നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ഐപിഎല്ലിന്റെ പ്ലേഓഫ് പോലുമെത്താതെ പുറത്തായെങ്കിലും അവരുടെ തുറുപ്പുചീട്ടായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റിനോടു അദ്ദേഹം പ്രതികരിച്ചതാണ് ഇതിനു കാരണമായത്. ചെന്നൈയിലെ തന്റെ ടീമംഗവും ഇതിഹാസ താരവുമായ എംഎസ് ധോണിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനോടാണ് ജഡ്ഡു പ്രതികരിച്ചത്. പക്ഷെ ആരാധകര്‍ക്കു ഇതു അത്ര രസിച്ചിട്ടുമില്ല. പലരും അദ്ദേഹത്തിനെതിരേ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
രാജ്കുമാറെന്ന യൂസറുടെ എക്‌സിലെ ഒരു പോസ്റ്റിനാണ് ജഡേജ ലൈക്ക് അടിച്ചിരിക്കുന്നത്. രോഹിതോ, വിരാടോയല്ല ! ധോണിക്കു വേണ്ടി എല്ലായ്‌പ്പോഴും നില കൊണ്ടത് ഒരാളാണ്. 2013ലെ ഫൈനല്‍, 2019ലും എംഎസ്ഡിക്കു നല്ലൊരു യാത്രയയപ്പ് നല്‍കാന്‍ ശ്രമിച്ചു, 2023ല്‍ ഐപിഎല്‍ ട്രോഫി വിജയം, 2024ല്‍ ഈ മല്‍സരം. രവീന്ദ്ര ജഡേജ എന്നായിരുന്നു അദ്ദേഹത്തെ ടാഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റ്. ഇതിനാണ് ജഡേജ ലൈക്കടിച്ചിരിക്കുന്നത്. രോഹിത്തിനെയും കോലിയെയും പരോക്ഷമായി കളിയാക്കുകയല്ലേ ഇതിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നതെന്നാണ് ആരാധകരുടെ സംശയം

ഇതാണ് കോലിയുടെയും രോഹിത്തിന്റെയുമെല്ലാം ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. അവര്‍ ജഡേജയെ വിമര്‍ശിക്കുകയും ചെയ്തു. രവീന്ദ്ര ജഡേജ ഈ പോസ്റ്റിനെ ലൈക്ക് ചെയ്തിരിക്കുകയാണ്. ഒരു നാണവുമില്ലാത്തയാളാണ് അദ്ദേഹം. ടി20 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ജഡേജ കളിക്കുന്നത് അവസാനമായിട്ടായിരിക്കുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
ജഡേജയെ സംബന്ധിച്ച് സിഎസ്‌കെയ്‌ക്കൊപ്പം ശരാശരി ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേയുള്ള നിര്‍ണായകമായ അവസാനത്തെ മല്‍സരത്തില്‍ അദ്ദേഹം റണ്‍ചേസില്‍ കസറിയിരുന്നു. 22 ബോളില്‍ പുറത്താവാതെ 42 റണ്‍സാണ് ജഡ്ഡു സ്‌കോര്‍ ചെയ്തത്.
വെറും 11 റ്വണ്‍സ് വ്യത്യാസത്തിലാണ് സിഎസ്‌കെയ്ക്കു പ്ലേഓഫ് യോഗ്യത നഷ്ടമായത്. കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ടീമിന്റെ ഹീറോയായിരുന്നു ജഡേജ. സമാനമായൊരു പ്രകടനം ഇത്തവണയും ജഡ്ഡു പുറത്തെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ആര്‍സിബിക്കെതിരേ പൊരുതി വീഴുകയായിരുന്നു.

14 മല്‍സരങ്ങളില്‍ നിന്നും 44.50 ശരാശരിയില്‍ 142.78 സ്‌ട്രൈക്ക് റേറ്റില്‍ സിഎസ്‌കെയ്ക്കു വേണ്ടി 267 റണ്‍സാണ് ജഡേജയ്ക്കു സ്‌കോര്‍ ചെയ്യാനായത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 57 റണ്‍സാണ്. ബൗളിങിലും പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം പുറത്തെടുക്കാന്‍ ജഡ്ഡുവിനായില്ല.
14 മല്‍സരങ്ങളില്‍ നിന്നും 7.85 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഒരു സമയത്തു സിഎസ്‌കെയുടെ ഭാവി ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാളാണ് ജഡ്ഡു. 2022ലെ സീസണിനു മുമ്പ് ധോണി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഒഴിയുകയും പകരം ജഡേജയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ അദ്ദേഹത്തിനു കീഴില്‍ ടീം ശരിക്കും പതറി. സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ പോലും എത്താന്‍ സാധിക്കില്ലെന്നു ഭയന്നതോടെ സീസണിന്റെ പകുതിയോടെ ജഡേജ നായകസ്ഥാനമൊഴിയുകയും പകരം ധോണിക്കു ഈ ചുമതല തിരികെ നല്‍ക്കുകയുമായിരുന്നു. അതിനു ശേഷം അദ്ദേഹം ടീം വിട്ടേക്കുമെന്നു അഭ്യൂഹങ്ങളും വന്നു. പക്ഷെ ധോണി ഇടപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ ജഡ്ഡു സിഎസ്‌കെയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.