അഹമ്മദാബാദ്: കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ 17ാം സീസണിന്റെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ്. ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമിന് ഫൈനലിലേക്കെത്താന്‍ ഒരവസരം കൂടി മുന്നിലുണ്ട്. അതേ സമയം എലിമിനേറ്ററില്‍ കാര്യങ്ങള്‍ അങ്ങനെയല്ല.
തോല്‍ക്കുന്ന ടീം പുറത്താകും. അതുകൊണ്ട് ആര്‍സിബി-ആര്‍ആര്‍ പോരാട്ടത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് ടീമിനും വലിയ ആരാധക പിന്തുണയുണ്ട്. ഒരുവശത്ത് മലയാളിയായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ കപ്പ് നേടണമെന്ന് ആഗ്രഹിക്കുമ്പോള്‍ വിരാട് കോലിയെന്ന ഇതിഹാസ താരത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കാന്‍ ആര്‍സിബി കിരീടത്തിലേക്ക് എത്തേണ്ടതായുണ്ട്. ആരാവും ഇത്തവണ എലിമിനേറ്റര്‍ കടമ്പ കടക്കുക?
ഇപ്പോഴിതാ ഇത്തവണത്തെ എലിമിനേറ്റര്‍ ജേതാവ് ആരാവുമെന്നത് ജ്യോതിഷി പ്രവചിച്ചിരിക്കുകയാണ്. സമയം അനുസരിച്ച് ആര്‍സിബിക്കാണ് കൂടുതല്‍ ജയ സാധ്യതയെന്നാണ് ജ്യോതിഷി പറയുന്നത്. സഞ്ജു സാംസണിന്റെ സമയം ഇപ്പോള്‍ മോശമാണ്. സഞ്ജുവിന്റെ നല്ല സമയം അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ സമ്മര്‍ദ്ദവും ദുര്‍ഘടവും നേരിടുന്ന സമയമാണ് സഞ്ജുവിന്റേത്. ഭാഗ്യം വളരെ അകലെയാണ് നില്‍ക്കുന്നത്. രാശികളെല്ലാം സഞ്ജുവിന് എതിരാണ്.
കിരീട ഭാഗ്യം സഞ്ജുവിന് ഇല്ലെന്നാണ് ഇന്‍സ്റ്റ ആസ്‌ട്രോയെന്ന ജ്യോതിഷ പേജിലൂടെ ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. ആര്‍സിബി ഇത്തവണ കിരീടം നേടാന്‍ പോലും സാധ്യതയുണ്ടെന്നും ഏറ്റവും മികച്ച സമയത്തിലൂടെയാണ് ടീം കടന്ന് പോകുന്നതെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിന്റെ രാജസ്ഥാന്‍ ആദ്യ പാദത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ അവസാന നാല് മത്സരത്തിലും തോറ്റാണ് ടീം എത്തുന്നത്.

പ്ലേ ഓഫിന് മുമ്പ് ഒരു ജയം നേടി രാജസ്ഥാന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. മഴ വില്ലനായെത്തിയതോടെ രാജസ്ഥാന്റെ അവസാന ലീഗ് മത്സരം ഉപേക്ഷിക്കപ്പെട്ടു. ഇതോടെ വലിയ സമ്മര്‍ദ്ദത്തോടെയാവും രാജസ്ഥാന്‍ പ്ലേ ഓഫിലിറങ്ങുക. ജോസ് ബട്‌ലര്‍ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങി. ഇതോടെ രാജസ്ഥാന്റെ സമ്മര്‍ദ്ദം ഇരട്ടിച്ചു. പ്ലേ ഓഫില്‍ ബട്‌ലറുടെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിച്ചേക്കും.
അതേ സമയം ആര്‍സിബി അത്ഭുത കുതിപ്പാണ് അവസാന മത്സരങ്ങളില്‍ നടത്തിയത്. ലീഗ് ഘട്ടത്തില്‍ 8ല്‍ 7 മത്സരത്തിലും ആര്‍സിബി തോറ്റിരുന്നു. എന്നാല്‍ അവസാനം കളിച്ച ആറ് മത്സരത്തിലും ആര്‍സിബിക്ക് ജയിക്കാനായി. ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയുടെ മികച്ച ഫോമാണ്. സിഎസ്‌കെയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തിലടക്കം കോലിക്ക് കസറാനായിരുന്നു. കോലിയെ പിടിച്ചുകെട്ടുകയെന്നതുകൊണ്ട് മാത്രം ആര്‍സിബിയെ തളക്കാനാവില്ല.
ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, ദിനേഷ് കാര്‍ത്തിക്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ബൗളര്‍മാര്‍ ഇത്തവണ ആര്‍സിബിക്കായി ശോഭിക്കുന്നു. യഷ് ദയാല്‍, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ കൂട്ടുകെട്ട് രാജസ്ഥാന് വലിയ തലവേദനയാവും. രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ടീം വളരെയധികം പ്രതീക്ഷവെക്കുന്നു. ഇതിന്റെ സമ്മര്‍ദ്ദം സഞ്ജുവിനെ വേട്ടയാടുന്നുണ്ട്.
സഞ്ജുവിന്റെ അവസാന മത്സരങ്ങളിലെ പ്രകടനവും മോശമാണ്. മധ്യനിരയില്‍ ഷിംറോന്‍ ഹെറ്റ്‌മെയറുടെ അഭാവവും രാജസ്ഥാനെ തളര്‍ത്തുന്നു. എന്നാല്‍ ബൗളിങ് മികവില്‍ രാജസ്ഥാന്‍ ഒരുപടി മുന്നിലാണ്. സന്ദീപ് ശര്‍മക്ക് കോലിക്കെതിരേ മികച്ച റെക്കോഡുണ്ട്. ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവരും പേസ് നിരയില്‍ കരുത്ത് പകരുമ്പോള്‍ സ്പിന്‍ കരുത്ത് പകരാന്‍ ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചഹാലുമുണ്ട്. ഭാഗ്യം ആര്‍സിബിയെ പിന്തുണക്കുമ്പോള്‍ രാജസ്ഥാന്‍ എങ്ങനെ തിരിച്ചുവരുമെന്ന് കണ്ടറിയാം.