അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ എല്ലാവരും ആകാംക്ഷയോടെ നോക്കിക്കാണുന്ന ടീമുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ അരങ്ങേറ്റ സീസണില്‍ കപ്പടിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാവുകയും ചെയ്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഇപ്പോള്‍ ഹാര്‍ദിക് ടീം വിട്ടതോടെ ശുബ്മാന്‍ ഗില്ലിന് കീഴില്‍ ഇറങ്ങാനൊരുങ്ങുകയാണ് ഗുജറാത്ത്.
ഹാര്‍ദിക് ടീം വിട്ടതോടൊപ്പം മുഹമ്മദ് ഷമിയുടെ പരിക്കും ഗുജറാത്ത് ടൈറ്റന്‍സിനെ പിന്നോട്ടടിക്കുന്നു. എന്നാല്‍ മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഗുജറാത്തിനൊപ്പമുണ്ട്. ഇപ്പോഴിതാ ഇത്തവണത്തെ ഗുജറാത്തിന്റെ തുറുപ്പുചീട്ട് ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റ. ശുബ്മാന്‍ ഗില്ലിനേയും റാഷിദ് ഖാനേയുമല്ല പുതിയതായി ടീമിലേക്കെത്തിയ ഷാരൂഖ് ഖാനെയാണ് തുറുപ്പുചീട്ടായി നെഹ്‌റ പറയുന്നത്.
'ഇത്തവണ ഷാരൂഖ് ഖാനെ പ്രധാന അഭിനേതാവായാണ് ഞങ്ങള്‍ കളത്തിലിറക്കാന്‍ പോകുന്നത്. ഫിനിഷര്‍ റോളിലാവും ഷാരൂഖ് കളിക്കുക. ഐപിഎല്‍ വളരെ ദീര്‍ഘമായ ടൂര്‍ണമെന്റാണ്. മൂന്നോ നാലോ മത്സരങ്ങള്‍ക്കൊണ്ട് അവസാനിക്കില്ല. മെയ്യിലും ജൂണിലും കാലാവസ്ഥ സാഹചര്യം അത്ര അനുകൂലമല്ല. താരങ്ങള്‍ക്ക് വളരെ പ്രയാസമാണ്. പ്രധാനമായും പേസ് ബൗളര്‍മാര്‍ക്ക്. പരിക്കിനുള്ള സാധ്യതയും ഉയരും. എല്ലാ താരങ്ങളും വളരെ പ്രധാനപ്പെട്ടവരാണ്.
അതുപോലെ തന്നെ അനുഭവസമ്പത്തുള്ളവരും. അസ്മത്തുല്ല ഒമര്‍സായ് പ്രതിഭാശാലിയായ ഓള്‍റൗണ്ടറാണ്. അവന് മികച്ച സീസണായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്' നെഹ്‌റ പറഞ്ഞു. ഗുജറാത്തിനെ സംബന്ധിച്ച് ഹാര്‍ദിക്കിന്റെ വിടവ് നികത്തുക എളുപ്പമല്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്ന താരമാണ് ഹാര്‍ദിക്. നായക മികവില്‍ ഗുജറാത്തിന് പകരക്കാരെ കണ്ടെത്താനായേക്കും. എന്നാല്‍ ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവിന് പകരക്കാരെ കണ്ടെത്തുക കടുപ്പമാണ്.

മുഹമ്മദ് ഷമി അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബൗളറാണ്. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ ഷമിക്ക് അസാധ്യ കഴിവുണ്ട്. ഷമിയുടെ അഭാവത്തില്‍ ന്യൂബോളില്‍ ആരെ ഉത്തരവാദിത്തം ഏല്‍പ്പിക്കുമെന്നത് വലിയ ചോദ്യമാണ്. ഉമേഷ് യാദവ് സീനിയര്‍ പേസറായി ഗുജറാത്തിലുണ്ട്. ന്യൂബോളില്‍ ഉമേഷ് ഭേദപ്പെട്ട പ്രകടനം നടത്തിയേക്കും. എന്നാല്‍ മധ്യ ഓവറുകളിലും ഡെത്തോവറിലും തല്ലുകൊള്ളിയാണ്. വിശ്വസിക്കാന്‍ സാധിക്കാത്ത ബൗളറാണ് ഉമേഷ്.
സ്‌പെന്‍സര്‍ ജോണ്‍സണില്‍ നെഹ്‌റ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. മോഹിത് ശര്‍മക്ക് അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. നിലവില്‍ ടീമിന്റെ പേസ് ബൗളിങ് നിര ദുര്‍ബലമാണ്. നെഹ്‌റയുടെ പരിശീലനത്തില്‍ ഇവര്‍ക്ക് മെച്ചപ്പെടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അതേ സമയം ഗുജറാത്തിന്റെ സ്പിന്‍ നിരയെ എല്ലാവരും ഭയക്കും. റാഷിദ് ഖാന്റെ ബൗളിങ് ഗുജറാത്തിന്റെ വജ്രായുധമാണ്.
നൂര്‍ അഹമ്മദ്, സായ് കിഷോര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാത്തിയ എന്നിവരെല്ലാം സ്പിന്‍ നിരയില്‍ റാഷിദിന് പിന്തുണ നല്‍കുന്നു. ബാറ്റിങ് നിരയില്‍ വിശ്വസ്തരായ താരങ്ങളുടെ കുറവ് ഗുജറാത്തിനുണ്ട്. സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, മാത്യു വേഡ്, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം എത്രത്തോളം സ്ഥിരതയോടെ മികവ് കാട്ടുമെന്നതാണ് അറിയേണ്ടത്. ഹാര്‍ദിക്കിന്റെ അഭാവം നിഴലിച്ച് നില്‍ക്കുന്നുണ്ട്.
ശുബ്മാന്‍ ഗില്‍ അനുഭവസമ്പത്തില്ലാത്ത നായകനാണ്. എന്നാല്‍ ഹാര്‍ദിക്കിനെപ്പോലെ മികച്ച നായകനായി വളരാന്‍ ശുബ്മാന് സാധിക്കുമെന്നാണ് നെഹ്‌റ പറയുന്നത്. പക്ഷെ നായകന്റെ സമ്മര്‍ദ്ദം ശുബ്മാനെ ബാധിച്ചാല്‍ ഗുജറാത്ത് പിന്നോട്ട് പോകാനുള്ള സാധ്യത കൂടും. മികച്ച തുടക്കം ഗുജറാത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നായകനായിരുന്ന് ഓപ്പണിങ്ങില്‍ കസറാന്‍ ഗില്ലിന് സാധിക്കാതെ പോയാല്‍ അത് വലിയ തിരിച്ചടിയായി മാറിയേക്കും.