ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള നിര്‍ണായക ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരാജയകാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ 27 റണ്‍സിന്റെ തോല്‍വിയാണ് സിഎസ്‌കെയ്ക്കു നേരിട്ടത്. മല്‍സത്തില്‍ തോറ്റാലും 201 റണ്‍സ് നേടിയിരുന്നെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ സിഎസ്‌കെ പ്ലേഓഫില്‍ കടക്കുമായിരുന്നു. പക്ഷെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.
സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയാണ് ടേണിങ് പോയിന്റ് എന്തായിരുന്നുവെന്നു ചോപ്ര വിശദീകരിച്ചത്. യഷ് ദയാലെറിഞ്ഞ 20ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ എംഎസ് ധോണി പുറത്തായതാണ് സിഎസ്‌കെയുടെ തോല്‍വിക്കു വഴിയൊരുക്കിയതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അവിടെ എംഎസ് ധോണി ക്രീസിലുണ്ടായിരുന്നു. സിഎസ്‌കെയുടെ വിജയസാധ്യത ധോണി നിലനിര്‍ത്തുകയും ചെയ്തു. ഒരുപക്ഷെ അവസാനമായിട്ടാവും അദ്ദേഹത്തെ നമ്മള്‍ കളിക്കളത്തില്‍ കണ്ടത്. 110 മീറ്റര്‍ ദൈര്‍ഘ്യമുള്ള സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറടിക്കാന്‍ ധോണിക്കു സാധിച്ചു. ലെഗ് സൈഡിലൂടെ രണ്ടു ഫോറുകളുമടിച്ചു. ധോണി ആ ബോളില്‍ പുറത്തായിരുന്നില്ലെങ്കില്‍ സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടുമായിരുന്നെന്നും ചോപ്ര വിശദീകരിച്ചു.
ധോണി ബാറ്റിങ് തുടങ്ങുന്ന സമയത്തു സിഎസ്‌കെയ്ക്കു വിജയം അസാധ്യമായിട്ടാണ് കാണപ്പെട്ടത്. വിജയത്തെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്, 201 റണ്‍സ് നേടുന്നതിനെക്കുറിച്ചാണ്. വിജയമെന്നത് അവര്‍ക്കു സാധിക്കാത്ത കാര്യമായിരുന്നു. ഓരോ ഓവറിലെയും ആദ്യത്തെ ബോളില്‍ ജഡേജ സിക്‌സറുകളടിച്ചു കൊണ്ടിരുന്നു.
എന്നിരുന്നാലും യഷ് ദയാല്‍ അവസാന ഓവര്‍ നന്നായി എറിഞ്ഞു. 17 റണ്‍സ് മാത്രമാണ് യോഗ്യതയ്ക്കായി സിഎസ്‌കെയ്ക്കു അപ്പോള്‍ വേണ്ടിയിരുന്നത്. ആര്‍സിബിയെ ദയാല്‍ രക്ഷിക്കുകയും അവര്‍ മോശമല്ലാത്ത മാര്‍ജിനില്‍ ജയിച്ച് മുന്നേറുകയും ചെയ്തതായും ചോപ്ര വ്യക്തമാക്കി.
പ്ലേഓഫിലെത്താന്‍ സിഎസ്‌കെയ്ക്കു 30 ബോളില്‍ 72 റണ്‍സ് വേണമെന്നിരിക്കെയാണ് ജഡേജയ്ക്കു കൂട്ടായി ധോണി ക്രീസിലലെത്തിയത്. ഈ ജോടി സിഎസ്‌കെയെ കളിയിലേക്കു ശക്തമായി തിരികെ കൊണ്ടു വരികയും ലക്ഷ്യം അഞ്ചു ബോളില്‍ 11 റണ്‍സിലേക്കു എത്തിക്കുകയും ചെയ്തു. പക്ഷെ അവസാന ഓവറിലെ ആദ്യ ബോളില്‍ സിക്‌സര്‍ വഴങ്ങിയെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ ഒരു റണ്‍സ് മാത്രമേ ദയാല്‍ വിട്ടുകൊടുത്തുള്ളൂ.

റണ്‍ചേസില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദ്, ഡാരില്‍ മിച്ചെല്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതിനു ശേഷം അജിങ്ക്യ രഹാനെയ്ക്കു സ്‌കോറിങിനു വേഗത കൂട്ടാന്‍ സാധിച്ചില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. മാക്‌സി (ഗ്ലെന്‍ മാക്‌സ്വെല്‍) വന്നു, റുതു (റുതുരാജ് ഗെയ്ക്വാദ്) ആദ്യത്തെ ബോളില്‍ പുറത്താവുകയും ചെയ്തു. തുടര്‍ന്നു ഡാരില്‍ മിച്ചെല്‍ വരികയും അധികം വൈകാതെ മടങ്ങുകയും ചെയ്തു.
രചിന്‍ രവീന്ദ്രയാണ് തുടര്‍ന്നു അജിങ്ക്യ രഹാനെയോടൊപ്പം കളിച്ചത്. രചിനു വളരെ നന്നായിട്ടു തന്നെ ബോള്‍ ടൈം ചെയ്യാനും കഴിഞ്ഞു. രഹാനെ കുറച്ചു സമയം ക്രീസില്‍ നിന്നെങ്കിലും മല്‍സരം സിഎസ്‌കെയില്‍ നിന്നും വഴുതിപ്പോവുന്നതു പോലെയാണ് കാണപ്പെട്ടത്.
കാരണം രഹാനെയ്ക്കു സ്‌കോറിങിനു വേഗത കൂട്ടാന്‍ സാധിച്ചില്ല. അതിനു ശേഷം അദ്ദേഹം പുറത്താവുകയും ശിവം ദുബെ എത്തുകയും ചെയ്തു. പക്ഷെ ശരിയായി ഷോട്ടുകള്‍ കളിക്കാന്‍ പോലും സാധിച്ചില്ല. ഒട്ടും തന്നെ ഫോമിലായിരുന്നില്ല ദുബെയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.