For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി 17ാം സീസണ്‍ കളിക്കുമോ? അതോ പുതിയ റോളോ? സിഇഒ വെളിപ്പെടുത്തുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ നാളെ ആരംഭിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനമൊഴിഞ്ഞത്. ഇത്തവണയും ധോണിക്ക് കീഴില്‍ സിഎസ്‌കെ കളിച്ച് കപ്പ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ തീര്‍ത്തും നിരാശരാക്കുന്ന തീരുമാനമാണ് ധോണിയെടുത്തതെന്ന് പറയാം. ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ തല്‍സ്ഥാനത്തേക്ക് റുതുരാജ് ഗെയ്ക് വാദ് എത്തിയിരിക്കുകയാണ്.

ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ 17ാം സീസണില്‍ അദ്ദേഹം കളിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ധോണിയുടെ നെറ്റ്‌സ് പരിശീലനത്തിന്റെ വീഡിയോയടക്കം വൈറലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങും കീപ്പിങ്ങും ഇനി കാണാനാകില്ലേ?. ഇപ്പോഴിതാ ധോണിയുടെ സിഎസ്‌കെയിലെ പുതിയ റോളിനെക്കുറിച്ച് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ധോണി തീര്‍ച്ചയായും 17ാം സീസണ്‍ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

'എംഎസ് ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമ്മിങ്ങും റുതുരാജ് ഗെയ്ക് വാദും തമ്മില്‍ സംസാരിച്ചിരുന്നു. ധോണി നായകസ്ഥാനം ഒഴിയുന്ന വിവരം ക്യാപ്റ്റന്റെ മീറ്റിങ്ങിലാണ് ഞാന്‍ അറിയുന്നത്. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ അവര്‍ക്ക് വിട്ടിരിക്കുന്നതാണ്. അനാവശ്യമായി ഇക്കാര്യത്തില്‍ ഇടപെടാറില്ല. ഇത്തരമൊരു തീരുമാനം പെട്ടെന്ന് എടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് മാത്രം പറയാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ധോണി റുതുവും ഫ്‌ളമിങ്ങുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഇത്തവണത്തെ ധോണിയുടെ റോള്‍ റുതുരാജിന് വെളിച്ചം കാട്ടുകയെന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇത്തവണയും അദ്ദേഹം ടീമിനൊപ്പം തുടരും. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താല്‍പര്യവും ഇതാണ്. ധോണി നെറ്റ്‌സില്‍ മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്' ടൈംസ് നൗവിനോട് സംസാരിക്കവെ കാശി വിശ്വനാഥ് പറഞ്ഞു. ഇത്തവണ ധോണി കളിക്കുമെന്ന കാര്യത്തില്‍ കാശി വിശ്വനാഥ് ഉറപ്പ് പറയുന്നു. എന്നാല്‍ പരിശീലകന്‍ ഈ ഉറപ്പ് നല്‍കിയിട്ടില്ല.

ms dhoni

അവസാന സീസണില്‍ത്തന്നെ ധോണിയുടെ കാലിന് പരിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ സാഹസപ്പെട്ടാണ് അദ്ദേഹം അവസാന സീസണ്‍ കളിച്ചത്. പല മത്സരങ്ങളിലും ധോണിയെ വേദന ബാധിച്ചതിനാല്‍ ബാറ്റിങ് ഓഡറില്‍ വളരെയധികം പിന്നോട്ടിറങ്ങിയാണ് അദ്ദേഹം കളിച്ചിരുന്നത്. ഈ സീസണില്‍ ധോണി എല്ലാ മത്സരവും കളിക്കാന്‍ സാധ്യതയില്ല. ധോണി നെറ്റ്‌സില്‍ മികച്ച പ്രകടനം കളിക്കുന്നുണ്ടെങ്കിലും ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ മാത്രമാവും ധോണി കളിക്കുക.

ടീമിന്റെ അവസ്ഥയും മത്സരത്തിന്റെ സാഹചര്യവും നോക്കി ധോണിക്ക് വിശ്രമം നല്‍കിയേക്കും. ഇംപാക്ട് പ്ലയറായി ധോണിയെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഈ സീസണോടെ ധോണി കളിക്കാരനെന്ന നിലയിലെ കരിയറിന് വിരാമമിട്ടേക്കും. പിന്നീടും ധോണി സിഎസ്‌കെ ടീമിനൊപ്പം തുടരുമെന്നുറപ്പാണ്. നിലവില്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ന്യൂസീലന്‍ഡുകാരനായ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ്. ഏറെ നാളുകളായി സിഎസ്‌കെയ്‌ക്കൊപ്പം ഫ്‌ളമിങ്ങുണ്ട്.

എന്നാല്‍ ന്യൂസിലന്‍ഡ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഫ്‌ളമിങ്ങിന് വിളി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ധോണിയെത്താനാണ് സാധ്യത കൂടുതല്‍. എന്തായാലും സിഎസ്‌കെയ്ക്ക് നിലവിലെ നിലവാരത്തില്‍ മുന്നോട്ട് പോകാന്‍ ധോണിയുടെ സാന്നിധ്യം ടീമിലുണ്ടായേ മതിയാകൂ. ധോണി ഉപദേഷ്ടാവും പരിശീലകനായി മറ്റൊരാളും എത്തിയാല്‍ അഭിപ്രായ ഭിന്നതക്ക് സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ധോണിയെ മുഖ്യ പരിശീലകനാക്കിത്തന്നെ മുന്നോട്ട് പോകാനാവും സിഎസ്‌കെ ആഗ്രഹിക്കുക. റുതുരാജ് ഗെയ്ക് വാദ് പരിചയസമ്പത്തില്ലാത്ത നായകനാണ്. സിഎസ്‌കെ പോലൊരു വലിയ ടീമിനെ മുന്നോട്ട് കൊണ്ടുപോവുക കടുപ്പമാണ്. രവീന്ദ്ര ജഡേജപോലും മുട്ടുകുത്തിയ റോളാണിത്. അതുകൊണ്ടുതന്നെ റുതുരാജിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാം.

Story first published: Thursday, March 21, 2024, 22:25 [IST]
Other articles published on Mar 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+