ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ പല വമ്പന്‍ മാറ്റങ്ങളും പല ടീമുകളിലും കാണാനായേക്കും. ഈ സീസണിന് ശേഷം നടക്കാന്‍ പോകുന്ന പ്രധാന മാറ്റങ്ങളിലൊന്ന് രോഹിത് ശര്‍മയുടെ കൂടുമാറ്റമാണ്. മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലം രോഹിത് മുംബൈ വിടാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് സജീവമാണ്.
രോഹിത് മുംബൈ വിട്ടാല്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ചുള്ള പല റിപ്പോര്‍ട്ടുകളും സജീവമാണ്. രോഹിത് സിഎസ്‌കെയിലേക്ക് പോകുമോയെന്ന അഭ്യൂഹം ശക്തമാകവെ അതിനുള്ള സാധ്യതയില്ലെന്നതാണ് വസ്തുത. ഇതിന് കാരണം 2011ല്‍ ടീം പങ്കുവെച്ച ഒരു ട്വിറ്റര്‍ പോസ്റ്റാണ്. ഇപ്പോള്‍ അത് ആരാധകര്‍ വീണ്ടും കുത്തിപ്പൊക്കി വൈറലാക്കി മാറ്റിയിരിക്കുകയാണ്.
2011ല്‍ രോഹിത് ശര്‍മയെ വാങ്ങുമോയെന്ന ആരാധകന്റെ ചോദ്യത്തിന് ഒരിക്കലുമില്ലെന്നാാണ് സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രതികരിച്ചത്. ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ ഈ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സിഎസ്‌കെ ആരാധകര്‍ മുംബൈ ആരാധകരെ പ്രകോപിപ്പിക്കുന്നത്. രോഹിത് ശര്‍മയോട് വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് താരത്തെ നായകസ്ഥാനത്ത് നിന്ന് മുംബൈ മാറ്റിയത്.
ഇതില്‍ രോഹിത്തിനും ആരാധകര്‍ക്കും ഒരുപോലെ നിരാശയുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം മിക്ക മത്സരങ്ങളിലും കാണാനായി. ഹാര്‍ദിക് പാണ്ഡ്യ ടോസിടാന്‍ എത്തുമ്പോഴെല്ലാം കൂവലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സ്വന്തം തട്ടകത്തില്‍ പോലും ഹാര്‍ദിക്കിനെതിരേ കൂവല്‍ ഉയര്‍ന്നു. രോഹിത് ശര്‍മ ആരാധകരെല്ലാം ഹാര്‍ദിക്കിനെ മൈതാനത്തും സാമൂഹ്യ മാധ്യമങ്ങളിലും അധിക്ഷേപിക്കുകയാണെന്ന് പറയാം. ആദ്യത്തെ മൂന്ന് മത്സരത്തിലും തോറ്റ മുംബൈ അവസാന രണ്ട് മത്സരത്തിലും ജയിച്ച് തിരിച്ചുവന്നിട്ടുണ്ട്.

എന്നാല്‍ ടീമിനുള്ളില്‍ രോഹിത് സംതൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമാണ്. പല പ്രമുഖരും രോഹിത് സിഎസ്‌കെയിലേക്ക് പോകുമെന്നാണ് പറയുന്നത്. സിഎസ്‌കെ പൊതുവേ സീനിയര്‍ താരങ്ങളെ പിന്തുണക്കുന്ന ടീമാണ്. അതുകൊണ്ടുതന്നെ സിഎസ്‌കെയെ ഏറ്റവും വെള്ളം കുടിപ്പിച്ച നായകനെ ഒപ്പം കൂട്ടാന്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്നതാണ് വസ്തുത.
രോഹിത് ശര്‍മ മുംബൈ വിടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് സിഎസ്‌കെയിലേക്കായിരിക്കില്ല. രോഹിത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ രണ്ട് ടീമുകളിലൊന്നിലേക്ക് രോഹിത് എത്താനാണ് സാധ്യത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായ ഗൗതം ഗംഭീറിന് രോഹിത് ശര്‍മയെ ഒപ്പം കൂട്ടാന്‍ വലിയ താല്‍പര്യമുണ്ട്. തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ നായകന്‍ രോഹിത്താണെന്ന് ഗംഭീര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
നിലവില്‍ ശ്രേയസ് അയ്യരാണ് കെകെആറിന്റെ നായകന്‍. മാറ്റത്തിനായി കെകെആര്‍ താല്‍പര്യം കാട്ടിയേക്കും. അതുകൊണ്ടുതന്നെ രോഹിത് ഇത്തരമൊരു കൂടുമാറ്റത്തിലേക്ക് കടന്നാലും അത്ഭുതപ്പെടാനാവില്ല. ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങാണ്. നിലവില്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. അതുകൊണ്ടുതന്നെ ടീമില്‍ വലിയ അഴിച്ചുപണിക്കുള്ള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഡല്‍ഹിയിലേക്ക് രോഹിത് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എന്തായാലും രോഹിത് ശര്‍മ സിഎസ്‌കെയിലേക്ക് പോകില്ലെന്നുറപ്പാണ്. അമ്പാട്ടി റായിഡു, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുംബൈയുടെ പഴയ പുലികളെല്ലാം സിഎസ്‌കെയ്ക്കായി കളിച്ചവരാണ്. എന്നാല്‍ ഈ പട്ടികയിലേക്ക് രോഹിത് എത്തില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.