മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. 22നാണ് ആവേശകരമായ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ എല്ലാ ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ പോരാട്ടം തീപാറുമെന്നുറപ്പ്. എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കരുത്തുറ്റ താരനിരയോടെയാണ് ഇറങ്ങുന്നത്. കപ്പിലേക്കെത്താന്‍ ശേഷിയുള്ള താരനിരയുണ്ടെങ്കിലും ടീമിനെ ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നായകനെന്ന നിലയില്‍ സഞ്ജു സാംസണില്‍ വലിയ പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. രാജസ്ഥാനെ ഫൈനലിലേക്കെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു. എന്നാല്‍ അതിന് ശേഷം ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിനായിട്ടില്ല.
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കുന്നവരും വിമര്‍ശിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ സഞ്ജു സാംസണ്‍ രോഹിത് ശര്‍മയെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ദ്രുവ് ജുറേല്‍. അതിന്റെ കാരണവും യുവതാരം പറയുന്നുണ്ട്. 'സഞ്ജു സാംസണിന് കീഴില്‍ ഞാന്‍ കളിക്കാന്‍ തുടങ്ങിയിട്ട് 3 വര്‍ഷം ആകാറായി. വളരെ പോസിറ്റീവായ ക്യാരക്ടറിന് ഉടമയാണ് അദ്ദേഹം. വ്യക്തിത്വം പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മയെപ്പോലെയാണ് അവന്‍.
തന്ത്രങ്ങളെക്കുറിച്ചും ടീമിന്റെ പദ്ധതികളെക്കുറിച്ചും എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കും. എപ്പോഴും നമ്മളെ സുരക്ഷിതരാക്കാന്‍ സഞ്ജു ശ്രമിക്കും. ആദ്യ വര്‍ഷം ഞാന്‍ ബെഞ്ചിലിരുന്നു. ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നാല്‍ അത്തരമൊരു തോന്നല്‍ സഞ്ജു നല്‍കിയതേയില്ല. എല്ലാവരേയും ഒരുപോലെയാണ് അദ്ദേഹം കൊണ്ടുനടന്നത്. കളത്തിനകത്ത് മാത്രമല്ല പുറത്തും മത്സരത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്' ദ്രുവ് ജുറേല്‍ പറഞ്ഞു.

സഞ്ജു എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന നായകനാണ്. താരങ്ങളെ പരമാവധി സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാതിരിക്കാനാണ് സഞ്ജു ശ്രമിക്കാറ്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന നായകനാണ് അദ്ദേഹം. തോല്‍വികളില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തുന്ന രീതി സഞ്ജുവിനില്ല. എല്ലാ താരങ്ങളേയും ഒരുപോലെ കൊണ്ടുനടക്കാനും വ്യക്തിപരമായ അടുപ്പം സൂക്ഷിക്കാനും സഞ്ജു ശ്രമിക്കാറുണ്ട്. രോഹിത്തും ഇതേ രീതിയിലാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇത്തവണ സഞ്ജുവിനെ സംബന്ധിച്ച് കാര്യങ്ങള്‍ കടുപ്പമാണ്. പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കാനായില്ലെങ്കില്‍ നായകസ്ഥാനത്ത് തുടരുക പ്രയാസമായിരിക്കും. കൂടാതെ മികച്ച ബാറ്റിങ് പ്രകടനം നടത്താത്ത പക്ഷം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും സഞ്ജുവിന് മുന്നില്‍ നിന്ന് നയിക്കേണ്ടതായുണ്ട്. നിലവിലെ സഞ്ജുവിന്റെ പ്രശ്‌നം സ്ഥിരതയാണ്.
ഈ ചീത്തപ്പേരിന് മാറ്റം വരുത്താന്‍ വരുന്ന സീസണില്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ദ്രുവ് ജുറേലിനെ സംബന്ധിച്ചും ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടീമിനൊപ്പം കസറിയ ജുറേലിന് ഇത്തവണയും രാജസ്ഥാന്റെ ഫിനിഷര്‍ റോളില്‍ മികവ് കാട്ടേണ്ടതായുണ്ട്. ഗംഭീര പ്രകടനം നടത്താനായാല്‍ ജുറേലിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ബാറ്റിങ് നിരയില്‍ യശ്വസി ജയ്‌സ്വാളിലും ടീം വലിയ പ്രതീക്ഷവെക്കുന്നു.
സമീപകാലത്തായി ഏറ്റവും ഫോമില്‍ കളിക്കുന്ന താരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍. ജോസ് ബട്‌ലര്‍ക്ക് വരുന്ന സീസണില്‍ കൂടുതല്‍ കസറേണ്ടതായുണ്ട്. അവസാന സീസണില്‍ അദ്ദേഹം ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ രാജസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുള്ള കാര്യം പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയപ്പോള്‍ ഉത്തമ പകരക്കാരെ കണ്ടെത്താന്‍ ടീമിന് സാധിച്ചിട്ടില്ല.