്ലില്‍ സെഞ്ച്വറിയെന്ന സ്വപ്‌നത്തിലേക്കെത്താന്‍ മനീഷിനായി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം മനീഷിന് വലിയ വളര്‍ച്ചയുണ്ടായില്ല. 2015ലാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. ടി20യും ഏകദിനവും കളിച്ചെങ്കിലും വലിയ നേട്ടമുണ്ടായില്ല.

ഇന്ത്യക്കായി 29 ഏകദിനം കളിച്ച താരം 33.29 ശരാശരിയില്‍ 566 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും തുടര്‍ അവസരങ്ങള്‍ ലഭിക്കാതെ പോയി. 39 ടി20 കളിച്ച താരം 44.31 എന്ന മികച്ച ശരാശരിയില്‍ 709 റണ്‍സ് നേടി. 3 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമായി മാറാന്‍ മനീഷിന് പ്രതിഭയുണ്ടായിരുന്നു. എന്നാല്‍ വേണ്ടവിധം അദ്ദേഹത്തെ ടീം ഉപയോഗിച്ചില്ല.
പല താരങ്ങള്‍ക്കും വേണ്ടി ഒതുക്കപ്പെട്ട കളിക്കാരനാണ് മനീഷ് പാണ്ഡെ. ടെസ്റ്റ് കളിക്കാനുള്ള അര്‍ഹതയുള്ള താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു തവണ പോലും അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിലും ഭേദപ്പെട്ട കരിയര്‍ അദ്ദേഹം നേടിയെടുത്തെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത ദൗര്‍ഭാഗ്യവാന്മാരിലൊരാളാണ് മനീഷ്. 170 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 3808 റണ്‍സാണ് അദ്ദേഹം നേടിയത്. 1 സെഞ്ച്വറിയും 22 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും.
ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെയെല്ലാം ഭാഗമാവാന്‍ മനീഷിന് സാധിച്ചു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് മനീഷുള്ളത്. പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ മനീഷ് വമ്പന്‍ പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്. ആഭ്യന്തര ക്രിക്കറ്റിലും താരം കളിക്കുന്നുണ്ട്.
എന്നാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക മനീഷിനെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി വളരാന്‍ പ്രതിഭയുണ്ടായിട്ടും ഒതുക്കപ്പെട്ടവരുടെ കൂട്ടത്തിലാണ് മനീഷിന്റെ സ്ഥാനം.