ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ ഐപിഎല്ലിലെ പ്രതിഫലത്തിന്റെ റെക്കോഡ് തകര്‍ക്കപ്പെടുന്നത് രണ്ട് തവണയാണ് കണ്ടത്. പാറ്റ് കമ്മിന്‍സ് ആദ്യം 20.5 കോടി നേടി എല്ലാവരേയും ഞെട്ടിച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് 24.5 കോടി നേടി ഇതുവരെയുള്ള എല്ലാ പ്രതിഫല റെക്കോഡും തകര്‍ത്തു. 322 താരങ്ങള്‍ പങ്കെടുത്ത ലേലത്തില്‍ 71 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
ഇത്തവണത്തെ ലേലം പൂര്‍ത്തിയാകവെ ഏറ്റവും വിലപിടിപ്പുള്ള പ്ലേയിങ് 11 പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി ട്രവിസ് ഹെഡും കുമാര്‍ കുശാഗ്രയുമാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഓസീസ് ഇടം കൈയന്‍ ബാറ്റ്‌സ്മാനെ 6.80 കോടിക്ക് സ്വന്തമാക്കിയത്. അവസാന ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടക്കം നേടി കസറിയ താരമാണ് ഹെഡ്. കുമാര്‍ കുശാഗ്ര ആരാധകര്‍ക്ക് അധികം പരിചയമില്ലാത്ത പേരാണ്.
18കാരനായ താരം ജാര്‍ഖണ്ഡുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. 7.20 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് കുശാഗ്ര. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യനിരയിലാണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. മൂന്നാം നമ്പറില്‍ ഡാരില്‍ മിച്ചലിനെ കളിപ്പിക്കാം. ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാനെ സിഎസ്‌കെയാണ് സ്വന്തമാക്കിയത്. 14 കോടിക്കാണ് മിച്ചല്‍ ധോണിപ്പടയ്‌ക്കൊപ്പമെത്തിയത്.
മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചേക്കും. സിഎസ്‌കെ മധ്യനിരയില്‍ മിച്ചലിനെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. നാലാം നമ്പറില്‍ സമീര്‍ റിസ് വിയെ കളിപ്പിക്കാം. ആരാധകര്‍ക്ക് സുപരിചിതമല്ലാത്ത പേരായിരുന്നിട്ടും 8.40 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് റിസ് വി. ശുബം ദുബൈയാണ് മറ്റൊരാള്‍. 5.80 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് ദുബൈയെ സ്വന്തമാക്കിയത്.

വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം മധ്യനിരയില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഷാരൂഖ് ഖാനാണ് മറ്റൊരാള്‍. തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ ഫിനിഷര്‍ റോളിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന ഷാരൂഖിനെ 7.4 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. ഹാര്‍ദിക്കിന്റെ വിടവ് നികത്താന്‍ ഷാരൂഖിനാവുമോയെന്നത് കണ്ടറിയാം. പാറ്റ് കമ്മിന്‍സാണ് ഈ ടീമിന്റെ നായകന്‍. 20.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ വാങ്ങിയത്.
പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിന് കരുത്തുപകരാന്‍ കഴിവുള്ള താരമാണ് പാറ്റ് കമ്മിന്‍സെന്ന് പറയാം. ഹര്‍ഷല്‍ പട്ടേലാണ് ഈ പട്ടികയിലെ മറ്റൊരു താരം. മീഡിയം പേസറായ ഹര്‍ഷലിനെ ഇത്തവണ പഞ്ചാബ് കിങ്‌സാണ് വാങ്ങിയത്. 11.75 കോടിയാണ് മുന്‍ ആര്‍സിബി താരത്തിന് ലഭിച്ചത്. തല്ലുകൊള്ളിയാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുണ്ട്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് അദ്ദേഹം നേടിയിട്ടുണ്ട്.
പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പ്രധാനി. 24.75 എന്ന സ്വപ്‌ന പ്രതിഫലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഇത്തവണ സ്റ്റാര്‍ക്കിന്റെ ഗംഭീര പ്രകടനം പ്രതീക്ഷിക്കാം. ശിവം മാവിയാണ് മറ്റൊരാള്‍. ഇന്ത്യയുടെ യുവ പേസര്‍ക്ക് 6.40 കോടിയാണ് പ്രതിഫലം ലഭിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മാവിയെ സ്വന്തമാക്കിയത്. മണിമാരന്‍ സിദ്ധാര്‍ത്ഥാണ് മറ്റൊരു താരം. തമിഴ്‌നാട്ടുകാരനായ ഇടം കൈയന്‍ സ്പിന്നര്‍ക്ക് 2.40 കോടിയാണ് പ്രതിഫലമായി ലഭിച്ചത്.
18ാം സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ടീമുകള്‍ പണം വാരിയെറിഞ്ഞ് പരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ്. ഇത്തവണ എല്ലാ ടീമിനും ശക്തമായ താരനിരയുള്ളതിനാല്‍ ആര് കപ്പടിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.