ദുബായ്: നിലവിലെ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണിലെ ഐപിഎല്ലില്‍ കൂടുതല്‍ ശക്തമായ സംഘവുമായാണ് പടയൊരുക്കം നടത്തുന്നത്. ലേലത്തില്‍ ടീമിനു ഏറ്റവും അനുയോജ്യരായ കളിക്കാരെ തന്നെ കൊണ്ടു വരികയെന്ന പതിവ് സിഎസ്‌കെ ഇത്തവണയും തെറ്റിച്ചിട്ടില്ലെന്നു കാണാം.
ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് സെന്‍സേഷന്‍ രചിന്‍ രവീന്ദ്ര, കിവി ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെല്‍ എന്നിവരെയെല്ലാം ലേലത്തില്‍ സിഎസ്കെ സ്വന്തമാക്കിക്കഴിഞ്ഞു. നേരത്തേ തങ്ങള്‍ക്കൊപ്പമായിരുന്ന ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങിയിട്ടുണ്ട്.

ഇതോടെ ഏറെക്കുറെ പെര്‍ഫെക്ടെന്നു വിശേഷിപ്പിക്കാവുന്ന ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണ്. കാര്യമായ തിരിച്ചടികളൊന്നും സംഭവിച്ചില്ലെങ്കില്‍ സിഎസ്‌കെ അടുത്ത സീസണിലും പ്ലേഓഫിലെത്തുമെന്ന കാര്യം ഉറപ്പാണ്. ചിലപ്പോള്‍ ആറാം കിരീടവും സ്വന്തമാക്കിയേക്കും. ധോണിയുടെ അവസാന സീസണ്‍ കൂടിയാവും അടുത്ത തവണത്തേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിഎസ്‌കെയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. ചില മാറ്റങ്ങളൊഴിച്ചാല്‍ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണികളൊന്നും കാണാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ടു സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേയുമാവും ഓപ്പണിങ് ജോടികള്‍.
കഴിഞ്ഞ തവണ ടീമിലേക്കു വന്ന് ചില സ്‌ഫോടനാത്മക ഇന്നിറങ്‌സുകളിലൂടെ കൈയടി നേടിയ ഇന്ത്യന്‍ വെറ്ററന്‍ അജിങ്ക്യ രഹാനെയായിരിക്കും മൂന്നാം നമ്പറില്‍ കളിക്കുക. നാലാം നമ്പറിലേക്കു രണ്ടു പേരാണ് മല്‍സരരംഗത്തുള്ളത്.
പുതുതായി ടീമിലേക്കു വന്ന ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍മാരായ മിച്ചെലും രചിനുമാണ് ഇവര്‍. മിച്ചെല്‍ വലംകൈയനാണെങ്കില്‍ രചിന്‍ ഇടംകൈയന്‍ ബാറ്ററാണ്. സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ഒരുപോലെ മിടുക്കരാണ് ഇരുവരും. അനുഭവസമ്പത്ത് പരിഗണിക്കുമ്പോള്‍ മിച്ചെലിനായിരിക്കും മുന്‍തൂക്കം ലഭിക്കുക.

അഞ്ചാം നമ്പറില്‍ ഇറങ്ങുക ഇന്ത്യയുടെ വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയായിരിക്കും. കഴിഞ്ഞ സീസണില്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ ദുബെ കളിച്ചിരുന്നു. അദ്ദേഹത്തിനു പിന്നാലെ ആറാം നമ്പില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഊഴമായിരിക്കും. നായകന്‍ ധോണി ഏഴാമനായിട്ടാവും ക്രീസിലെത്തുക.
എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശര്‍ദ്ദുല്‍ ടാക്കൂറും ദീപക് ചാഹറുമായിരിക്കും. ശര്‍ദ്ദുലിന്റെ മടങ്ങിവരവോടടെ സിഎസ്‌കെയുടെ ബാറ്റിങിനു കൂടുതല്‍ ആഴം വന്നിരിക്കുകയാണ്. ശ്രീലങ്കയുടെ മഹീഷ് തീക്ഷണയായിരിക്കും സിഎസ്‌കെയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. അവസാനത്തെയാള്‍ ശ്രീലങ്കയുടെ തന്നെ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയായിരിക്കും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് 11
റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, രചിന്‍ രവീന്ദ്ര / ഡാരില്‍ മിച്ചെല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, മതീശ പതിരാന.