ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും തകര്‍ത്തിരിക്കുകയാണ്. പുതിയ നായകനായ റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ സിഎസ്‌കെ ഗംഭീര പ്രകടനം നടത്തുകയാണ്. നേരത്തെ ധോണിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി രവീന്ദ്ര ജഡേജ ക്യാപ്റ്റനായപ്പോള്‍ ടീം തകര്‍ന്നിരുന്നു.
എന്നാല്‍ റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ ടീം നന്നായി മുന്നോട്ട് പോകുന്നു. പക്ഷെ നായകനെന്ന പേര് മാത്രമാണ് റുതുരാജിനെന്നും ഇപ്പോഴും മത്സരം നിയന്ത്രിക്കുന്ന ധോണിയാണെന്ന ആക്ഷേപം ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ സിഎസ്‌കെ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ തന്നെ നടത്തിയിരിക്കുകയാണ്. റുതുരാജിനോട് ഒന്നും ചോദിക്കാറില്ലെന്നും ഇപ്പോഴും തീരുമാനങ്ങള്‍ ധോണിയുടേതാണെന്നുമാണ് ദീപക് വെളിപ്പെടുത്തിയത്.
'ഇപ്പോഴും ധോണി സെറ്റ് ചെയ്യുന്ന ഫീല്‍ഡിങ്ങിലേക്കാണ് നോക്കുന്നത്. റുതുരാജ് നായകനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എന്നാല്‍ പന്തെറിയുമ്പോള്‍ ധോണിയേയും ഞാന്‍ നോക്കുന്നു' ദീപക് പറഞ്ഞു. സിഎസ്‌കെയുടെ പ്രധാന തീരുമാനങ്ങളെല്ലാം ഇപ്പോഴും ധോണി തന്നെയാണെടുക്കുന്നത്. മത്സരത്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നതടക്കം ധോണിയാണ്. റണ്ണൊഴുക്ക് കൂടുന്ന സാഹചര്യത്തിലും മികച്ച കൂട്ടുകെട്ട് ഉണ്ടാകുന്ന അവസ്ഥയിലും ധോണി കൃത്യമായി ഇടപെടല്‍ നടത്തുന്നു.
റുതുരാജ് ഗെയ്ക് വാദ് പ്രധാന തീരുമാനങ്ങളെല്ലാം ധോണിയോട് ചോദിച്ചിട്ടാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ റുതുരാജാണ് സിഎസ്‌കെയുടെ നായകനെങ്കിലും തീരുമാനങ്ങളെല്ലാം പഴയതുപോലെ ധോണിയുടേതാണ്. ബൗളര്‍മാരെല്ലാം സമ്മര്‍ദ്ദത്തിലാവുമ്പോള്‍ ധോണിയിലേക്കാണ് നോക്കുന്നത്. റുതുരാജ് ഡമ്മി നായകനാണെന്ന് തന്നെ പറയാം. എങ്കിലും റുതുരാജിന് വളരാനുള്ള വഴിയാണിത്. സിഎസ്‌കെയില്‍ ധോണിക്ക് കീഴില്‍ ക്യാപ്റ്റനായി വളരുന്നത് താരത്തിന് ഗുണം ചെയ്യും.

ഈ സീസണോടെ ധോണി കളി നിര്‍ത്തിയേക്കും. പിന്നീട് നായകസ്ഥാനത്ത് റുതുരാജിന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാവും. ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത് റുതുരാജ് ഗെയ്ക് വാദിന്റെ ബാറ്റിങ്ങിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റുതുരാജിന് സാധിക്കുന്നില്ല. ഗുജറാത്തിനെതിരേ 46 റണ്‍സെടുത്തെങ്കിലും സ്‌ട്രൈക്ക് റേറ്റ് മോശമായിരുന്നു. എന്തായാലും സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ പതിയെ കാര്യങ്ങള്‍ പഠിക്കാന്‍ റുതുരാജിന് സാധിക്കുന്നുണ്ട്.
സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികച്ച തീരുമാനമെടുക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. പലവട്ടം ധോണി ഇത്തരം സാഹചര്യങ്ങളില്‍ മികച്ച തീരുമാനമെടുത്ത് ഞെട്ടിച്ചിരുന്നു. മത്സരത്തിന്റെ ഗതി മാറ്റാന്‍ അസാധ്യ മികവ് ധോണിക്കുണ്ട്. ഇൗ മികവാണ് റുതുരാജും കണ്ട് പഠിക്കേണ്ടത്. നിലവില്‍ റുതുരാജിനെ ഡമ്മി ക്യാപ്റ്റനെന്നടക്കം വിളിച്ച് അധിക്ഷേപിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ ഞെട്ടിക്കാന്‍ പ്രതിഭയുണ്ടെന്ന് റുതുരാജ് ഇതിനോടകം തെളിയിച്ചു.
ഗുജറാത്തിനെതിരേ 63 റണ്‍സിന്റെ ഗംഭീര ജയമാണ് സിഎസ്‌കെ നേടിയത്. ആദ്യം ബാറ്റുചെയ്ത സിഎസ്‌കെ 6 വിക്കറ്റിന് 206 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സിഎസ്‌കെ ആധിപത്യം കാട്ടി.
23 പന്തില്‍ 51 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. റുതുരാജും രചിന്‍ രവീന്ദ്രയും 46 റണ്‍സ് വീതം നേടി. മറുപടിക്കിറങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 31 പന്തില്‍ 37 റണ്‍സ് നേടി. എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.
എന്നാല്‍ സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായക മത്സരങ്ങള്‍ വരാനിരിക്കുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ എല്‍ ക്ലാസിക്കോ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.