നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ സീസണില്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ് സിഎസ്‌കെ. രണ്ടിലും പരാജയപ്പെട്ട രീതിയും അവരെ ആശങ്കയിലാക്കുന്നതാണ്. കാര്യമായി പൊരുതാന്‍ പോലും കഴിയാതെ ദയനീയ തോല്‍വിയാണ് റുതുരാജിനും സംഘത്തിനും നേരിട്ടത്. ഏകപക്ഷീയമായ ഈ പരാജയങ്ങള്‍ സിഎസ്‌കെയ്ക്കുള്ള മുന്നറിയിപ്പും കൂടിയാണ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ 20 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാവട്ടെ ആറു വിക്കറ്റിനും അവര്‍ തകര്‍ന്നടിഞ്ഞു. ഈ രണ്ടു കളിയിലും സിഎസ്‌കെയുടെ തോല്‍വിക്കു ഒരു പ്രധാന കാരണം പവര്‍പ്ലേയിലെ ബാറ്റിങ് പ്രകടനമാണെന്നു കാണാം. ആദ്യത്തെ ആറോവറിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങളുടെ ആനുകൂല്യം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സിഎസ്‌കെയ്ക്കു സാധിക്കുന്നില്ല.

ടി20 ഫോര്‍മാറ്റില്‍ ഏതൊരു ടീമിനെ സംബന്ധിച്ചും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് പവര്‍പ്ലേ ബാറ്റിങ്. കളിയില്‍ ആധിപത്യം സ്ഥാപിക്കാനും എതിരാളികളെ ബാക്ക്ഫൂട്ടിലാക്കാനും ഒരു ടീമിനെ സഹായിക്കുന്നത് ആദ്യത്തെ ആറോവറിലെ കടന്നാക്രമണമാണെന്നു നിസംശയം പറയാം. പക്ഷെ സിഎസ്‌കെയ്ക്കു പവര്‍പ്ലേയുടെ ഈ ആനുകൂല്യം ഇപ്പോള്‍ മുതലെടുക്കാന്‍ സാധിക്കുന്നില്ല. ക്യാപ്റ്റന്‍ റുതുരാജ്, ഓപ്പണിങ് പങ്കാളിയായ രചിന്‍ രവീന്ദ്ര എന്നിവരുടെ കഴിവുകേട് കൂടിയാണ് ഇതു കാണിക്കുന്നത്.
ഡിസിക്കെതിരായ മൂന്നാം റൗണ്ട് മല്‍സരത്തില്‍ സിഎസ്‌കെയ്ക്കു പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 32 റണ്‍സ് മത്രമാണ്. രണ്ടു വിക്കറ്റുകള്‍ ഇതിനിടെ നഷ്ടമാവുകയും ചെയ്തു. റുതുരാജ് രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്തു മടങ്ങിയപ്പോള്‍ രചിന്‍ 12 ബോളില്‍ ഒരു റണ്‍സെടുത്തും ക്രീസ് വിട്ടു. ഹൈദരാബാദുമായുള്ള കഴിഞ്ഞ മല്‍സരത്തിലാവട്ടെ പവര്‍പ്ലേയില്‍ സിഎസ്‌കെ നേടിയത് 48 റണ്‍സാണ്. ഒരു വിക്കറ്റും പാഴാക്കി. ഒമ്പതു ബോളില്‍ 13 റണ്‍സ് നേടിയ രചിനാണ് മടങ്ങിയത്.
റുതുരാജ്-രചിന്‍ ജോടി മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുകയും പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ സിഎസ്‌കെയ്ക്കു ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. കന്നി സീസണ്‍ കളിക്കുന്ന രചിന്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അഗ്രസീവ് ബാറ്റിങിലൂടെ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് പ്രകടനം താഴേക്കു പോയി. റുതുരാജാവട്ടെ ഇതിനകം കളിച്ച നാലിന്നിങ്‌സുകളിലും സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്.
നാലു മല്‍സരങ്ങളില്‍ നിന്നും 24.25 ശരാശരിയില്‍ രചിന്‍ നേടിയത് 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍ 45 റണ്‍സുമാണ്. നായകനായ ശേഷം ബാറ്റിങില്‍ റുതുരാജിന്റെ ബാറ്റിങ് പ്രകടനവും താഴേക്കാണ്. നാലിന്നിങ്‌സുകളില്‍ നിന്നും 22 ശരാശരിയില്‍ 88 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സുമാണ്.

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ വിജയരഹസ്യങ്ങളിലൊന്ന് റുതുരാജ്- ഡെവന്‍ കോണ്‍വേ ഓപ്പണിങ് ജോടിയായിരുന്നു. ടീമിനു സ്ഥിരതയാര്‍ന്ന തുടക്കങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കായിരുന്നു. ഇതു പിന്നീട് ക്രീസിലെത്തുന്നവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. പക്ഷെ പരിക്കു കാരണം കോണ്‍വേ ഇപ്പോൾ ടീമിനു പുറത്താണ്. ഇത്തവണ ബാറ്റിങില്‍ ഇത്തരമൊരു ഗ്യാരണ്ടി നല്‍കാന്‍ റുതുരാജ്- രചിന്‍ സഖ്യത്തിനാവുന്നില്ല. തുടക്കം പാളുന്നതോടെ അതു സിഎസ്‌കെയുടെ ബാറ്റിങ് ലൈനപ്പിനെയാകെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.
ഇത്തവണ ആറാം കിരീടം നേടണമെങ്കില്‍ റുതുരാജ്- രചിന്‍ ജോടി എത്രയും വേഗത്തില്‍ ക്ലിക്കാവുകയും പവര്‍പ്ലേയില്‍ മികച്ച തുടക്കങ്ങള്‍ ടീമിനു സമ്മാനിക്കുകയും വേണം. മാത്രല്ല മൂന്നാം നമ്പറില്‍ കളിക്കുന്ന അജിങ്ക്യ രഹാനെയുടെ സ്ലോ ബാറ്റിങും സിഎസ്‌കെയ്ക്കു തിരിച്ചടിയാണ്.
ഓപ്പണര്‍മാരിലൊരാളെ പവര്‍പ്ലേയില്‍ നഷ്ടമായാല്‍ വണ്‍ഡൗണായി ഇറങ്ങുന്ന രഹാനെയ്ക്കു ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ സാധിക്കുന്നില്ല. രഹാനെയ്ക്കു പകരം കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന മോയിന്‍ അലിയെ വണ്‍ഡൗണായി സിഎസ്‌കെയ്ക്കു പരീക്ഷിക്കാവുന്നതാണ്. നേരത്തേ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഈ റോളില്‍ തിളങ്ങിയ താരം കൂടിയാണ് അദ്ദേഹം.