മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയ വഴിയില്‍ മുന്നോട്ട് പോവുകയാണ്. പഞ്ചാബ് കിങ്‌സിനെ 3 വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 8 വിക്കറ്റിന് 147 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 1 പന്തും 3 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ഷിംറോന്‍ ഹെറ്റ്‌മെയറുടെ തകര്‍പ്പന്‍ ഫിനിഷിങ്ങാണ് രാജസ്ഥാന് വിജയമൊരുക്കിയത്. മത്സരത്തിനിടെ രസകരമായ പല കാര്യങ്ങളും സംഭവിച്ചിരുന്നു.
അതിലൊന്ന് ഫീല്‍ഡിങ്ങിനിടെ ഉണ്ടായ അബദ്ധങ്ങളാണ്. പഞ്ചാബ് ബാറ്റു ചെയ്യവെ സഞ്ജു സാംസണും കുല്‍ദീപ് സെന്നും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവുകയും ക്യാച്ചവരം നഷ്ടമായേക്കുമെന്ന് തോന്നിക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ നാലാം ഓവറിലാണ് സംഭവം. ആവേശ് ഖാന്റെ പന്തില്‍ പഞ്ചാബ് ഓപ്പണര്‍ അധര്‍വ തെയ്‌ദെ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് പിഴച്ചു. പിന്നിലേക്ക് ഉയര്‍ന്ന പന്ത് ഞാന്‍ പിടിക്കാമെന്ന് സഞ്ജു കോള്‍ ചെയ്തു.
എന്നാല്‍ ഇത് ശ്രദ്ധിക്കാതെ എത്തിയ കുല്‍ദീപ് സെന്‍ ഈ പന്ത് ക്യാച്ചാക്കി. സഞ്ജു എടുക്കേണ്ട ക്യാച്ചാണ് കുല്‍ദീപ് അപ്രതീക്ഷിതമായി എടുത്തത്. വിക്കറ്റ് ലഭിച്ചെങ്കിലും കുല്‍ദീപിന്റെ അശ്രദ്ധമായ ഇടപെടല്‍ ആവേശ് ഖാനെ ചൊടിപ്പിച്ചു. കൈ ചൂണ്ടി കുല്‍ദീപിനെ ആവേശ് ശകാരിച്ചു. ദേഷ്യത്തോടെയാണ് ആവേശ് പ്രതികരിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം കൂളായി. കുല്‍ദീപിന്റെ ഇടപെടല്‍ മൂലം ക്യാച്ച് നഷ്ടമാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയാം.
മത്സരത്തിനിടെ മറ്റൊരു ക്യാച്ചവസരം ഇങ്ങനെ നഷ്ടമാവുകയും ചെയ്തു. പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അഷുതോഷ് ശര്‍മയെ 9 റണ്‍സില്‍ പുറത്താക്കാന്‍ രാജസ്ഥാന് അവസരം ലഭിച്ചു. ആവേശ് ഖാന്റെ ഓവറില്‍ ആവേശ് ഖാനെടുക്കേണ്ട ക്യാച്ച് സഞ്ജു സാംസണിന്റെ അനാവശ്യ ഇടപെടല്‍ മൂലം നഷ്ടമാവുകയായിരുന്നു. ഇതിന് രാജസ്ഥാന്‍ വലിയ വില നല്‍കേണ്ടിയും വന്നു. 16 പന്തില്‍ 31 റണ്‍സുമായി അഷുതോഷ് പുറത്താവാതെ നിന്നു.

ഇതാണ് പഞ്ചാബിനെ 147 എന്ന പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. എന്നാല്‍ സഞ്ജുവിന്റെ ഇടപെടല്‍ മൂലം ക്യാച്ച് നഷ്ടമായപ്പോള്‍ ആവേശ് ഖാന്‍ ചിരിക്കുകയാണ് ചെയ്തത്. അത് എന്റെ ക്യാച്ചാണെന്ന് ആവേശ് സഞ്ജുവിനോട് പറയുകയും ചെയ്തു. നായകനെന്ന നിലയില്‍ സഞ്ജുവിനെ ബഹുമാനിക്കുകയാണ് ആവേശ് ചെയ്തത്. അഷുതോഷിന്റെ വിക്കറ്റ് 9 റണ്‍സില്‍ നേടിയിരുന്നെങ്കില്‍ പഞ്ചാബ് 130നുള്ളില്‍ ഒതുങ്ങാനുള്ള സാധ്യത ഏറെയായിരുന്നു.
മത്സരം രാജസ്ഥാന്‍ തോറ്റിരുന്നെങ്കില്‍ സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയരാന്‍ അത് കാരണമായേനെ. എന്നാല്‍ ഷിംറോന്‍ ഹെറ്റ്‌മെയറുടെ തകര്‍പ്പന്‍ പ്രകടനം രാജസ്ഥാന് ജയമൊരുക്കുകയായിരുന്നു. 10 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 27 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ നേടി ഹെറ്റ്‌മെയര്‍ രാജസ്ഥാന് ത്രില്ലിങ് ജയം നേടിക്കൊടുക്കുകയായിരുന്നു.
ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ രണ്ട് ടീമിന്റേയും ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. പഞ്ചാബ് നിരയില്‍ ജിതേഷ് ശര്‍മ 24 പന്തില്‍ 29 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ലിയാം ലിവിങ്സ്റ്റണ്‍ 14 പന്തില്‍ 21 റണ്‍സാണ് നേടിയത്. റണ്ണൗട്ടായാണ് താരത്തിന്റെ മടക്കം. രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചു.
28 പന്തില്‍ 39 റണ്‍സുമായി യശ്വസി ജയ്‌സ്വാള്‍ മത്സരത്തിലെ ടോപ് സ്‌കോററായി. റിയാന്‍ പരാഗ് 18 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ റോവ്മാന്‍ പവല്‍ 5 പന്തില്‍ 11 റണ്‍സുമായി വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.