ഐപിഎല്ലിന്റെ 16 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ്. ഇതുവരെ നടന്ന 16 ടൂര്‍ണമെന്റുകളില്‍ 10 കിരീടവും ഈ രണ്ടു ടീമുകളാണ് പങ്കിട്ടതെന്നു പറയുമ്പോള്‍ തന്നെ എത്ര മാത്രം ആധിപത്യമാണ് ഇവര്‍ പുലര്‍ത്തിയതെന്നു വ്യക്തമാണ്. അഞ്ചു വീതം ട്രോഫികളുമായി ചെന്നൈയും മുംബൈയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് സിഎസ്‌കെ.
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നാണ് മുംബൈ-സിഎസ്‌കെ പോരാട്ടം വിശേഷിപ്പിക്കപ്പെടാറുള്ളത്. വരാനിരിക്കുന്ന സീസണിലേക്കു പുതിയ ചില കളിക്കാരെ ടീമിലേക്കു കൊണ്ടുവന്ന് സിഎസ്‌കെയും മുംബൈയും ആയുധത്തിനു മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. ഇവരില്‍ ആര്‍ക്കാണ് 17ാം സീസണില്‍ ഏറ്റവും മികച്ച സ്‌ക്വാഡുള്ളത്? നമുക്കു വിശദമായി പരിശോധിക്കാം.

നിലവിലെ ജേതാക്കളായ സിഎസ്‌കെയുടെ കാര്യമെടുത്താല്‍ ലേലത്തില്‍ അവര്‍ വാങ്ങിയത് രചിന്‍ രവീന്ദ്ര, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, മുസ്തഫിസുര്‍ റഹ്മാന്‍, അവിനാഷ് റാവു അറാവെല്ലി എന്നിവരെയാണ്. കൃത്യമായ പ്ലാനിങോടെയായിരുന്നു 19നു ദുബായില്‍ നടന്ന ലേലത്തില്‍ സിഎസ്‌കെ ഇറങ്ങിയത്. വളരെ സന്തുലിതമായ സ്‌ക്വാഡാണ് തങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത് എന്ന ആത്മവിശ്വാസത്തിലുമാണ് സിഎസ്‌കെ.
രചിന്റെ വരവ് ബാറ്റിങില്‍ സിഎസ്‌കെ ടോപ് ഓര്‍ഡറിനെ കൂടുതല്‍ ശക്തമാക്കിക്കഴിഞ്ഞു. പക്ഷെ ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ എന്നിവര്‍ നേരത്തേ തന്നെ ടോപ് ഓര്‍ഡറിലുള്ളതിനാല്‍ രചിനെ എവിടെ കളിപ്പിക്കുമെന്നതു ചോദ്യമാണ്. നാലു വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാന്‍ സാധിക്കൂയെന്നതിനാല്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു അവസരം കിട്ടില്ലെന്നു ഏറെക്കുറെ ഉറപ്പായി.
തന്റെ ടീമിലെ ഏറ്റവും മികച്ച കളിക്കാരെ കണ്ടെത്താനും ബെസ്റ്റ് ഇലവനെ തിരഞ്ഞെടുക്കാനും മിടുക്കനാണ് ക്യാപ്റ്റന്‍ എംഎസ് ധോണി. അതുകൊണ്ടു തന്നെ ഇലവനെക്കുറിച്ച് അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടാവുമെന്നുറപ്പാണ്.
മോശമല്ലാത്ത ബൗളിങ് ലൈനപ്പും സിഎസ്‌കെയ്ക്കുണ്ട്. ദീപര്‍ ചാഹര്‍, ടീമിലേക്കു മടങ്ങിയെത്തിയ ശര്‍ദ്ദുല്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ സാന്നിധ്യം സിഎസ്‌കെയ്ക്കു കരുത്താവും. മറ്റൊരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തുകയും മതീശ പതിരാന, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരിലൊരാളെ കളിപ്പിക്കുകയും ചെയ്താല്‍ സിഎസ്‌കെ വളരെ സന്തുലിതമായ ടീമായി മാറുകയും ചെയ്യും.

മുംബൈ ടീമിലേക്കു വന്നാല്‍ ജെറാള്‍ഡ് കോട്‌സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ എന്നിവരെയാണ് ലേലത്തില്‍ ടീമിലേക്കു കൊണ്ടുവന്നത്. ഒരു പാട് കളിക്കാരെ വാങ്ങുകയെന്ന ലക്ഷ്യത്തോടെയല്ല മുംെബേ ലേലത്തിനെത്തിയത്. ബൗളിങായിരുന്നു അവര്‍ക്കു ശക്തിപ്പെടുത്തേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ബൗളര്‍മാരെയാണ് മുംബൈ പ്രധാനമായും നോട്ടമിട്ടത്.
കോട്‌സിയുടെയും മധുഷങ്കയുടെയും വരവ് മുംബൈ ബൗളിങിന്റെ മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കൂടി ചേരുന്നതോടെ മുംബൈ ബൗളിങ് നിര അതിശക്തമായി മാറും. നബിയെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിച്ചാല്‍ അതു ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയും ചെയ്യും.
പക്ഷെ സ്പിന്‍ ബൗളിങ് വിഭാഗം അത്ര മികച്ചതല്ല എന്നതാണ് മുംബൈയുടെ ഏക പ്രശ്‌നം. പിയൂഷ് ചൗളയ്‌ക്കൊപ്പം ശ്രേയസ് ഗോപാലാവും സ്പിന്‍ കൈകാര്യം ചെയ്‌തേക്കുക. ഈ രണ്ടു ടീമുകളില്‍ ആരുടേതാണ് ബെസ്റ്റ് സ്‌ക്വാഡെന്നു ചോദിച്ചാല്‍ രണ്ടും ബാലന്‍സായ ടീം തന്നെയാണെന്നു പറയാം.
എങ്കിലും നേരിയ മുന്‍തൂക്കം മുംബൈയ്ക്കു ആണെന്നു പറഞ്ഞാലും തെറ്റില്ല. മുംബൈ ടീമിന്റെ നട്ടെല്ല് എന്നു പറയാവുന്നത് മികച്ച ഒരുപിടി ഇന്ത്യന്‍ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ്. അവരില്‍ നിന്നും നല്ല സംഭാവനകള്‍ ലഭിച്ചാല്‍ ആറാം കിരീടത്തില്‍ നിന്നും മുംബൈയെ തടഞ്ഞുനിര്‍ത്തുക ദുഷ്‌കരമായി തീരും.