ഐപിഎല്ലിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായി മാറാന്‍ തനിക്കാവുമെന്നു ഇടിമിന്നല്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ കാണിച്ചുതന്നിരിക്കുകയാണ് യുവതാരം സമീര്‍ റിസ്വി. കഴിഞ്ഞ ലേലത്തില്‍ സിഎസ്‌കെ റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കിയ റിസ്വി അരങ്ങേറ്റ സീസണിനു മുമ്പാണ് സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചിരിക്കുന്നത്. സികെ നായുഡു ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരേ ഉത്തര്‍ പ്രദേശിനു വേണ്ടിയാണ് ട്രിപ്പിള്‍ സെഞ്ച്വറിയോടെ താരം ഹീറോയായത്.
വെറും 266 ബോളില്‍ റിസ്വി വാരിക്കൂട്ടിയത് 312 റണ്‍സാണ്. 20 കാരനായ താരത്തിന്റെ ഇന്നിങ്‌സില്‍ 33 ഫോറും 12 സിക്‌സറുമുള്‍പ്പെട്ടിരുന്നു. 117 ബോളില്‍ നിന്നും പുറത്താവാതെ 134 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം റിസ്വി ബാറ്റിങ് പുനരാരംഭിച്ചത്. പിന്നീട് അദ്ദേഹം ഈ ഇന്നിങ്‌സ് ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയുമായി മാറ്റുകയായിരുന്നു. റിസ്വിയുടെ ട്രിപ്പിളിനു ശേഷം യുപി ആറു വിക്കറ്റിനു 684 റണ്‍സിനു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയുമായിരുന്നു.

വലംകൈയന്‍ സുരേഷ് റെയ്‌നയെന്നറിയപ്പെടുന്ന റിസ്വി തന്റെ അറ്റാക്കിങ് ശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. യുപി ടി20 ലീഗില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 11 ടി20കളില്‍ നിന്നും 49.16 ശരാശരിയില്‍ 134.70 സ്‌ട്രൈക്ക് റേറ്റില്‍ 295 റണ്‍സാണ് റിസ്വി സ്‌കോര്‍ ചെയ്തത്. അദ്ദേഹത്തിന്റെ നിലവിലെ ഫോം സിഎസ്‌കെയെ തീര്‍ച്ചയായും ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്.
വെറ്ററന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു കഴിഞ്ഞ സീസണിനു ശേഷം വിരമിച്ചതിനാല്‍ ഈ റോളിലേക്കു പുതിയൊരാളെ സിഎസ്കെയ്ക്കു ആവശ്യമുണ്ട്. തീര്‍ച്ചയായും ഈ പൊസിഷനില്‍ ചെന്നൈയ്ക്കു പരീക്ഷിക്കാവുന്ന ബാറ്ററാണ് റിസ്വി. റിസ്വിയെക്കൂടാതെ ന്യൂസിലാന്‍ഡ് ജോടികളായ രചിന്‍ രവീന്ദ്ര (1.8 കോടി), ഡാരില്‍ മിച്ചെല്‍ (14 കോടി) എന്നിവരെയും ലേലത്തില്‍ സിഎസ്‌കെ ഇതേ റോളിലേക്കു ടീമിലെത്തിച്ചിരുന്നു.
അണ്‍ക്യാപ്ഡ് താരമായിരുന്നിട്ടും റിസ്വിക്കു ലേലത്തില്‍ വലിയ ഡിമാന്റാണ് കണ്ടത്. ഇതോടെ താരത്തിന്റെ മൂല്യവും കുത്തനെ ഉയരുകയായിരുന്നു. ഒടുവില്‍ 8.4 കോടി രൂപയ്ക്കു റിസ്വിയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു. ഇത്രയും വലിയ തുക താരത്തിനായി സിഎസ്‌കെ മുടക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷെ സിഎസ്‌കെ വെറുതെയല്ല ഒമ്പതു കോടിയോളം രൂപ തനിക്കായി ചെലവഴിക്കാന്‍ തയ്യാറായതെന്നു റിസ്വി കാണിച്ചു തന്നിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിങ് പ്രകടനമാണ് റിസ്വി ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയാവാനുള്ള പ്രധാന കാരണം. പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെല്ലാം നേരത്തേ താരത്തെ ട്രയല്‍സിനായി ക്ഷണിച്ചിരുന്നു.
പക്ഷെ ഉത്തര്‍ പ്രദേശിന്റെ അണ്ടര്‍ 23 ടീമുകള്‍ക്കൊപ്പമുള്ള മല്‍സരങ്ങള്‍ കാരണം റിസ്വിക്കു ട്രയല്‍സുകളിലൊന്നും പങ്കെടുക്കാനായില്ല. അതിനു ശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തില്‍ താരത്തെ സിഎസ്‌കെ റാഞ്ചിയത്. വലംകൈയന്‍ ബാറ്റര്‍ മാത്രമല്ല വലംകൈ ഓഫ് സ്പിന്നറും കൂടിയാണ് റിസ്വി.