ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പുറത്താവുമ്പോള്‍ ദിനേഷ് കാര്‍ത്തികിന്റെ ചുണ്ടില്‍ തോല്‍വിയുടെ വേദന മറച്ചുവെച്ചൊരു പുഞ്ചിരിയുണ്ടായിരുന്നു. എംഎസ് ധോണി എന്ന ഇതിഹാസത്തിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച ഇന്ത്യയുടെ ഡികെയുടെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരമായിരുന്നു ഇത്. ഈ സീസണോടെ വിരമിക്കുമെന്ന് നേരത്തെ തന്നെ കാര്‍ത്തിക് വ്യക്തമാക്കിയതാണ്.
കപ്പ് നേടി വിരമിക്കാന്‍ കാര്‍ത്തികിന് ഭാഗ്യമുണ്ടായില്ലെങ്കിലും ആര്‍സിബി ടീമിനൊപ്പം രാജകീയമായിത്തന്നെ കാര്‍ത്തിക് തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളില്‍ മിക്കവര്‍ക്കും ത്യാഗത്തിന്റെ വലിയ കഥകള്‍ പറയാനുണ്ടാവും. ദാരിദ്ര്യത്തോടും കുടുംബ ഭാരത്തോടും പോരാടി ക്രിക്കറ്റ് താരമായവരേയും കാണാന്‍ സാധിക്കും. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ വഴിയിലൂടെയായിരുന്ന കാര്‍ത്തികിന്റെ യാത്ര.
എംഎസ് ധോണിയുടേയും പിന്നാലെയെത്തിയ യുവ വിക്കറ്റ് കീപ്പര്‍മാരുടേയും നിഴലായി ഒതുക്കപ്പെട്ടപ്പോഴും പരാതികളില്ലാതെ പുഞ്ചിരിയോടെ ഡികെ ഒരുവശത്ത് കാത്തിരുന്നു. ഇപ്പോഴിതാ ഡികെയുടെ നീണ്ട ക്രിക്കറ്റ് ജീവിതത്തിന് വിരാമമാവുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യയുടെ സ്‌ക്വാഷ് താരവുമായ ദീപികാ പള്ളിക്കല്‍ വൈകാരികമായ വീഡിയോ പങ്കുവെച്ചത് വൈറലാവുകയാണ്. കാര്‍ത്തികിന്റെ കരിയറിന്റെ അടിയാളപ്പെടുത്തലാവുന്ന വാക്കുകളോടെയാണ് ദീപിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ഒരുപാട് കാര്യങ്ങള്‍ ഡികെയില്‍ നിന്ന് കണ്ട് പഠിക്കാനുണ്ട്. ടീമില്‍ നിന്ന് പുറത്താവുമ്പോള്‍ തിരിച്ചുവരാന്‍ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ഡികെ ആലോചിക്കുന്നത്. കാര്‍ത്തികിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോള്‍ നേരത്തെ പിന്‍വാങ്ങുമായിരുന്നു. ഞാനുമൊരു അത്‌ലറ്റാണ്. കാര്‍ത്തികിന്റെ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നെങ്കില്‍ ചിലപ്പോള്‍ തളര്‍ന്ന് പോയേനെ. എന്നാല്‍ ജീവന്‍, മരണ പോരാട്ടത്തിന് തയ്യാറാവുന്ന തോറ്റ് കൊടുക്കാന്‍ മടികാട്ടാത്ത കാര്‍ത്തികിന്റെ മനോഭാവമാണ് അദ്ദേഹത്തിന്റെ ശക്തി.

ആ സാഹചര്യങ്ങളില്‍ നിന്ന് എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ ഡികെ നില്‍ക്കുന്നത്. ഇതാണ് ഒരു അത്‌ലറ്റിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യം. ജീവിതത്തില്‍ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാന്‍ അവന്‍ തയ്യാറായിരുന്നു. ക്രിക്കറ്റിലും കരിയറിലും അദ്ദേഹം തിളങ്ങി. കാര്‍ത്തികിനെയോര്‍ത്ത് എന്നും അഭിമാനം' എന്നാണ് ദീപിക പറഞ്ഞത്. കാര്‍ത്തികിന്റെ ജീവിതം ഒരു ഘട്ടത്തില്‍ വളരെയധികം പ്രതിസന്ധികളെ നേരിട്ടിരുന്നു.
എന്നാല്‍ അതിനെയെല്ലാം ഫലപ്രദമായി മറികടക്കാന്‍ കാര്‍ത്തികിനായി. ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും ധോണിയുടെ സ്വപ്‌ന തുല്യമായ വളര്‍ച്ചയില്‍ കാര്‍ത്തികിന് ദേശീയ ടീമിലെ സ്ഥാനം നഷ്ടമായി. ഇന്ത്യന്‍ ടീമിലെ അതിഥിയായിരുന്നു കാര്‍ത്തിക്. ഇടക്കിടെ വന്നും പോയിക്കൊണ്ടുമിരുന്ന കരിയറായിരുന്നു കാര്‍ത്തികിന്റേത്. അദ്ദേഹത്തിന്റെ കരിയറിനേയും ജീവിതത്തേയും തകര്‍ത്ത് ആദ്യ ഭാര്യയായിരുന്നു. ബാല്യകാല സുഹൃത്തിനെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്.
എന്നാല്‍ കാര്‍ത്തികിന്റെ സുഹൃത്തും ഇന്ത്യന്‍ താരവുമായ മുരളി വിജയിയുമായി പ്രണയത്തിലായിരുന്ന കാര്‍ത്തികിന്റെ ഭാര്യ. ഇതോടെ കാര്‍ത്തികിനെ ഉപേക്ഷിച്ച് മുരളി വിജയിയോടൊപ്പം ഭാര്യ പോയി. ഇത് മാനസികമായി കാര്‍ത്തികിനെ തകര്‍ത്തു. ഇന്ത്യന്‍ ടീമിന് പുറത്തായതോടെ വിഷാദത്തിലേക്ക് കാര്‍ത്തിക് പോയെങ്കിലും അവിടെ നിന്ന് കൈപിടിച്ച് വളര്‍ത്തിയത് ദീപികയാണ്. മലയാളിയായ ദീപിക വന്നതോടെ കാര്‍ത്തിക് ജീവിതവും കരിയറും തിരിച്ചുപിടിച്ചു.
ദേശീയ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് തിരിച്ചുവരവ് നടത്താന്‍ കാര്‍ത്തികിനായി. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയാണ് കാര്‍ത്തിക് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ഇനി കളിക്കാരനെന്ന നിലയില്‍ കരിയറില്ലെങ്കിലും ക്രിക്കറ്റിനോട് ചേര്‍ന്ന് തന്നെ കാര്‍ത്തിക് മുന്നോട്ട് പോകും. കമന്റേറ്റര്‍ റോളില്‍ ഇനിയും ക്രിക്കറ്റില്‍ തുടരാനാണ് കാര്‍ത്തികിന്റെ തീരുമാനം.