കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റ് എടുത്തിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരഫലം അനുകൂലമായി വന്നതോടയാണ് രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ റോയല്‍സ് പ്ലേ ഓഫിലെത്തിയത്. എല്‍എസ്ജിക്കെതിര ഡിസിയുടെ വിജയമാണ് റോയല്‍സിനു തുണയായത്. ഹോംഗ്രൗണ്ടില്‍ കെഎല്‍ രാഹുലിനെയും സംഘത്തെയും റിഷഭ് പന്തിന്റെ ഡിസി 19 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
ഈ വിജയം നേരിയ പ്ലേഓഫ് സാധ്യത കാത്തുസൂക്ഷിക്കാന്‍ ഡിസിയെ സഹായിച്ചപ്പോള്‍ എല്‍എസ്ജിയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. പ്ലേഓഫിലേക്കു ഇനി രണ്ടു ടിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഡിസിയും എല്‍എസ്ജിയും തമ്മിലുള്ള മല്‍സരശേഷം ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ എങ്ങനെയാണെന്നു പരിശോധിക്കാം.

എല്‍എസ്ജിയുടെ തോല്‍വി കാരണം രണ്ടു ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷകളാണ് വര്‍ധിച്ചിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് ഈ ടീമുകള്‍. 13 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് സിഎസ്‌കെയുള്ളത്. ഏഴു ജയവും ആറു തോല്‍വികളുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ശനിയാഴ്ച ആര്‍സിബിയുമായുള്ള അവസാനത്തെ മല്‍സരം സിഎസ്‌കെയ്ക്കു നോക്കൗട്ടിനു തുല്യമായി മാറിയിരിക്കുകയാണ്.
പ്ലേഓഫില്‍ കടക്കാന്‍ സിഎസ്‌കെയ്ക്കു അവസാന മല്‍സരം ജയിക്കുക മാത്രമാണ് ഇനി വേണ്ടത്. ആര്‍സിബിയെ പരാജയപ്പെടുത്തിയാല്‍ 16 പോയിന്റുമായി സിഎസ്‌കെയക്കു പ്ലേഓഫ് ടിക്കറ്റെടുക്കാം. ഇതോടെ ആര്‍സിബി പുറത്താവുകയും ചെയ്യും. ആര്‍സിബിയോടു പരാജയപ്പെട്ടാലും ഇതു 17 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ അല്ലെങ്കില്‍ സിഎസ്‌കെയ്ക്കു പ്ലേഓഫ് സാധ്യതയുണ്ട്. കാരണം നെറ്റ് റണ്‍റേറ്റില്‍ അവര്‍ ആര്‍സിബിക്കു മുകളിലാണ്. ശേഷിച്ച മല്‍സരങ്ങളില്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ തോറ്റാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനും സിഎസ്‌കെയ്ക്കാവും,
12 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റോടെ എസ്ആര്‍എച്ചും പ്ലേഓഫ് പ്രതീക്ഷയിലാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അടുത്ത മല്‍സരം വിജയിക്കാനായാല്‍ 16 പോയിന്റ് നേടി എസ്ആര്‍എച്ചിനു പ്ലേഓഫില്‍ കടക്കാം. എന്നാല്‍ ശേഷിച്ച രണ്ടു കളിയിലും പരാജയപ്പെട്ടാലും ഹൈദരാബാദിനു പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സിഎസ്‌കെയോടു ആര്‍സിബി തോല്‍ക്കുകയാണ് അവര്‍ക്കു വേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ചെന്നൈയ്‌ക്കൊപ്പം ഓറഞ്ച് ആര്‍മിയും പ്ലേഓഫില്‍ കടക്കും.
പോയിന്റ് പട്ടികയിലെ അഞ്ചാംസ്ഥാനക്കാരായ ഡിസി തങ്ങളുടെ ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 14 മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റാണ് അവര്‍ക്കുള്ളത്. ഏഴു മല്‍സരങ്ങളില്‍ ജയിച്ച ഡിസി ശേഷിച്ച ഏഴിലും തോല്‍ക്കുകയും ചെയ്തു. ഡിസിക്കു പല കാര്യങ്ങളു അനുകൂലമായെങ്കില്‍ മാത്രമേ ഇനി പ്ലേഓഫില്‍ കടക്കാന്‍ സാധിക്കൂ.

ഹൈദരാബാദുമായുള്ള അടുത്ത കളിയില്‍ ജിടിയും പഞ്ചാബ് കിങ്‌സും ആദ്യം ബാറ്റ് ചെയ്യണം. ചുരുങ്ങിയത് 200 റണ്‍സെങ്കിലും ഇരുടീമുകളും നേടുകയും വേണം. ജിടിയും പഞ്ചാബും ഈ മല്‍സരങ്ങളില്‍ കുറഞ്ഞത് 100 റണ്‍സ് മാര്‍ജിനിലെങ്കിലും ജയിക്കേണ്ടതും ആവശ്യമാണ്. ഇവയെല്ലാം നടന്നാല്‍ ഡിസിക്കു പ്ലേഓഫ് സാധ്യതയുണ്ട്.
13 മല്‍സരങ്ങളില്‍ നിന്നും ആറു ജയും ഏഴു തോല്‍വിയുമടക്ക 12 പോയിന്റാണ് ആര്‍സിബിക്കുള്ളത്. സിഎസ്‌കെയുമായുള്ള അടുത്ത മല്‍സരം അവര്‍ക്കു എന്തു വില കൊടുത്തും വിജയിക്കണം. സിഎസ്‌കെയ 18 റണ്‍സിനോ, റണ്‍ചേസാണെങ്കില്‍ 18.1 ഓവറിലോ ആര്‍സിബി തോല്‍പ്പിക്കണം. അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ അവരെ മറികടക്കാനും പ്ലേഓഫിലേക്കു യോഗ്യത നേടാനും ആര്‍സിബിക്കു കഴിയും
എല്‍എസ്ജിയാണ് നേരിയ പ്ലേഓഫ് പ്രതീക്ഷയുള്ള അവസാനത്തെ ടീം. 13 മല്‍സരങ്ങളില്‍ നിന്നും ആറു ജയവും ഏഴു തോല്‍വികളുമടക്കം 13 പോയിന്റാണ് അവര്‍ക്കുള്ളത്. നെറ്റ് റണ്‍റേറ്റ് വളരെ മോശമാണെന്നതു ലഖ്‌നൗവിനു തിരിച്ചടിയാണ്. മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ 150 റണ്‍സിനെങ്കിലും എല്‍എസ്ജിക്കു വിജയിക്കേണ്ടതുണ്ട്. അതോടൊപ്പം എസ്ആര്‍എച്ച് ശേഷിച്ച രണ്ടു കളികളും വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും വേണം.