ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് 5 വിക്കറ്റിന് 185 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 5 വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സി രാജസ്ഥാന്റെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായിരുന്നു.
അവസാന ഓവറില്‍ 17 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്കെല്ലാം ഓരോ ഓവര്‍ ബാക്കിയുള്ളപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് ആവേശ് ഖാന് സഞ്ജു പന്ത് നല്‍കുന്നത്. ഐപിഎല്ലിലെ ചെണ്ട ബൗളര്‍ വിശേഷണമുള്ള താരമാണ് ആവേശ് ഖാന്‍. അതുകൊണ്ടുതന്നെ അവസാന ഓവറില്‍ സഞ്ജു ആവേശിനെ പന്തേല്‍പ്പിച്ചത് മണ്ടത്തരമായെന്നാണ് ആരാധകര്‍ പ്രതികരിച്ചത്.
പക്ഷെ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആവേശ് എല്ലാവരേയും ഞെട്ടിച്ച് രാജസ്ഥാന് ത്രില്ലിങ് ജയം നേടിക്കൊടുത്തു. ബോള്‍ട്ടിനെയടക്കം തഴഞ്ഞ് എന്തിനാണ് ആവേശ് ഖാനെ സഞ്ജു പന്തേല്‍പ്പിച്ചതെന്ന ചോദ്യം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഇപ്പോഴിതാ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ചിരിക്കുകയാണ് പേസര്‍ ആവേശ് ഖാന്.
സഞ്ജു സാംസണ്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നായകനാണെന്നും അനാവശ്യമായ ഇടപെടല്‍ നടത്താതെ പന്തെറിയാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമെന്നുമാണ് ആവേശ് പറയുന്നത്. 'സഞ്ജു സാംസണ്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ്. എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നോ അവിടെ പന്തെറിയാനാണ് സഞ്ജു പറഞ്ഞത്. എന്റെ പദ്ധതികള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ മാത്രമാണ് സഞ്ജു സഹായിക്കാനെത്തുന്നത്.

ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ഫീല്‍ഡ് സെറ്റ് ചെയ്തിരിക്കുന്നതും ഏത് പന്തെറിയണമെന്നും അവന്‍ പറയാറുണ്ട്. യോര്‍ക്കറുകളെറിയാന്‍ കഠിനമായ പരിശീലനം നടത്തിയിരുന്നു. മത്സരത്തില്‍ കൃത്യമായ ലൈനും ലെങ്തും ഉപയോഗിക്കാനാണ് ശ്രമിക്കാറുള്ളത്. തന്ത്രങ്ങള്‍ ഫലം കാണുന്നത് വലിയ ആത്മസംതൃപ്തി നല്‍കുന്നു' ആവേശ് പറഞ്ഞു. അവസാന ഓവറില്‍ ഓഫ് സൈഡ് യോര്‍ക്കറുകളെന്ന പതിവ് പദ്ധതിയാണ് ആവേശ് ഉപയോഗിച്ചത്.
എല്ലാ ബൗളര്‍മാരും സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഉപയോഗിക്കുന്ന തന്ത്രമിതാണ്. എന്നാല്‍ എത്രത്തോളം ഫലപ്രദമായി ഇത് നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. ആവേശ് ഖാന് ഇത് കൃത്യമായി നടപ്പിലാക്കാനായി. ട്രിസ്റ്റന്‍ സ്റ്റബ്‌സും അക്ഷര്‍ പട്ടേലും കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇരുവരും ക്രീസില്‍ നില്‍ക്കവെ ആവേശിന്റെ ബൗളിങ് പ്രകടനം വളരെ കൃത്യതയോടെയുള്ളതായിരുന്നു. ഇത് ടീമിനെ വിജയത്തിലേക്കുമെത്തിച്ചു.
ഇന്ത്യക്കായി ഇതിനോടകം കളിച്ചിട്ടുള്ള താരമാണ് ആവേശെങ്കിലും തല്ലുകൊള്ളി പ്രകടനം തുടര്‍ന്നതോടെ നിലവില്‍ ടീമിന് പുറത്താണ്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷകളും ആവേശ് പങ്കുവെച്ചു. 'ആരുമായും മത്സരിക്കാന്‍ ഞാനില്ല. എന്റെ ജോലി മികച്ച പ്രകടനത്തോടെ ടീമിനെ ജയിപ്പിക്കുകയെന്നതാണ്. ടീം തിരഞ്ഞെടുപ്പ് എന്റെ കൈയിലുള്ള കാര്യമല്ല. ഷെയ്ന്‍ ബോണ്ട്, കുമാര്‍ സംഗക്കാര, സഞ്ജു സാംസണ്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി എന്നെ സഹായിക്കുന്നുണ്ട്' ആവേശ് കൂട്ടിച്ചേര്‍ത്തു.
ഇടം കൈയന്‍ അക്ഷര്‍ പട്ടേല്‍ ക്രീസിലുള്ളപ്പോള്‍ ട്രന്റ് ബോള്‍ട്ടിനെ പന്തേല്‍പ്പിക്കുന്നത് അല്‍പ്പം സാഹസികമായിരിക്കുമെന്ന് സഞ്ജു വിലയിരുത്തി. ഇതാണ് സഞ്ജു ആവേശിനെ വിശ്വസിക്കാന്‍ കാരണം. എന്തായാലും ഈ തീരുമാനം തെറ്റിയില്ല. ഭാഗ്യം സഞ്ജുവിനെയും ആവേശിനേയും തുണച്ചു. വരുന്ന മത്സരങ്ങളിലും ഇതേ വിജയക്കുതിപ്പ് തുടരാന്‍ സഞ്ജുവിനും സംഘത്തിനും സാധിക്കുമോയെന്നത് കണ്ടറിയാം.